കുറച്ചുമാസങ്ങളായി വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോള്‍ സ്വയം വീണ്ടെടുപ്പിന്‍റെ പാതയിലാണെന്നും നടി നസ്രിയ നസീം.
‘എല്ലാവർക്കും നമസ്കാരം,
നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. ഞാൻ എന്തുകൊണ്ടാണ് കുറച്ചുനാൾ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നതെന്ന് തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് എല്ലാവർക്കുമറിയാം ഈ മനോഹരമായ ലോകത്ത് ഏറെ സജീവമായിരുന്ന ആളാണ് ഞാൻ. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യക്തിപരമായും വൈകാരികവുമായുള്ള ചില പ്രയാസങ്ങളും വെല്ലുവിളികളും കാരണം എനിക്ക് ഇവിടെ സജീവമാകാൻ കഴിഞ്ഞിരുന്നില്ല.
എന്റെ 30-ാം ജന്മദിനവും പുതുവർഷവും ആഘോഷിക്കാൻ എനിക്ക് കഴിഞ്ഞില്ല, ഞാൻ നായികയായ ‘സൂക്ഷ്മദർശിനി’ എന്ന സിനിമയുടെ വിജയവും, മറ്റു നിരവധി പ്രധാനപ്പെട്ട നിമിഷങ്ങളും ആഘോഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. എനിക്ക് എന്തുപറ്റി എന്നും എന്താണ് എന്നെ കാണാത്തതെന്നും ചോദിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ നിന്ന് വന്ന ഫോൺ കോളുകളും മെസ്സേജുകളും എടുക്കുകയും മറുപടി പറയാതിരിക്കുകയും ചെയ്തതിന് ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ അഭാവം നിമിത്തം ആർക്കെങ്കിലും അസൗകര്യമോ വിഷമമോ ഉണ്ടായെങ്കിൽ അതിൽ ഞാൻ ഖേഃദിക്കുന്നു. ഞാൻ പൂർണമായും എന്നിൽ തന്നെ ചുരുങ്ങുകയായിരുന്നു.
പുതിയ അവസരങ്ങളുമായി എന്നെ ബന്ധപ്പെടാൻ ശ്രമിച്ച എന്റെ എല്ലാ സഹപ്രവർത്തകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ മറുപടി നൽകാത്തതുകാരണം നിങ്ങൾക്ക് എന്തെങ്കിലും തടസ്സമുണ്ടായെങ്കിൽ അതിനും ഞാൻ ക്ഷമ ചോദിക്കുന്നു.
ഒരു സന്തോഷകരമായ കാര്യം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നലെ എനിക്ക് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. ഈ വാർത്ത പങ്കുവയ്ക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എനിക്കൊപ്പം അംഗീകാരം ലഭിച്ച എല്ലാവർക്കും, നോമിനേഷൻ ലഭിച്ചവർക്കും വിജയികൾക്കും അഭിനന്ദനങ്ങൾ. എല്ലാ പിന്തുണയ്ക്കും അഭിനന്ദനങ്ങൾക്കും നന്ദി.
ഇതൊരു കഠിനമായ യാത്രയായിരുന്നു, പക്ഷേ ഞാൻ ഓരോ ദിവസവും എന്നെ സുഖപ്പെടുത്താനും കൂടുതൽ മെച്ചപ്പെടാനും പ്രയത്നിച്ചുകൊണ്ടിരിന്നു എന്ന് നിങ്ങളെ അറിയിക്കട്ടെ. ഈ സമയത്ത് എന്നെ മനസ്സിലാക്കാനും പിന്തുണ നൽകാനും തയാറായ എല്ലാവർക്കും നന്ദി. പൂർണമായും ഞാൻ പഴയനിലയിലാകാൻ കുറച്ചുകൂടി സമയം വേണ്ടിവന്നേക്കാം, പക്ഷേ ഞാൻ ഉറപ്പായും സുഖംപ്രാപിച്ചുകൊണ്ടിരിക്കുകയാണ്.
ഇങ്ങനെ അപ്രത്യക്ഷമായതിന് എന്റെ എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഒരു വിശദീകരണം നൽകേണ്ട കടമയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഞാനിപ്പോൾ ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത്.
എല്ലാവരോടും സ്നേഹം, ഉടൻ തന്നെ ഞാൻ വീണ്ടും നിങ്ങളിലേക്ക് തിരിച്ചെത്തും. എനിക്ക് വേണ്ടി എപ്പോഴും നിലകൊണ്ടതിനും എനിക്ക് തന്ന അനന്തമായ പിന്തുണയ്ക്കും നന്ദി’.– കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമകളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വിട്ടുനില്‍ക്കുന്നതില്‍ വിശദീകരണമെന്ന നിലയിൽ താരം സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.