Tuesday 26 July 2022 09:19 AM IST : By സ്വന്തം ലേഖകൻ

‘ചാക്കോച്ചാ... പൊളിച്ചൂടാ മോനെ പൊളിച്ചു’: അഭിന്ദിച്ച് ഔസേപ്പച്ചൻ: കുറിപ്പ്

ouseppachan

1985ൽ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌, ഭരതൻ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതർ പാടി...’ എന്നാരംഭിക്കുന്ന ഗാനം മലയാളത്തിലെ ക്ലാസിക്ക് ഹിറ്റാണ്. ഇപ്പോഴിതാ, ഒ.എൻ‍.വി. കുറുപ്പ് രചിച്ച്‌, ഔസേപ്പച്ചൻ ഈണം നൽകിയ ആ സൂപ്പർ ഹിറ്റ്‌ ഗാനം വീണ്ടും വെള്ളിത്തിരയിൽ. കുഞ്ചാക്കോ ബോബൻ നായകനായി, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ്‌ കൊട്‌’ എന്ന ചിത്രത്തിലാണ് പാട്ട് വീണ്ടും ഉപയോഗിച്ചിരിക്കുന്നത്. ചാക്കോച്ചന്റെ വേറിട്ട ചുവടുകളാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ ഹൈലൈറ്റ്.

ഇപ്പോഴിതാ, പാട്ടിന്റെ പുതിയ പതിപ്പ് ഹിറ്റായതിന്റെ സന്തോഷം കുറിച്ച് ഔസേപ്പച്ചൻ പങ്കുവച്ച കുറിപ്പാണ് വൈറൽ.

‘ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം .അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ .ആർ.റഹ്മാൻ , ഗിറ്റാർ ജോൺ ആന്റണി ,ഡ്രംസ് ശിവമണി.അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്‌ട്രേഷൻ പുനർ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി Kunchacko Boban Biju Narayanan’– ഔസേപ്പച്ചൻ കുറിച്ചു.

എസ്.ടി.കെ. ഫ്രെയിംസിന്റെ സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ചിത്രം ആഗസ്റ്റ്‌ 12 ന് തിയറ്ററുകളിലെത്തും. തമിഴ് നടി ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.