Monday 28 October 2019 03:35 PM IST

ഉദ്ഘാടനത്തിന് ഞാൻ വൈകിയില്ല, ആളെക്കൂട്ടാൻ സംഘാടകർ ഒരുക്കിയ തന്ത്രം പിഴച്ചു! ‘മൂക്കിനിടി കിട്ടിയ’തിനെക്കുറിച്ച് പ്രതികരിച്ച് നൂറിൻ

Binsha Muhammed

noorin

എനിക്കിപ്പോൾ ഓൺലൈൻ തലക്കെട്ടുകളെ പേടിയാണ്. ഒന്നു ക്ലിക്കിയാൽ അതിനകത്ത് എന്ത് ബോംബാണ് ഇരിക്കുന്നതെന്ന് പറയാൻ ആകില്ലല്ലോ. എന്നെ സ്നേഹിക്കുന്നവരോട് ആദ്യമേ പറയട്ടെ. എനിക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ല. പരുക്കും പറ്റിയിട്ടില്ല. സുഖമായിരിക്കുന്നു. - ഉദ്ഘാടന ചടങ്ങിനിടെ ജനക്കൂട്ടത്തിന്റെ സ്നേഹപ്രകടനത്തിൽ പരുക്കേറ്റ നടി നൂറിൻ ഷെരീഫ് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘വനിതഓൺലൈനോട്’ പ്രതികരിച്ചത് ഇങ്ങനെ.

സത്യത്തിൽ സംഭവിച്ചത്

മഞ്ചേരിയിൽ ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനത്തിന് എന്നോട് എത്താൻ അറിയിച്ചിരുന്ന സമയം ആറ് മണി! പക്ഷേ സംഘാടകർ അനൗൺസ് ചെയ്തിരുന്നത് 4 മണി! കൃത്യം ആറ് മണിയോടു കൂടി തന്നെ ഞാൻ അവിടെ എത്തുകയും ചെയ്തു. പക്ഷേ സംഘാടകരുടെ അറിയിപ്പ് വിശ്വസിച്ച് നാല് മണിയാകുന്നതിന് മണിക്കൂറുകൾക്കു മുൻപു തന്നെ ജനം അവിടെ തടിച്ചു കൂടിയിരുന്നു. അവരിൽ പലരും തിരക്കിൽ നിന്നു ക്ഷീണിച്ച അവസ്ഥയിലായിരുന്നു. ഉമ്മച്ചിയോടൊപ്പം ഉദ്ഘാടന സ്ഥലത്തേക്ക് ഞാനെത്തുമ്പോൾ അവിടെ സൂചികുത്താൻ ഇടമില്ല. വേദിയിലേക്കെന്നല്ല, അതിനു പരിസരത്തു പോലും പോകാൻ പറ്റാത്ത സാഹചര്യം. തിരക്കിനിടെ എന്റെ കാറെങ്ങാനും അവിടെ കൂടിയവരുടെ ദേഹത്തെങ്ങാനും ഉരസിയാൽ ‘നടിയുടെ കാർ തട്ടി ഗുരുതര പരുക്ക് എന്നാകും’ അടുത്ത ദിവസത്തെ വാർത്ത. അതു കൊണ്ട് അധികം സാഹസത്തിനു മുതിരാതെ കാറിൽ തന്നെയിരുന്നു.

noorin 2

നേരം കടന്നു പോകുന്നു എന്ന് മനസിലാക്കിയപ്പോഴാണ് കാറിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചത്. ഇറങ്ങുമ്പോൾ ജനസാഗരം ഇളകി മറിയുകയാണ്. എന്നെ സുരക്ഷിതമായി വേദിയിലേക്കെത്തിക്കാൻ അവിടെ സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചിരുന്നില്ല. ആൾക്കാരുടെ ഉന്തിലും തള്ളിലും കാറിന്റെ വിൻഡ് ഷീൽഡും സൈഡ് മിററും തകർന്നു. എന്നിട്ടും വല്ല വിധേനയും പണിപ്പെട്ട് വേദിയിലേക്ക് തിരക്കുകൾക്കിടയിലൂടെ നീങ്ങി. എനിക്കൊപ്പം വന്നവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയുണ്ടായിരുന്നു. ഇതിനിടയ്ക്ക് ഏതോ ഒരു അജ്ഞാത കൈ എന്റെ മൂക്കിൽ വന്നിടിച്ചു. സത്യം പറഞ്ഞാൽ എനിക്ക് വല്ലാതെ വേദനയെടുത്തു. അതു വരെ സത്യം...–ഒരു ദീർഘനിശ്വാസത്തോടെ നൂറിന്റെ വാക്കുകൾ.

ആരെയും കുറ്റക്കാരാക്കുന്നില്ല

സമയം തെറ്റിച്ചു പറഞ്ഞതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന വാക്കുകൾ പൂർണമായും ശരിയല്ല. അതിന്റെ പേരിൽ സംഘാടകരെ പഴിക്കുന്നുമില്ല. പലപ്പോഴും നമ്മളോട് പറയുന്ന സമയത്തിൽ നിന്നും അര മണിക്കൂർ വരെ പരിപാടികൾ വൈകാറുണ്ട്. ഇവിടെ ഇത്രയധികം നീണ്ടു പോയത്, കുറച്ചധികം ആളുകൾ ഈ ടൈം ഗ്യാപ്പിനുള്ളിൽ ഉദ്ഘാടന വേദിയിലേക്ക് എത്തട്ടേ എന്ന് കടയുടമയും ആഗ്രഹിച്ചു. കൂടുതൽ ആൾക്കാരെ ആകർഷിക്കാൻ അവർ അങ്ങനെ ചെയ്തതിനെ കുറ്റം പറയുന്നില്ല. പക്ഷേ ‘അൽപ സമയത്തിനകം...നൂറിൻ എത്തും...ഇതാ എത്തിക്കൊണ്ടിരിക്കുന്നു’ എന്ന് അനൗൻസ് ചെയ്തതും ഒരുപാട് നേരത്തേ എത്തി കാത്തു നിൽക്കുന്നവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. ആളെക്കൂട്ടാനുള്ള തന്ത്രം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നു മാത്രം. നേരം വൈകുന്നതിനനുസരിച്ച് ആൾക്കാർ ആ പ്രദേശത്ത് കൂട്ടം കൂട്ടമായെത്തി. കഷ്ടപ്പെട്ട് വേദിയിലെത്തുമ്പോഴേക്കും വല്ലാത്ത വേദനയുണ്ടായിരുന്നു. ഒടുവിൽ‌ ഒരു ഡാൻസ് പ്രകടനം കാഴ്ച വച്ചാണ് അവിടെ നിന്ന് മടങ്ങിയത്. സ്റ്റേജിൻറെ പിൻഭാഗത്ത് മറ്റൊരു വണ്ടി സംഘാടകർ അറേഞ്ച് ചെയ്യുകയായിരുന്നു.

n1

നൂറിൻ സുഖമായിരിക്കുന്നു

സോഷ്യൽ മീഡിയയും ടിക് ടോക്കും വാട്സാപ്പുമൊക്കെ റിപ്പീറ്റ് മോഡിൽ ആഘോഷിക്കും പോലെ നൂറിൻ പരുക്കേറ്റ് അവശനിലയിലൊന്നുമല്ല. എന്നെ ആരും ആക്രമിച്ചിട്ടുമില്ല. ബുദ്ധിമുട്ടുണ്ടായപ്പോൾ ഞാൻ ഡോക്ടറെ കണ്ടിരുന്നു. പ്രശ്നങ്ങളൊന്നുമില്ല എന്നാണ് അവർ പറഞ്ഞത്. സുഖമായിരിക്കുന്നു...സദുദ്ദേശത്തോടെ വാർത്ത ഷെയർ ചെയ്തവർക്ക് നന്ദി. എന്നെ സ്നേഹിക്കുന്നവരോട് തിരിച്ചും സ്നേഹം– നൂറിൻ പറഞ്ഞു നിർത്തി.

Tags:
  • Social Media Viral