Tuesday 18 January 2022 09:30 AM IST : By സ്വന്തം ലേഖകൻ

ഓഡിയോ കാസറ്റുകളായും ഹൃദയത്തിലെ ഗാനങ്ങൾ: ചടങ്ങിൽ തിളങ്ങി ലാലേട്ടൻ: വിഡിയോ

mohanlal

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ഓഡിയോ ലോഞ്ചിൽ തിളങ്ങി ലാലേട്ടൻ. ഓഡിയോ കാസറ്റുകളായും ചിത്രത്തിലെ ഗാനങ്ങൾ വിപണിയിലെത്തും.

‘തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ഗാനമേഖല ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു ഹിസ് ഹൈനസ് അബ്‍ദുള്ള എന്ന സിനിമ ഉണ്ടായത്. സംഗീതത്തിന് ഏറ്റവുമധികം പ്രാധാന്യം കൊടുത്തുകൊണ്ട് ചെയ്‍ത സിനിമയായിരുന്നു അത്. ആ സമയത്ത് ഏറ്റവുമധികം കാസറ്റ് ചിലവായ സിനിമയുമായിരുന്നു. അതിനു ശേഷം ഞങ്ങള്‍ ചെയ്‍ത ഒരുപാട് സിനിമകള്‍, ഭരതം, കമലദളമൊക്കെ സംഗീതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. പിന്നീട് മലയാള സിനിമ സംഗീതത്തെക്കുറിച്ച് മറ്റൊരു ആശയത്തിലേക്ക് പോയി. അതിനെ പുതിയൊരു ഭാവത്തോടെ കൊണ്ടുവരികയാണ് ഹൃദയം എന്ന സിനിമ എന്നത് വലിയ സന്തോഷം നല്‍കുന്നു. ഒരുപാട് പ്രത്യേകതകള്‍ ഉള്ള സിനിമയാണ് എനിക്കിത്. ഇതിന്‍റെ പിന്നിലുള്ളവരെല്ലാം എന്‍റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ തന്നെയാണ്. എന്‍റെ മകന്‍ അഭിനയിക്കുന്നു എന്നതിലുപരി എന്‍റെ സുഹൃത്തുക്കളുടെ കുട്ടികളാണ് ഇത് നിര്‍മ്മിക്കുന്നതും അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ. ഇത് ഏറ്റവും വലിയ വിജയമാവട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു’.– മോഹന്‍ലാല്‍ പറഞ്ഞു.

വിശാഖ് സുബ്രഹ്മണ്യം, വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത സംവിധായകന്‍ ഹിഷാം അബ്‍ദുള്‍ വഹാബ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.