Monday 17 September 2018 12:15 PM IST : By സ്വന്തം ലേഖകൻ

മിമിക്രിയിലെ ചിത്രകാരനെ ‘സത്യത്തിലാരും തിരിച്ചറിഞ്ഞില്ല’; ദുരിതാശ്വാസത്തിന് കൈതാങ്ങുമായി കോട്ടയം നസീറിന്റെ ആർട്ട് എക്സിബിഷൻ: വിഡിയോ കാണാം

ktm-2

കോട്ടയം നസീർ കേരളത്തിലെ മിമിക്രിയുടെബ്രാൻഡ് അംബാസിഡറാണ്. ശബ്ദാനുകരണ കലയിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റ്. സിനിമയിലും മിമിക്രി വേദികളിലും ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്ന നസീറിന് മലയാളി അധികം അറിയാത്ത മറ്റൊരു മുഖം കൂടിയുണ്ട്. ചായങ്ങൾ കൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന ഒന്നാം തരം ഒരു ചിത്രകാരനാണ് നസീർ. വരയുടെ ഇന്ദ്രജാലം കാട്ടാനുള്ള നസീറിന്റെ വിരലുകളുടെ ശക്തി വെളിപ്പെടുത്തുന്നവയാണ് അദ്ദേഹം വരച്ച ചിത്രങ്ങൾ. കോട്ടയം നസീർ നല്ല ചിത്രകാരനാണോ അതോ മിമിക്രി കലാകാരനാണോ എന്ന് ചോദിച്ചാൽ കുഴങ്ങിയത് തന്നെ. ഇതാ, ആദ്യമായി അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കായി ഒരു പ്രദർശനമൊരുങ്ങുന്നു. നസീർ വരച്ച 50 ൽ അധികം ചിത്രങ്ങളുടെ ബൃഹദ് പ്രദർശനത്തിന് വേദിയാകുക എറണാകുളം ദർബാർ ഹാളാണ്. ഒക്ടോബർ 12 മുതൽ 18 വരെയാണ് ‘കോട്ടയം നസീർ ആർട്ട് എക്സിബിഷൻ: ഡ്രീംസ് ഓഫ് കളേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം നടക്കുക. രാവിലെ 11 മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രദർശനം. ചിത്രങ്ങൾ കാണുന്നതിനൊപ്പം വാങ്ങുന്നതിനുമുള്ള അവസരമുണ്ടാകും. ചിത്രങ്ങൾ വിറ്റ് കിട്ടുന്ന തുകയിൽ നിന്ന് ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രദർശനത്തോടനുബന്ധിച്ച് മനോഹരമായ ഒരു പ്രമോ വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

ktm

‘കോട്ടയം നസീർ എന്ന ചിത്രകാരനെ’ പരിചയപ്പെടുത്തി വനിതയിൽ രാഹുൽ രവീന്ദ്ര തയാറാക്കിയ അഭിമുഖം വായിക്കാം:

ഒരിക്കലും മായില്ല തലേവര

ചങ്ങനാശേരിക്കാരുടെ ദേശീയ ഉത്സവമാണ് ചന്ദനക്കുടം. ജാതിമതഭേദമെന്യേ നാട്ടുകാരെല്ലാം ഒത്തു കൂടുന്ന ചടങ്ങ്. ക്രിസ്മസും അയ്യപ്പന്‍ ചെറപ്പുമെല്ലാം ഇതിനോടടുത്തു വരും. മൊത്തത്തിൽ ഉത്സവമേളം. പരിപാടികളുടെ ഘോഷയാത്രയാണ്. വൈകുന്നേരമായാൽ പായും തലയണയുമെടുത്ത് നാട്ടുകാരെല്ലാം ഇറങ്ങും. പള്ളിപ്പറമ്പിലും അ മ്പലത്തിലുമെല്ലാം പരിപാടികൾ കണ്ട് പുലർച്ചയേ പലരും വീടെത്തൂ.

അബിയുടെ മിമിക്സാണ് പ്രധാന ഐറ്റങ്ങളിലൊന്ന്. അതു കാണാൻ കാലേക്കൂട്ടി ഒരുങ്ങിയിറങ്ങിയതാണ് നസീർ എന്ന പയ്യൻസ്. ചാലിൽ ട്രേഡേഴ്സ് ഉടമ സിബിച്ചൻ പയ്യനെ കയ്യോടെ പിടികൂടി. അന്ന് നസീർ മിമിക്രിക്കാരനല്ല. നല്ലൊന്നാന്തരം ചിത്രകാരനാണ്. ബോർഡെഴുത്ത്, ബാനർ, പോസ്റ്റർ, തുടങ്ങിയ കലാപരിപാടികൾക്കെല്ലാം നാട്ടുകാർ ആദ്യം വിളിക്കുന്നത് കറുകച്ചാലുകാരനായ നസീറിനെയാണ്. സ്കൂളിലെ പെയിന്റിങ് മത്സര ഹാളിലെ ഒന്നാം സ്ഥാനം തറവാട്ട് വക പോലെയാക്കി നടക്കുന്ന ചെക്കൻ.

സിബിച്ചന്റെ ആവശ്യം അത്ര ലളിതമല്ല. അപ്പന്റെ ശവക്കല്ലറ പെയിന്റടിക്കണം. അതും ഇന്നു രാത്രി തന്നെ. സെമിത്തേരി എന്നെഴുതി കാണിച്ചാ ൽ പേടിക്കുന്ന പ്രായമാണ്. ഒരു നൂറിന്റെയും അമ്പതിന്റെയും നോട്ടെടുത്ത് നസീറിന്റെ പേടിയൊക്കെ സിബിച്ചൻ വീശിയകറ്റി. പിന്നെ, പയ്യൻസ് ശങ്കിച്ചില്ല, കസിൻസായ മജീദിനെയും ഹാരിസിനെയും കൂട്ടി കൂത്രപ്പള്ളിയിലെ കല്ലറ ലക്ഷ്യമാക്കി നടന്നു.

ഇരുട്ട് കരിമ്പടം പുതച്ച വലിയ റബർതോട്ടത്തിനു താഴെയാണ് സെമിത്തേരി. ഭയം കുളിരു കോരിയിട്ട മനസ്സുമായി മൂവർ സംഘം പണി തുടങ്ങി. കല്ലറ ആദ്യം തേച്ചു കഴുകി. പേരും ജനന, മരണത്തീയതികളുമൊക്കെ എഴുതിയ കല്ല് വ‍ൃത്തിയാക്കിയപ്പോൾ ചാലിൽ കുഞ്ഞാപ്പി എന്നു തെളിഞ്ഞു വരുന്നു. അവിടെ പെയിന്റടിക്കാൻ അല്‍പം ബുദ്ധിമുട്ടാണ്. വശത്തു നിന്ന് പെയിന്റടിച്ചാൽ കല്ലിന്റെ മധ്യഭാഗം വരെ കയ്യെത്തില്ല. പിന്നെ, വഴി ഒന്നേയുള്ളു. കല്ലറയുടെ മുകളിലിരുന്നു പെയിന്റടിക്കുക. സംഗതി കല്ലറയാണെങ്കിലും ചെറിയൊരു ശങ്ക. മറ്റു വഴിയില്ലാത്തതു കൊണ്ട് പയ്യൻമാർ ഒടുവിൽ കുഞ്ഞാപ്പിയുടെ കല്ലറമേലിരുന്ന് പെയിന്റടി തീർത്തു.

ജോലി കഴിഞ്ഞ് നേരെ മിമിക്സ് പരിപാടി നടക്കുന്ന സ്ഥലത്തേക്ക്. വേദിയിൽ ദിലീപ് എന്ന യുവ മിമിക്രി താരം കത്തിക്കയറുകയാണ്. മിമിക്രി കഴിഞ്ഞ് ഗാനമേളയായപ്പോൾ ന സീർ ചെറുതായി ഒന്നു മയങ്ങി. ആരോ കൈയിൽ ബലമായി പിടിക്കുന്നെന്നു തോന്നിയപ്പോഴാണു ഞെട്ടിയെഴുന്നേറ്റത്.

ഒരു വൃദ്ധൻ തന്റെ നെ‍ഞ്ചത്തു കയറിയിരിക്കുകയാണ്. അ യാള്‍ ചോദിച്ചു.‘ഞാനാരാന്നു നിനക്ക് മനസ്സിലായോടാ?...’

വിറച്ചു കൊണ്ടു പറഞ്ഞു, ‘ഇ....ഇ.....ഇല്ല....’

‘ഞാനാടാ ചാലിൽ കുഞ്ഞാപ്പി. എന്റെ നെഞ്ചത്തു കയറിയിരുന്നാണോടാ നിന്റെ പെയിന്റടി?’

‘ഞാൻ മാത്രമല്ല, ഇവൻമാരും ഉണ്ട്’ എന്നു പറഞ്ഞ് കൂട്ടുകാരെ നോക്കിയപ്പോൾ രണ്ടു പേരും സുഖമായി കിടന്നുറങ്ങുന്നു. അവരെ വിളിക്കാൻ നോക്കിയിട്ടു ശബ്ദം പൊങ്ങുന്നുമില്ല.

ktm-2

‘ഇനി നീ ആരുടെയെങ്കിലും നെഞ്ചത്ത് കയറിയിരുന്ന് പെയിന്റടിച്ചാൽ അന്ന് നിന്റെ അവസാനമാ.’ ഇതുപറഞ്ഞ് ചാ ലിൽ കുഞ്ഞാപ്പി എഴുന്നേറ്റ് ഉത്സവത്തിരക്കിലെവിടെയോ അ ലിഞ്ഞു. വിയർത്ത് കുളിച്ച് നസീർ ഞെട്ടിയെഴുന്നേറ്റു. വേദിയിൽ ഗാനമേള തകർക്കുകയാണ്.

ചാലിൽ കുഞ്ഞാപ്പി കൊടുത്ത വാണിങ് കാര്യമാക്കിയില്ലെങ്കിലും നസീർ പിന്നെ കുറേ വർഷത്തേക്ക് പെയിന്റ് ബ്രഷ് തൊട്ടില്ല. അപ്പോഴേക്കും മനസ്സിലെ കാൻവാസിൽ മിമിക്രി സ്ഥാനം പിടിച്ചിരുന്നു. ലോകത്തിലെ പല വേദികളിൽ പലരുടെ ശബ്ദവും ഭാവങ്ങളുമായി നിറഞ്ഞു നിന്നപ്പോഴും ചിത്രകല പിന്നണിയിലെവിടെയോ വീർപ്പുമുട്ടി.

ഒടുവിൽ ആ വീർപ്പുമുട്ടൽ അവസാനിപ്പിച്ച് നസീർ വീണ്ടും നിറങ്ങളുടെ ലോകത്തേക്ക് മടങ്ങി വരികയാണ്. എറണാകുളത്തെ ഫ്ലാറ്റിലും കറുകച്ചാലിലെ വീട്ടിലുമായി നിരവധി പെയിന്റിങ്ങുകൾ തയാറാകുന്നു. ചായം തേക്കാത്ത ചിത്രവിശേഷങ്ങളിൽ ചിരിക്കുള്ള വകയുമുണ്ട്.

കോട്ടയം നസീർ ചിത്രകാരനായിരുന്നു എന്നത് പലർക്കും പുതിയ അറിവായിരിക്കുമല്ലേ?

സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടേ ചിത്രകാരനാകണമെന്നായിരുന്നു ആഗ്രഹം. പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, കാർട്ടൂൺ, കളിമൺ ശില്പനിർമാണം ഇവയിലെല്ലാം എനിക്കായിരുന്നു ഒന്നാംസ്ഥാനം. ബാലരമ നടത്തിയ മത്സരങ്ങളിലൊക്കെ ജേതാവായിട്ടുണ്ട്. ചിത്രരചന ഗൗരവമായി പഠിക്കണമെന്ന് അധ്യാപകരെല്ലാം ഉപദേശിക്കുമായിരുന്നു.

അങ്ങനെ പത്താം ക്ലാസിനു ശേഷം ചിത്രകല പഠിപ്പിക്കുന്ന എപിആർ സ്കൂളിൽ ചേർന്നു. സിനിമാ സംവിധായകൻ ബാബു ജനാർദനൻ, കാർട്ടൂണിസ്റ്റ് വേണു തുടങ്ങിയവർ സഹപാഠികളായിരുന്നു.

ktm

ഭിത്തിയിലും ബോർഡുകളിലും പരസ്യമെഴുത്തായിരുന്നു പ്രധാന പരിപാടി. കറുകച്ചാലിൽ അന്ന് കലാ ആർട്സ് എന്നൊരു സ്ഥാപനമുണ്ട്. അവർക്ക് വേണ്ടി ഒരുപാട് പരസ്യങ്ങൾ വരച്ചിട്ടുണ്ട്. പിന്നീട് ഞാൻ സ്വന്തമായി വർക്ക് ഏറ്റെടുക്കാൻ തുടങ്ങി. രണ്ടു മൂന്ന് സഹായികളെ വച്ചു. രാത്രി ഉറക്കമിളച്ചിരുന്നുള്ള ജോലിയാണ്. ഫ്ലക്സില്ലാത്ത കാലമാണ്. ജ്വല്ലറികൾക്കു വേണ്ടി ലാേലട്ടനെയും മമ്മൂക്കയേയുമൊക്കെ എത്രയോ വട്ടം വരച്ചിരിക്കുന്നു. ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമയിൽ ലാലേട്ടൻ പൈലറ്റിന്റെ വേഷത്തിൽ തോക്കു പിടിച്ചു നില്ക്കുന്നൊരു പോസ്റ്റർ അന്ന് വൻ ഹിറ്റായിരുന്നു. ഈ ചിത്രമാണ് പരസ്യങ്ങൾക്ക് പ്രധാനമായും വരച്ചിരുന്നത്.

വിഡിയോകോൺ, ചന്ദ്രികാ സോപ്പ് തുടങ്ങി അക്കാലത്തിറങ്ങിയ മിക്ക പരസ്യങ്ങളും ഞങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ ഭിത്തിയിലുള്ള വരയാണ് കൂട്ടത്തിൽ ഏറ്റവും കഷ്ടപ്പാട്. ഏണിയിലും മുള കൊണ്ടുണ്ടാക്കിയ സ്റ്റാൻഡിലുമൊക്കെ കയറി നിന്നാണു വരയ്ക്കുക. ഭിത്തിയിലേക്കു നല്ല വെയിലടിക്കുമ്പോൾ കുറച്ചു നേരത്തേക്കൊന്നും കാണാൻ പറ്റില്ല. ഇനി വരച്ചതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്നറിയണമെങ്കിൽ താഴെയിറങ്ങി അകലെ നിന്നു നോക്കണം. എവിടെയെങ്കിലും പണി പാളിയാൽ പിന്നെ, ആദ്യം മുതൽ തുടങ്ങണം. അങ്ങനെ നിരവധി തവണ കയറിയും ഇറങ്ങിയുമാണ് പല പെയിന്റിങ്ങുകളും തീർക്കുന്നത്. ഇന്ന് ഒരു നില സ്റ്റെപ്പ് കയറിയാൽത്തന്നെ തല കറങ്ങും.

ktm-3

അക്കാലത്തെ ഇന്നും ഓർമിക്കുന്ന അനുഭവങ്ങൾ?

ഇലക്‌ഷൻ കാലത്തു ചാകരയാണ്. രാത്രിയിലാണു വരയ്ക്കാനിറങ്ങുക. റോഡിലൊക്കെ എഴുതണമെങ്കിൽ ആ സമയത്തേ പറ്റു. ഒരുവിധം പണിതീർത്തു വരുമ്പോഴായിരിക്കും ഏതെങ്കിലും വണ്ടി വരുന്നത്. എഴുതിയതെല്ലാം അതിന്റെ ടയറിൽ പറ്റിപ്പോകും. പിന്നെ, ഒന്നേന്ന് തുടങ്ങണം. ഒരിക്കൽ കാനം രാജേന്ദ്രൻ സാർ വാഴൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. എനിക്കായിരുന്നു ചുവരെഴുത്തിന്റെ ചുമതല. രാത്രി മുഴുവൻ ഉറക്കമളച്ചിരുന്നു ‘കാനം രാജേന്ദ്രനെ വിജയിപ്പിക്കുക ’എന്ന് മതിലുകളില്‍ എഴുതി. രാവിലെ വീട്ടിൽ പുതച്ചു മൂടിയുറങ്ങിയിരുന്ന എന്നെ പാർട്ടിക്കാർ വന്ന് കട്ടിലോടെ എടുത്തോണ്ടു പോയി.

‘എന്താടാ ഈ എഴുതിയിരിക്കുന്നത്...?’

ചുവരിലേക്ക് നോക്കിയ ഞാൻ കണ്ണ് മിഴിച്ചു പോയി.

‘കാന രാജേന്ദ്രനെ വിജയിപ്പിക്കുക.’ ഒരു പൂജ്യം വിട്ടു പോയിരിക്കുന്നു, ശത്രുക്കള്‍ തൂത്തു കളഞ്ഞതാകാനും മതി.

കോട്ടയത്ത് തപസ്യ കലാസാഹിത്യവേദി എന്നൊരു സംഘടനയുണ്ടായിരുന്നു. അവർ കണ്ണൂരിൽ ക്യാംപ് നടത്തിയപ്പോൾ ഞാനും പങ്കെടുത്തു. മഹാകവി അക്കിത്തം അവിടെ ക്ലാസെടുക്കാൻ വന്നു. അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ സദസ്സിലിരുന്ന് അദ്ദേഹത്തിന്റെ പോർട്രെയിറ്റ് വരച്ചു. ക്ലാസ് കഴിഞ്ഞപ്പോൾ ഇത് അദ്ദേഹത്തെ കാണിച്ചു. ചിത്രം ഇഷ്ടപ്പെട്ട അക്കിത്തം അതിൽ ഒപ്പിട്ടു തന്നു.

പെയിന്റിങ്ങിലേക്ക് മടങ്ങി വന്നതെങ്ങനെ?

ഞാൻ അത്യാവശ്യം വരയ്ക്കുമെന്നറിയാവുന്ന പല സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ, പല തിരക്കുകൾക്കിടയിൽ സാധിച്ചില്ല. ഒരു ദിവസം ലാലേട്ടൻ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിന് ചിത്രകലയിൽ വലിയ താത്പര്യമുണ്ട്. വീട് മുഴുവൻ ലക്ഷക്കണക്കിന് രൂപ വിലയുള്ള പെയിന്റിങ്ങുകളുണ്ട്. അന്നദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇത്ര മാത്രം. ‘ഇതെല്ലാവർക്കും കിട്ടുന്ന കഴിവല്ല. ഒരിക്കലും ചിത്രകല ഉപേക്ഷിക്കരുത്. വീണ്ടും തുടങ്ങണം. എനിക്ക് നീയൊരു പെയിന്റിങ് ചെയ്തു തരണം.’

വീണ്ടും ബ്രഷ് കയ്യിലെടുക്കാൻ പ്രേരിപ്പിച്ചത് ലാലേട്ടന്റെ വാക്കുകളാണ്. അങ്ങനെ മൂന്ന് വർഷം മുമ്പ് വീണ്ടു വരച്ചു തുട ങ്ങി. പക്ഷേ, ഇതുവരെ ലാലേട്ടനുള്ള പെയിന്റിങ് ചെയ്യാൻ സാധിച്ചിട്ടില്ല. പക്ഷേ, അത് മനസ്സിലുണ്ട്.

എന്താണ് ചിത്രങ്ങളിലെ നസീർ സ്റ്റൈൽ?

രണ്ടാമതു തുടങ്ങിയപ്പോൾ ഞാൻ ശ്രദ്ധ വച്ചത് ഒായിൽ പെയിന്റിങ്ങിലാണ്. സൂക്ഷ്മമായ അംശങ്ങൾ പോലും വ്യക്തമാക്കാൻ നല്ലത് ഒായിൽ മീഡിയമാണ്. യേശുദാസിന്റെ ചിത്രമാണ് ആദ്യം വരച്ചത്. പിന്നെ, നായനാർ സാർ, ഹനീഫ് ഇക്ക തുടങ്ങി ചിലരുടെ പോർട്രെയിറ്റുകൾ‌. സ്വന്തം ആശയങ്ങളൊന്നും വരച്ചു തുടങ്ങിയിട്ടില്ല. ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന റിയലിസ്റ്റിക് ചിത്രങ്ങള്‍ അതേപടി പകർത്തുകയാണ്. കൂടുതലും മൃഗങ്ങളുടെ ചിത്രങ്ങളാണ് വരയ്ക്കാനായി തിരഞ്ഞെടുക്കുന്നത്. അതിൽ ഡീറ്റെയിലിങ്ങിനുള്ള സാധ്യത കൂടുതലാണ്. ഒരു പെയിന്റിങ് തീരാൻ പത്തു ദിവസമെങ്കിലുമെടുക്കും.

സർറിയലിസം, ക്യൂബിസം, എക്സ്പ്രഷനിസം എന്നൊക്കെ പല തരം ഇസങ്ങളുണ്ട് ?

അതൊക്ക അവിടിരുന്നോട്ടെ. തത്ക്കാലം ഞാൻ എന്റെ സ്വന്തം ഇസത്തിനനുസരിച്ചാണ് പോക്ക്. റിയലിസ്റ്റിക് രീതിയോടാണ് താത്പര്യം. നല്ല ലൈറ്റിങ് ഉള്ള ഫോട്ടോകൾ വെല്ലുവിളിയുയർത്തും. ഇതുവരെ ഞാൻ ചെയ്തതൊക്കെ അത്തരം ചിത്രങ്ങളാണ്. മഹാൻമാരായ ചിത്രകാരൻമാരൊക്ക മോഡൽസിനെ വച്ചാണ് വരച്ചിരുന്നത്. ഞാൻ അങ്ങോട്ടൊക്കെ എത്തുന്നതേയുള്ളു.

വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അവിടുത്തെ ചിത്രകല ശ്രദ്ധിക്കാറുണ്ടോ?

സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സംഘാംഗങ്ങൾ പലരും ഷോപ്പിങ്ങിനായി പോകുമ്പോൾ ഞാൻ വണ്ടി പിടിക്കുന്നത് സ്ഥലത്തെ പ്രധാന ആർട് ഗാലറികളിലേക്കാകും. ജയറാമിനൊപ്പം യൂറോപ്യൻ ഷോയ്ക്ക് പോയപ്പോഴാണ് നെതർലൻഡ്സ് സന്ദർശിച്ചത്. അവിടുത്തെ വീടുകളിലെല്ലാം മനോഹരമായ പെയിന്റിങ്ങുകളുണ്ട്. ചിത്രങ്ങളില്ലാത്ത ഒറ്റ വീട് പോലും കാണാൻ പറ്റില്ല. പിന്നെയാണ് ആ രാജ്യത്തെ നിയമത്തെക്കുറിച്ചറിയുന്നത്. അവിടെ നമ്മളൊരു വീട് വയ്ക്കുമ്പോൾ ചെലവായ തുകയുടെ നിശ്ചിത ശതമാനത്തിന് പെയിന്റിങ് വാങ്ങണം. നാട്ടിലെ ചിത്രകാരൻമാരെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ കൊണ്ടു വന്ന നിയമമാണ്. നമ്മുടെ നാട്ടിൽ അങ്ങനെ ചിന്തിക്കാൻ പറ്റുമോ? പാരിസിലെ ലൂവർ മ്യൂസിയത്തിൽ മൊണാലിസ കണ്ടതു മറക്കാനാകാത്ത അനുഭവമാണ്.

ഇത്ര ഇഷ്ടപ്പെട്ടിരുന്ന ചിത്രകല ഉപേക്ഷിച്ച് മിമിക്രി തിരഞ്ഞെടുക്കാൻ കാരണം?

നാടക നടനായിരുന്ന എൻ.സി ആനിക്കാട് അച്ഛന്റെ സുഹൃത്തായിരുന്നു. ഒരു ദിവസം അദ്ദേഹം വീട്ടിലേക്ക് വന്നു. കലാശാല നാടകവേദിയുടെ പുതിയ നാടകത്തിലേക്കൊരു നടനെ വേണം. അവിടെ വരച്ചു കൊണ്ടിരുന്ന എന്നെ ചൂണ്ടി ബാപ്പ ഒരു ചോദ്യമാണ്. ‘ദേ ഇവൻ മതിയോ?’. ആനിക്കാടിനു പരിപൂർണസമ്മതം. എന്നാൽ പിന്നെ ഒരു കൈ നോക്കിക്കളയാമെന്ന് ഞാനും കരുതി.

മല്ലപ്പള്ളിയിലൊരു റബർതോട്ടത്തിലായിരുന്നു റിഹേഴ്സ ൽ ക്യാംപ്. രണ്ട് മാസത്തെ വടക്കേ ഇന്ത്യൻ ടൂറിനു വേണ്ടി ര ണ്ട് നാടകങ്ങൾ പരിശീലിച്ചു. വാനിലാണ് യാത്ര. രാത്രി വണ്ടി നിർത്തി വഴിയോരത്തു വിശ്രമം. സ്ത്രീകൾ വണ്ടിക്കുള്ളിൽ തന്നെ കിടക്കുമ്പോൾ പുരുഷൻമാർ കടത്തിണ്ണയിലോ മറ്റോ ചുരുണ്ടു കൂടും.

ആ സംഘത്തിൽ ഞാൻ പരിചയപ്പെട്ട ബബിൽ പെരുന്നയാണു മിമിക്രിയിൽ എന്റെ ആദ്യ ഗുരു. ഒാരോ സ്ഥലത്തും നാടകം തുടങ്ങുന്നതിന് മുമ്പായി പുള്ളിയുടെ മിമിക്രി ഷോ കാണും. നസീർ, മധു, ജയൻ തുടങ്ങിയവരുടെയൊക്കെ ശ ബ്ദം അസ്സലായി അനുകരിക്കും. ഇടയ്ക്ക് സഹായിയായി എന്നെയും വേദിയിൽ കയറ്റും. ‘എന്നേക്കൂടി മിമിക്രി പഠിപ്പിക്കണ’മെന്ന് ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞ മറുപടി ചരിത്രമാണ്. ‘ഇത് പഠിപ്പിക്കാൻ പറ്റില്ല. നീ കണ്ടു തന്നെ പഠിക്കണം.’

അങ്ങനെ ഞാൻ മിമിക്രി പഠനം തുടങ്ങി. തിരികെ നാട്ടിലെത്തിയപ്പോഴേക്കും അത്യാവശ്യം നമ്പരുകളൊക്കെ പഠിച്ചെടുത്തിരുന്നു. ജയറാം, നാദിർഷാ, അബി തുടങ്ങിയവരുടെ കസറ്റുകൾ കേട്ട് പരിശീലിച്ചു. കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ നല്ല അഭിപ്രായം കിട്ടി. വീടിനടുത്ത് രണ്ടു തിയറ്ററുണ്ടായിരുന്നു. വീട്ടിലിരുന്നാൽ ശബ്ദരേഖ മുഴുവൻ കേൾക്കാം. അങ്ങനെ പല ഡയലോഗുകളും മനഃപാഠമാക്കി. പിന്നെ, ചെറിയ പ്രോഗ്രാമുകളൊക്കെ കിട്ടിത്തുടങ്ങി. അങ്ങനെയങ്ങനെ മിമിക്രി തന്നെയായി ജീവിതം.

സിനിമ വിട്ട് ഫുൾടൈം ചിത്രകാരനാകാനാണോ പ്ലാൻ?

ഏയ്, സിനിമയും സ്റ്റേജ് പ്രോഗ്രാമുകളൊന്നും ഉപേക്ഷിക്കാൻ പദ്ധതിയില്ല. നേരത്തേ ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ മാത്രമായിരുന്നു ചിത്രരചന. ഇനി കൂടുതൽ സമയം കണ്ടെത്തണം. എറണാകുളത്ത് നടന്നൊരു എക്സിബിഷനിൽ ഒന്നു ര ണ്ടു ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഷീലാമ്മയുടെ ചിത്രങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു. പലരും വന്നു പെയിന്റിങ്ങുകൾക്കു വില പറഞ്ഞെങ്കിലും കൊടുത്തില്ല. ഇരുപത്തിയഞ്ചു പെയിന്റിങ്ങുകൾ തികയുമ്പോള്‍ എക്സിബിഷൻ നടത്താനുള്ള ഒരുക്കത്തിലാണ്. കോട്ടയം നസീറിന്റെ ചിത്രകലാ പ്രദർശനം ഒരു തവണ മാത്രമേ ജനങ്ങൾ ശ്രദ്ധിക്കു. അതുകൊണ്ട് പരമാവധി നന്നാക്കാനാണു ശ്രമം. ആ ചിത്രങ്ങളെല്ലാം ചേർത്ത് പുസ്തകമിറക്കാനും പദ്ധതിയുണ്ട്.

പിന്നെ, ഇതിനൊരു പ്രത്യേക സുഖമുണ്ട്. എവിടേയും ഇടിച്ചു കയറണ്ട, പാരവയ്പ്, കുതികാൽവെട്ട് തുടങ്ങിയവയൊന്നും ഭയക്കണ്ട. നമ്മളും നിറങ്ങളും മാത്രം. അതുകൊണ്ട് നോ ടെൻഷൻ....

വിഡിയോ കാണാം :