Wednesday 18 January 2023 10:13 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ആശാന്‍ കെ.പി. സുരേഷ് ആയിരുന്നല്ലോ, ഇന്നലെയും 500രൂപ മേടിച്ചോണ്ട് പോയി’: കെ.പി. സുനന്ദയുടെ കത്ത്

manju-warrier

ബൈക്കോടിക്കാന്‍ ലൈസന്‍സ് നേടിയ മഞ്ജു വാരിയര്‍ക്ക് അഭിനന്ദനക്കത്തുമായി താരത്തിന്റെ പുതിയ കഥാപാത്രം. ‘വെള്ളരിപട്ടണ’ത്തിലെ നായിക കെ.പി. സുനന്ദയാണ് മഞ്ജുവിന് കത്തയച്ചിരിക്കുന്നത്.

‘എത്രയും പ്രിയപ്പെട്ട മഞ്ജു വാരിയർ,

ബൈക്കോടിക്കുവാനുള്ള ലൈസന്‍സ് എടുത്തെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം. അഭിനന്ദനങ്ങള്‍! ഹോ..ഞാനൊക്കെ ഒരു ലൈസന്‍സ് എടുക്കാന്‍ പെട്ട പാട് എനിക്കറിയാം. പിന്നെ എന്റെ ആശാന്‍ കെ.പി. സുരേഷ് ആയിരുന്നല്ലോ. അതിന്റെ പേരിലുള്ള കണക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. (ഇന്നലെയും 500രൂപ മേടിച്ചോണ്ട് പോയി.) മഞ്ജുവിന് പഠനവും ലൈസന്‍സ് എടുക്കലും ധൈര്യമുള്ളതുകൊണ്ട് ഈസി ആയിരുന്നു എന്നറിയാം. ഞാനിപ്പോഴും ആ പഴയസ്‌കൂട്ടറില്‍ പാല്‍പാത്രവും വച്ചുകെട്ടി ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്. പുതിയ ബിഎംഡബ്ല്യു ബൈക്ക് മേടിക്കുമ്പോള്‍ നമ്മുടെ പഞ്ചായത്ത് വഴി വരണേ.

ഇവിടെ ഹരിതകര്‍മസേനക്കാരും തൊഴിലുറപ്പ് ചേച്ചിമാരും സെല്‍ഫി എടുക്കാന്‍ കാത്തിരിക്കുയാണ്. എന്റെ കഥ തിയറ്ററില്‍ വരുമ്പോള്‍ കാണാന്‍ മറക്കരുതേ. ചിരിവരും. ഉറപ്പ്. അയല്‍ക്കൂട്ടത്തിന്റെ ഒരു മീറ്റിങ് ഉണ്ട്. തത്കാലം നിര്‍ത്തുന്നു. ജയ്ഹിന്ദ്.

സ്‌നേഹത്തോടെ,കെ.പി. സുനന്ദ’.– കത്ത് ഇങ്ങനെ.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജു കെ.പി.സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ.പി.സുരേഷ് ആയി സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്നു.