Saturday 20 July 2019 12:24 PM IST

‘അന്ന് ആയിരം രൂപ തികച്ചെടുക്കാൻ ഞങ്ങളുടെ കയ്യിൽ ഇല്ലായിരുന്നു! അപ്പോഴാണ് റിമി അതു പറഞ്ഞത്...’: മനസ്സ് തുറന്ന് മഞ്ജു സുനിച്ചൻ

V.G. Nakul

Sub- Editor

m1

അൽപ്പം കുശുമ്പും കുന്നായ്മയുമൊക്കെയുള്ള ഒരു നാട്ടുമ്പുറത്തുകാരി, വാതോരാതെ സംസാരിക്കുന്ന, നിഷ്കളങ്കമായി സങ്കടപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന തനി ഗ്രാമീണ. ഇങ്ങനെയൊരു കഥാപാത്രത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും മനസ്സിൽ ഇപ്പോൾ തെളിയുക മഞ്ജു സുനിച്ചന്റെ മുഖമാണ്. ‘ടമാർ പഠാർ’, ‘മഹേഷിന്റെ പ്രതികാരം’, ‘മുന്തിരിവള്ളികള്‍ തളിർക്കുമ്പോൾ’, ‘കുട്ടിമാമ’, ‘തൊട്ടപ്പൻ’ എന്നിങ്ങനെ, അതീവ സ്വാഭാവികമായ പ്രകടനത്തിലൂടെ മഞ്ജു കയ്യടി വാരിയ സിനിമകളും കഥാപാത്രങ്ങളുമെത്രയോ...

ചുരുങ്ങിയ കാലത്തിനിടെ, ആമുഖങ്ങൾ ആവശ്യമില്ലാത്ത പരിചിതമുഖമായി മഞ്ജു മാറി. ‘മഴവിൽ മനോരമ’യിലെ, ജനപ്രിയ റിയാലിറ്റി ഷോ ‘വെറുതെ അല്ല ഭാര്യ’യിൽ ഭർത്താവ് സുനിച്ചനൊപ്പം സമ്മാനം നേടിയാണ് മഞ്ജു പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. തുടർന്ന് ഹിറ്റ് പരമ്പരയായ ‘മറിമായ’ത്തിന്റെ ഭാഗമായി. അവിടെ നിന്നാണ് സിനിമയിലേക്കുള്ള സജീവമായ കടന്നു വരവ്.

‘വെറുതേ അല്ല ഭാര്യ’യുടെ ഫൈനലിൽ സമ്മാനിതരായി നിൽക്കവേ, മഞ്ജു തുറന്നു പറഞ്ഞത്, പരിപാടിയുടെ ഓഡിഷനിൽ പങ്കെടുക്കാൻ എത്തുമ്പോൾ തങ്ങളുടെ കയ്യിൽ 1000 രൂപ പോലും തികച്ചെടുക്കാൻ ഉണ്ടായിരുന്നില്ല എന്നാണ്. ആ വേദിയിൽ വച്ച് ഗായിക റിമി ടോമി പ്രവചിച്ചതും വെറുതെയായില്ല, ‘മഞ്ജുവും സുനിച്ചനും ഉറപ്പായും സിനിമയിലെത്തും...’. ആ വാക്കുകൾ പൊന്നായതിന്റെ സന്തോഷത്തിൽ, സിനിമ–വ്യക്തി ജീവിതത്തിലെ പുത്തൻ വിശേഷങ്ങളെക്കുറിച്ച് മഞ്ജു ‘വനിത ഓൺലൈനോ’ട് മനസ്സ് തുറക്കുന്നു.

m3

തുടക്കത്തിന്റെ ചക്രം

സിനിമയിൽ സജീവമായിട്ട് 5 വർഷത്തോളമായി. ഇതിനോടകം 30–35 സിനിമകളിൽ അഭിനയിച്ചു. എന്റെ ആദ്യ സിനിമ ലോഹിതദാസ് സാർ സംവിധാനം ചെയ്ത ‘ചക്ര’മാണ്. പഠിക്കുന്ന കാലത്താണ് അതിൽ അഭിനയിച്ചത്. ഞാൻ ഡാൻസ് ചെയ്യുന്നതിന്റെ ഒരു ഫോട്ടോ കണ്ട് വിളിച്ചതാണ്.

സിനിമ ഒരിക്കലും മനസ്സിലുണ്ടായിരുന്നില്ല. എല്ലാം യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു. ‘വെറുതേ അല്ല ഭാര്യ’യാണ് ജീവിതം മാറ്റി മറിച്ചത്.

മാറ്റത്തിന്റെ മറിമായം

‘വെറുതേ അല്ല ഭാര്യ’ കഴിഞ്ഞ് ‘മറിമായം’ ചെയ്യുമ്പോഴാണ് മണികണ്ഠൻ പട്ടാമ്പി വഴി, അദ്ദേഹം തിരക്കഥയെഴുതിയ ‘ഓടും രാജ ആടും റാണി’ എന്ന ചിത്രത്തിൽ അഭിനയിച്ചത്. പക്ഷേ, ആദ്യം റിലീസായത് ‘ടമാർ പഠാർ’ ആണ്.

എന്നെ തേടി വരുന്നതിൽ അധികവും കോമഡി ക്യാരക്ടറുകളാണ്. ഇപ്പോൾ സിനിമ കൊണ്ടു ജീവിക്കാം എന്ന ധൈര്യമുണ്ട്.

വേണ്ടെന്നു വച്ച നൃത്തം

4 – ാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പ്രീഡിഗ്രി വരെ ഡാൻസ് പഠിച്ചിരുന്നു. നൃത്തം ചെയ്യുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമൊക്കെ വലിയ ആവേശമായിരുന്നു. വിവാഹം കഴിഞ്ഞതോടെ ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ ഡാന്‍സ് വിട്ടു. സുനിച്ചൻ എല്ലാക്കാലത്തും എന്റെ ഇഷ്ടങ്ങളെ പിന്തുണയ്ക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ആളാണ്. പക്ഷേ, സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. ഇപ്പോൾ, വീണ്ടും നൃത്തരംഗത്തേക്കു മടങ്ങി വരണമെന്ന് ആഗ്രഹമുണ്ട്.

എനിക്കു വേണ്ടി ജീവിക്കുന്നവർ

എറണാകുളം കിഴക്കമ്പലമാണ് എന്റെ നാട്. പപ്പ കടവന്ത്രയിൽ ചുമട്ടുതൊഴിലാളിയാണ്. അമ്മ റീത്ത വീട്ടമ്മ. അനിയൻ മനു ഇപ്പോൾ ഡൽഹിയിൽ നഴ്സ്.

വളരെ സാധാരണ കുടുംബം. പക്ഷേ, എന്റെ കലാപരമായ താൽപര്യങ്ങളെ പ്രോത്സാഹിപ്പിക്കാനും പഠിപ്പിക്കാനുമൊക്കെ അമ്മയും പപ്പയും എന്നും മുന്നിൽ നിന്നു. കടം മേടിച്ചായാലും പാട്ടിനും ഡാൻസിനുമൊക്കെ കൊണ്ടു പോയിരുന്നു. മകൾ മത്സരങ്ങളിൽ പങ്കെടുക്കുന്നതും സമ്മാനം വാങ്ങുന്നതുമൊക്കെ അവർക്കു വലിയ അഭിമാനവും സന്തോഷവുമായിരുന്നു.

സുനിച്ചന്റെ നാട് കോട്ടയത്ത് കഞ്ഞിക്കുഴിയിലാണ്. റിഥം കമ്പോസറാണ് സുനിച്ചൻ.

ടീച്ചറും കുട്ടികളും

ഞാൻ ബിഎഡ് വരെ പഠിച്ചു. കുറച്ചുകാലം കോട്ടയത്ത് മൗണ്ട് കാർമൽ സ്കൂളിൽ പഠിപ്പിച്ചിരുന്നു. അന്നു ഞാൻ പഠിപ്പിച്ച കുഞ്ഞുങ്ങളൊക്കെ ഇപ്പോള്‍ കൊളേജിലായി. പലരും, ‘മിസിന് എന്നെ ഓർമയുണ്ടോ, ഞാൻ ഇന്ന ആളാണെന്നൊക്കെ’ മെസേജ് അയക്കും.

m2

മകന്റെ പേരിൽ വിദ്യാഭ്യാസം

മോൻ എഡ് ബർണാഡ്. എഡ്യൂക്കേഷന്‍ എന്നതിന്റെ ആദ്യ രണ്ടക്ഷരം വച്ചാണ് എഡ് എന്നു പേരിട്ടത്. മോന്റെ പേര് വ്യത്യസ്തമായിരിക്കണം എന്ന് ഞങ്ങൾക്ക് നിർബന്ധമായിരുന്നു. സുനിച്ചന്റെ ഒരു കസിനാണ് ഈ പേര് നിർദേശിച്ചത്. സുനിച്ചന്റെ അച്ഛന്റെ പേരാണ് ബർണാഡ്.

എനിക്കു വേണ്ടി ഞാൻ

വെറുതേ അല്ല ഭാര്യയിൽ വരുമ്പോൾ ഞാൻ 88 കിലോയുണ്ട്. നീളം കുറവായതിനാൽ തടി കൂടി ‘ബോൾ’ പോലെയായി. എനിക്ക് എന്നെ ഇഷ്ടപ്പെടണമല്ലോ, അപ്പോഴല്ലേ മറ്റുള്ളവർ ഇഷ്ടപ്പെടൂ. മാത്രമല്ല, വണ്ണം കൂടി കാലിൽ വേദനയും തുടങ്ങി. അതോടെ തടി കുറയ്ക്കാൻ തന്നെ തീരുമാനിച്ചു. ഡയറ്റാണ് ഫോളോ ചെയ്തത്. 11 കിലോ കുറച്ചു. ഇപ്പോൾ 75 ല്‍ എത്തി നിൽക്കുന്നു. ഇത് മെയിന്റെയ്ൻ ചെയ്യാനാണ് തീരുമാനം. വണ്ണം കുറച്ചപ്പോൾ സിനിമയിൽ അവസരം കുറഞ്ഞോ എന്നൊരു സംശയമുണ്ട്. എന്നാലും സാരമില്ല.....

Tags:
  • Celebrity Interview