Saturday 28 September 2019 12:27 PM IST

‘ചേട്ടന്‍ വിട്ടോ, ഞാന്‍ കോട്ടേത്തേക്കാ...!’; ബസ് യാത്രയിൽ ‘മായാമോഹിനി’യായി മാറിയ അനുഭവം പറഞ്ഞ് നസീര്‍!

Sujith P Nair

Sub Editor

naseer-sankranthy-1

മുപ്പതു വര്‍ഷം മുന്‍പ് ചിരിവഴിയില്‍ തുടങ്ങിയ യാത്രയിലെ സന്തോഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ‘സംക്രാന്തി’ എന്നു വിളിക്കുന്ന കോട്ടയത്തിൻറെ സ്വന്തം നസീര്‍... 

'ഇതു നീ ചെയ്താലേ ശരിയാകൂ...' സ്‌കിറ്റിലെ കൂതറ സ്ത്രീയെ അര് അവതരിപ്പിക്കും എന്നു ചര്‍ച്ച വരുന്പോഴെ കോട്ടയം നസീറും ഷാജോണും പക്രുവുമെല്ലാം ഒരേ സ്വരത്തില്‍ പറയും. കോമഡി സ്‌കിറ്റുകളില്‍ ഏറെയും പെണ്‍വേഷമായിരുന്നു. കോട്ടയം നസീറും ഷാജോണുമെല്ലാം സ്‌കിറ്റില്‍ പെണ്‍വേഷമുണ്ടെങ്കിൽ അതു വേറെ ആര്‍ക്കും കൊടുക്കില്ല. ഉന്തിന്റെ കൂടെ ഈ തള്ളും കൂടി ആകുന്പോൾ ഞാന്‍ ഫ്ളാറ്റ്.  

ആണുങ്ങള്‍ തന്നെ പെണ്‍വേഷം ചെയ്താല്‍ ചില ഗുണങ്ങളൊക്കെ ഉണ്ട്. ഒന്നാമത് സ്ത്രീ ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്‍കുന്ന പണവും അവരെ കൊണ്ടു പോകാനുള്ള റിസ്‌കും ലാഭിക്കാം. രണ്ടാമതായി ദ്വയാര്‍ഥ പ്രയോഗം നടത്തിയാലും കാണികള്‍ക്ക് ചൊരുക്കില്ല. എന്തും പറയാനുള്ള ലൈസന്‍സാണ് പുരുഷന്‍മാരുടെ പെണ്‍വേഷം. പിന്നെ കമലഹാസനും ഞാനുമായുള്ള ബന്ധവും ഇതാണ്. അദ്ദേഹം സിനിമയില്‍ പെണ്‍വേഷം ചെയ്തു, ഞാന്‍ സ്റ്റേജില്‍ പെണ്‍വേഷം കെട്ടി. 

പെണ്‍വേഷം കൊണ്ട് ഗുണവും ചില ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. പിന്നെ ചില കുസൃതികളും. 'ഒരു ദിവസം തിരുവനന്തപുരത്തായിരുന്നു പരിപാടി. രാത്രി വൈകിയാണ് മടക്കം. പെണ്‍വേഷം കെട്ടാനായി തേച്ച ലിപ്സ്റ്റിക്കും കണ്‍മഷിയുമൊക്കെ എത്ര മായ്ച്ചാലും പോകില്ല. ഏതാണ്ട് വശപ്പിശക് ലൂക്കിലാണ് എന്റെ നില്‍പ്പ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ എത്തിയപ്പോള്‍ മുതല്‍ ഒരാള്‍ പിന്നാലെയാണ്. അന്പതിനോട് അടുത്ത് പ്രായം വരും. ഭയങ്കര അടുപ്പം. തൊട്ടും തലോടിയും ഒപ്പം നില്‍ക്കുകയാണ്. ആയാളുടെ പരവേശവും മറ്റും കണ്ടപ്പോള്‍ എനിക്കും രസം തോന്നി. ഇയാളെ ഒന്ന് കളിപ്പിച്ചാലോ?

ഞാനും സഹകരിച്ചു. അപ്പോഴാണ് കണ്ടക്ടറുടെ വരവ്. ഇതോടെ ആയാള്‍ ചെവിയില്‍ രഹസ്യമായി ചോദിച്ചു 'എവിടേക്കാണ് ടിക്കറ്റ് എടുക്കേണ്ടത്.' ചേട്ടന്റെ ഇഷ്ടം എന്നു പറഞ്ഞതും അയാള്‍ പറഞ്ഞു, രണ്ടു കൊട്ടാരക്കര... പിന്നെയും പ്രണയ പരവശനായി ചേട്ടന്‍ നിന്നു. ഒടുവില്‍ കൊട്ടാരക്കര എത്തിയപ്പോള്‍ ഞാൻ ഇറങ്ങണം എന്നായി. ഇതോടെ കളി മതിയാക്കി. അല്‍പം ശബ്ദം ഉയര്‍ത്തി ഞാന്‍ പറഞ്ഞു, ചേട്ടന്‍ വിട്ടോ, ഞാന്‍ കോട്ടേത്തേക്കാ...!!! 

Tags:
  • Celebrity Interview
  • Movies