Friday 24 December 2021 12:54 PM IST : By സ്വന്തം ലേഖകൻ

‘വെള്ളിവെളിച്ചത്തിൽ പിടിച്ചു നിർത്തിയ ആൾ’: മമ്മൂട്ടി, ചലച്ചിത്ര ലോകത്തെ ഗുരുവെന്ന് മോഹൻലാൽ: ആദരം

mohanlal-and-mammootty

സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് തന്നെ ആദ്യമായി പിടിച്ച് നിർത്തിയ ആളാണ് കെ. എസ്. സേതുമാധവനെന്ന് മമ്മൂട്ടി. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മമ്മൂട്ടി ഇങ്ങനെ കുറിച്ചത്. സ്നേഹത്തോടും വാത്സല്യത്തോടും എന്നും ചേർത്തു നിർത്തിയെന്നും അദ്ദേഹം അനുസ്മരിക്കുന്നു. കുറിപ്പിങ്ങനെ:  ‘സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ എന്നും സ്നേഹത്തോടും വാത്സല്യത്തോടും ചേർത്ത് നിർത്തിയ സേതു സാറിന് ആദരാഞ്ജലികൾ.’

കെ.എസ്. സേതുമാധവന്റെ  'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്‌. ചെല്ലപ്പനെ സഹായിച്ചു  എന്നാരോപിച്ച് ബഹദൂര്‍ അവതരിപ്പിക്കുന്ന ഹംസയുടെ പെട്ടിക്കട മുതലാളിയുടെ ഗുണ്ടകള്‍ തല്ലിതകര്‍ക്കുന്നു. അതറിഞ്ഞു ബഹദൂറിന്‍റെ കൂടെ ഓടിവരുന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

‘മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലൂടെ നയിക്കുകയും, സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരൻ ശ്രീ കെ.എസ് സേതുമാധവൻ സാറിന് ആദരാഞ്ജലികൾ. മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ തൻ്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു. സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.’– മോഹൻലാൽ ഫെയ്സ്ബുക്കില്‍ കുറിച്ചു.