Tuesday 11 May 2021 09:20 AM IST : By സ്വന്തം ലേഖകൻ

‘ഓർമ്മകൾ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്ന പോലെ...’! ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി മോഹൻലാൽ

dennis-joseph-mohanlal

അകാലത്തിൽ വിടപറഞ്ഞ പ്രിയസുഹൃത്തും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫിന് ആദരാഞ്ജലികൾ അർപ്പിച്ച്, ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ.

‘എന്റെ പ്രിയപ്പെട്ട ഡെന്നീസിനു വേണ്ടി ഈ വരികൾ കുറിയ്ക്കുമ്പോൾ ഓർമ്മകൾ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്ന പോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയിൽ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലൻ കഥകൾ, വികാര വിക്ഷോഭങ്ങളുടെ തിരകൾ ഇളകിമറിയുന്ന സന്ദർഭങ്ങൾ, രൗദ്രത്തിന്റെ തീയും പ്രണയത്തിന്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങൾ. ആർദ്ര ബന്ധങ്ങളുടെ കഥകൾ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകൾ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിർത്തുന്നു, ഇടറുന്ന വിരലുകളോടെ...
പ്രണാമം ഡെന്നീസ്’. – മോഹൻലാല്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളടക്കം അറുപത്തഞ്ചോളം സിനിമകൾക്കു തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ 1988 ലെ, കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ഡെന്നിസ് തിരക്കഥയെഴുതിയ ആകാശദൂത് 1993 ലെ, സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാർഡും നേടി.

ജേസിയുടെ ‘ഈറൻ സന്ധ്യ’ എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി 1985 ലാണ് സിനിമാ പ്രവേശം. പിന്നീടു വന്ന നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ ഡെന്നിസിനെ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താക്കി. ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ സംവിധാനത്തിൽ ഡെന്നിസ് വിജയപരമ്പര തന്നെ സൃഷ്ടിച്ചു.

നിറക്കൂട്ടിന്റെ മാന്ത്രിക വിജയം ഡെന്നിസിന് വലിയ താരമൂല്യം നൽകി. മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർതാരങ്ങളാക്കിയ കഥാപാത്രങ്ങൾ ഡെന്നിസിന്റെ തൂലികയിൽനിന്നു വാർന്നു വീണു. നിറക്കൂട്ടിലെ രവിവർമയും ന്യൂഡൽഹിയിലെ കൃഷ്ണമൂർത്തി എന്ന ജികെയും മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി. മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ രാജാവിന്റെ മകൻ ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രമാണ്.

കോട്ടയം കുഞ്ഞച്ചൻ. സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ വമ്പൻ ഹിറ്റുകളും ഡെന്നിസിന്റെ പേരിലുണ്ട്. മനു അങ്കിളും അഥർവവും അടക്കം അഞ്ചു സിനിമകൾ സംവിധാനം ചെയ്തു.