Wednesday 02 April 2025 11:37 AM IST

നക്സലൈറ്റിൽ നിന്നു പാൻ ഇന്ത്യൻ സൂപ്പർതാരത്തിലേക്ക്, ശ്രീദേവിയുമായുള്ള രഹസ്യവിവാഹം മുതൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് വരെ

V.G. Nakul

Senior Content Editor, Vanitha Online

midhun Chakravorthy new

രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മിഥുൻ ചക്രവർത്തിക്കോ ?

2024 സെപ്റ്റംബർ 30 – ന്, ‘മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്’ എന്ന വാർത്ത വന്നതിനു പിന്നാലെ, ചിലരെങ്കിലും അവിശ്വാസത്തോടെ, അതിലേറെ അമ്പരപ്പോടെ, ഈ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടാകാം. ബോളിവുഡിലെ തട്ടുപൊളിപ്പൻ സിനിമകളിൽ നായകനായിരുന്ന ഒരാൾക്ക് ഇത്രയും വലിയ അംഗീകാരത്തിനുള്ള അർഹതയുണ്ടോ എന്നതായിരുന്നു പലരുടെയും അൽഭുതം. അവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾക്കാർക്കും അയാളുടെ ഭൂതകാലം അറിയില്ല, നടൻ എന്ന നിലയില്‍ അയാൾ കടന്നു വന്ന പാതകളും തിട്ടമില്ല.

ഒരുകാലത്ത് ബോളിവുഡിന്റെ ‘ഡ്രീം ബോയ്’ ആയിരുന്നു മിഥുൻ. ബംഗാളിൽ ജനിച്ച്, ബി ടൗണിന്റെ സ്വപ്ന സമാനമായ ജീവിതത്തിലേക്ക് ചുവടു വയ്ക്കും മുമ്പ് അയാൾ‌ ഒരു നക്സൽ പ്രവർത്തകനായിരുന്നുവെന്നതാണ് ഏറ്റവും വലിയ കൗതുകം. കോളജ് പഠനത്തിനു പിന്നാലെ നക്‌സലൈറ്റ് ആശയങ്ങളിൽ ആകൃഷ്ടനായി, രക്തരൂക്ഷിതമായ വിപ്ലവപ്പോരാട്ടങ്ങളിൽ പങ്കു ചേരാൻ വീട് വിട്ടു പോയ മിഥുൻ സഹോദരന്റെ അതിദാരുണമായ മരണത്തോടെയാണ് തിരികെയെത്തിയത്. ആ വരവാണ് ഇന്ത്യൻ സിനിമയ്ക്ക് മിഥുൻ ചക്രവർത്തിയെന്ന നടനെയും, ആരാധകർക്ക് തങ്ങളുടെ ‘മിഥുൻ ദാ’യെയും സമ്മാനിച്ചത്. എന്നാൽ കൊമേഴ്സ്യൽ ഹിന്ദി സിനിമയിലെ മിനിമം ഗ്യാരണ്ടി നായകനായി കസറും മുമ്പ് ഇന്ത്യൻ സിനിമയുടെ കരുത്തുറ്റ ചില്ലയിലാണ് അയാൾ ഇടം പിടിച്ചതെന്നത് മറക്കാവുന്നതല്ല.

mithun-2

മൃണാള്‍ സെന്‍ സംവിധാനം ചെയ്ത്, 1976ല്‍ റിലീസ് ചെയ്ത ‘മൃഗയ’ എന്ന ചിത്രത്തിലൂടെയാണ് മിഥുന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മിഥുന്‍ നേടി.ഒരു ആദിവാസി യുവാവിന്റെ വേഷത്തിലായിരുന്നു മിഥുന്‍ ചിത്രത്തിൽ. ബ്രിട്ടീഷ് ഇന്ത്യയെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞത്. പക്ഷേ, തുടർന്ന് കലാമൂല്യമുള്ള സിനിമകളിൽ മാത്രം ഒതുങ്ങി നിൽക്കാൻ അയാളിലെ ഉൽസാഹി തയാറായില്ല. ബോളിവുഡ് വ്യവസായ സിനിമയുടെ പാതയിലേക്കു കൂടി ഭാഗ്യപരീക്ഷണത്തിനിറങ്ങി അവിടെയും അനായാസം വിജയിച്ചു കയറാൻ മിഥുനായി.

അമ്പരപ്പിക്കുന്ന നൃത്തപ്രാവീണ്യമാണ് മിഥുന്റെ കൊമേഴ്സ്യൽ സിനിമ കരിയറിൽ ഏറെ മുതൽക്കൂട്ടായ ഘടകം. 1982 ൽ റിലീസായ ‘ഡിസ്കോ ഡാൻസർ’ ഇതിനുദാഹരണമാണ്. ബബ്ബര്‍ സുഭാഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു തെരുവുകലാകാരന്റെ വേഷത്തിലാണ് താരം എത്തിയത്. വന്‍ വിജയം നേടി തരംഗം തീര്‍ത്ത ചിത്രം 100 കോടിക്കു മുകളിൽ ബോക്‌സ് ഓഫിസ് കളക്ഷനുമായി ചരിത്രം കുറിച്ചു. തുടർന്ന് സുരക്ഷാ, സഹാസ്, വർദാത്, വാണ്ടഡ്, ബോക്സർ, പ്യാർ ജുക്താ നഹിൻ, ഗുലാമി, പ്യാരി ബെഹ്ന, അവിനാഷ്, ഡാൻസ് ഡാൻസ്, പ്രേം പ്രതിജ്ഞ, മുജ്രിം, അഗ്നിപഥ്, രാവൺ രാജ്, ജല്ലാദ് തുടങ്ങി എത്രയെത്ര സിനിമകൾ, വലിയ വിജയങ്ങൾ... 1993 ൽ ‘തഹാദേർ കഥ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം വീണ്ടും മിഥുനെ നേടിയെത്തി.

mithun 1

ബുദ്ധദേബ് ദാസ്ഗുപ്ത സംവിധാനം ചെയ്ത ചിത്രത്തിൽ ഷിബ്‌നാഥ് മുഖര്‍ജി എന്ന സ്വാതന്ത്ര്യ സമര പോരാളിയുടെ വേഷത്തിലായിരുന്നു മിഥുന്‍. ആന്റമാനിലെ ജയിലില്‍ എട്ട് വര്‍ഷത്തോളം ബ്രിട്ടീഷുകാരുടെ ക്രൂരപീഡനത്തിന് ഇരയായി മാനസിക നില തകര്‍ന്ന അദ്ദേഹം മൂന്ന് വര്‍ഷത്തോളം ഭ്രാന്താശുപത്രിയില്‍ കഴിഞ്ഞ ശേഷം സ്വാതന്ത്ര്യ ഇന്ത്യയിലേക്ക് തിരികെ എത്തുന്നതാണ് കഥ. ഗംഭീര പ്രകടനത്തിലൂടെ മിഥുൻ ഈ കഥാപാത്രത്തെ അനശ്വരമാക്കി. 1996 ൽ മികച്ച ‘സ്വാമി വിവേകാനന്ദ’ എന്ന ചിത്രത്തിലൂടെ മികച്ച സഹ നടനുള്ള പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. ഹിന്ദി, ബംഗാളി, കന്നഡ, തെലുങ്ക്, തമിഴ്, ഒഡിയ, ബോജ്പൂരി ഭാഷകളിലായി 350 ൽ ഏറെ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. 1999 വരെയുള്ള കാലത്ത് അദ്ദേഹം ബോളിവുഡിലെ മുൻനിര നായകനായിരുന്നു.

മാധ്യമങ്ങൾ ‘മിഥുൻസ്‌ ഡ്രീം ഫാക്ടറി’ എന്നു വിശേഷിപ്പിച്ച ഒരു ചലച്ചിത്ര സംസ്ക്കാരത്തിനും ഇടക്കാലത്ത് മിഥുൻ നാന്ദി കുറിച്ചിരുന്നു. 1990 കളിൽ ഊട്ടി കേന്ദ്രമാക്കി ഒരു സമാന്തര ബോളിവുഡ് വ്യവസായത്തിന് മിഥുൻ തുടക്കമിട്ടു. കുറഞ്ഞ മുടക്കു മുതലിൽ നിർമിച്ച നൂറോളം സിനിമകളിലാണ് ഇത്തരത്തിൽ മിഥുൻ നായകനായത്. ഇതിൽ മിക്കതും നിർമാതാവിനു വലിയ ലാഭമുണ്ടാക്കിക്കൊടുത്തവയാണ്.

mithun-3

1979 ൽ മിഥുന്‍ ഹെലീന ലൂക്കിനെ വിവാഹം കഴിച്ചെങ്കിലും 4 മാസത്തിനുശേഷം ആ ബന്ധം വേർപിരിഞ്ഞു. അതേ വർഷം അദ്ദേഹം നടി യോഗിത ബാലിയെ വിവാഹം കഴിച്ചു. ഇരുവർക്കും മിമോ, ഉഷ്മി ചക്രവർത്തി, നമാഷി ചക്രവർത്തി, ദത്തുപുത്രി ദിഷാനി ചക്രവർത്തി എന്നിങ്ങനെ നാല് മക്കളുണ്ട്. ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുമായുള്ള മിഥുന്റെ പ്രണയവും ലിവിങ് ടുഗതർ റിലേഷനുമൊക്കെ വലിയ വാർത്തയായിരുന്നു. നായികാ നായകന്‍മാരായ ‘ജാഗ് ഉഠാ ഇന്‍സാന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും പ്രണയത്തിലായത്. ഊട്ടിയിലായിരുന്നത്രേ രഹസ്യവിവാഹം. എന്നാല്‍ അതിനു മുന്‍പേ യോഗീത ബാലിയുമായി മിഥുന്റെ വിവാഹം കഴിഞ്ഞിരുന്നു. അവര്‍ ഗര്‍ഭിണിയുമായിരുന്നു. മിഥുന്‍ ശ്രീദേവിയുമായി അടുത്തു എന്നറിഞ്ഞ യോഗീത ജീവനൊടുക്കാൻ ശ്രമിച്ചു. തങ്ങളുടെ പ്രണയത്തിനു മുന്‍പേ മിഥുനും യോഗീതയുമായി ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ ഗര്‍ഭിണിയായിരുന്നുവെന്നും അറിഞ്ഞ ശ്രീദേവി മാനസികമായി തകര്‍ന്നു. 3 മാസം മാത്രം നീണ്ട ഈ അടുപ്പം അതോടെ അവസാനിച്ചു.

മിഥുന്‍ ചക്രവര്‍ത്തി മനുഷ്യസ്നേഹിയുടെ വലുപ്പം മനസ്സിലാകുന്നത് അദ്ദേഹത്തിന്റെ വളർത്തു മകളായ ദിഷാനി ചക്രവർത്തിയിലൂടെയാണ്. ഒരു പിഞ്ചുകുഞ്ഞിനെ മാതാപിതാക്കള്‍ മാലിന്യ കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ചു പോയെന്ന പത്രവാര്‍ത്തയിലൂടെയാണ് മിഥുന്‍ ചക്രവര്‍ത്തി ദിഷാനിയെക്കുറിച്ച് അറിയുന്നത്. കുട്ടിയെ ആ വഴി പോയവരില്‍ ആരോ കണ്ടെത്തുകയായിരുന്നു. വാര്‍ത്ത കണ്ടു കുട്ടിയെ തേടിയെത്തിയ മിഥുനും ഭാര്യ യോഗിതയും അവളെ ദത്തെടുക്കാന്‍ തീരുമാനിച്ചു. ‌നിയമപ്രകാരമുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കി അവളെ അവര്‍ സ്വന്തമാക്കി. മിഥുൻ – യോഗിത ദമ്പതികളുടെ മൂന്ന് മക്കളുടെ പുന്നാര അനിയത്തിയായാണ് ദിഷാനി വളർന്നതും ജീവിക്കുന്നതും. ചെറുപ്പം മുതല്‍ സിനിമയുടെ ലോകത്തായതിനാൽ സ്വാഭാവികമായും ദിഷാനിയുടെ ഉള്ളിലും അഭിനയ മോഹം വളർന്നു. അങ്ങനെ ന്യൂയോര്‍ക്കിലെ ഫിലിം അക്കാദമിയില്‍ അഭിനയം പഠിക്കാൻ ചേർന്ന ദിഷാനി ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിഷാനിയുടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്.

mithun-4

ഇപ്പോഴിതാ, രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡിലൂടെ മിഥുൻ ചക്രവർത്തിയുടെ ചലച്ചിത്ര ജീവിതം വീണ്ടും അംഗീകരിക്കപ്പെട്ടിരിക്കുന്നു.