Tuesday 17 April 2018 01:43 PM IST : By സ്വന്തം ലേഖകൻ

‘ഫുട്ബോളിൽ ഞാനൊരു ഫോർവേഡ് താരമാണ് കേട്ടോ.’ അജിൽ ഇതു പറയുമ്പോൾ മഞ്ജു വാരിയർക്ക് കൗതുകം

palakkad-manju.jpg.image.784.410

‘ഫുട്ബോളിൽ ഞാനൊരു ഫോർവേഡ് താരമാണ് കേട്ടോ.’– താഴെ ചിണ്ടക്കി ഊരിലെ ആദിവാസി ബാലൻ നാലാംക്ലാസുകാരനായ അജിൽ ഇതു പറയുമ്പോൾചലച്ചിത്രതാരം മഞ്ജു വാരിയർക്ക് കൗതുകം. ‘ഫോർവേഡോ’ എന്ന മഞ്ജുവിന്റെ സംശയത്തിന് ഉടൻ വന്നു മറുപടി–‘മറ്റു കളിക്കാരെ വെട്ടിച്ച് ഗോളടിക്കുന്നയാളാണ് ഫോർവേഡ്’. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ വീട്ടിലെത്തിയ ശേഷം, ഊരിലെ വിഷു സദ്യയ്ക്ക് ഒപ്പമിരുന്നതാണ് മഞ്ജുവാരിയരും അജിലും.
വിശേഷങ്ങൾ തിരക്കിയപ്പോഴാണ് അജിൽ തന്റെ ഫുട്ബോൾ താരത്തെ പുറത്തെടുത്തത്. കളിക്കുന്ന ക്ലബിന്റെ പേര് തിരക്കിയപ്പോൾ ‘കൈരളി ബി’ എന്നായി. ‘എന്താണ് ബി? ’–മഞ്ജു ചോദിച്ചു. ‘എ വലിയവരുടെ ടീമാണ്. ബി ഞങ്ങൾ കുട്ടികളുടെയും’. സദ്യ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സംഘാടകരെത്തിച്ച പുത്തൻ ഫുട്ബോൾ അജിലിനും കൂട്ടുകാർക്കും സമ്മാനിച്ചാണ് മഞ്ജു വാരിയർ മടങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ താഴെ ചിണ്ടക്കി ഊരിൽ മധുവിന്റെ വീട്ടിലെത്തിയ മഞ്ജു മധുവിന്റെ അമ്മ മല്ലിയെയും സഹോദരിമാരായ സരസുവിനെയും ചന്ദ്രികയെയും ആശ്വസിപ്പിച്ചു. മുറ്റത്തെ പന്തലിൽ അവരെ ചേർത്ത് നിർത്തി വിവരങ്ങൾ ആരാഞ്ഞു. പ്രതിസന്ധികളും പ്രയാസങ്ങളും മറികടക്കാൻ ധൈര്യം സംഭരിക്കണമെന്ന് ഉപദേശിച്ചു. നാട് മുഴുവൻ വിഷു ആഘോഷിക്കുമ്പോഴും നാട്ടിൽ പലയിടത്തും നടക്കുന്ന സംഭവങ്ങൾ മനസിന് സുഖകരമല്ലാത്തതും സന്തോഷമില്ലാത്തതുമാണ്.
ഈ സാഹചര്യത്തിൽ വേദനിക്കുന്നവരോടൊപ്പം അൽപസമയം ചെലവിടുന്നതിനു വേണ്ടിയാണ് മധുവിന്റെ ബന്ധുക്കളെയും ഊരിലുള്ളവരെയും സന്ദർശിച്ചതെന്നും അവർ പറഞ്ഞു. മഞ്ജുവാരിയർ ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രവർത്തകരായ ബിനീഷ്, ചെന്നൈ സിഎൽഎസ്എൽ ഡയറക്ടർ അശോകൻ നെന്മാറ, ഡോ. ഷാജഹാൻ, രാമചന്ദ്രൻ വയനാട്, ആർ.രങ്കസ്വാമി ചിണ്ടക്കി എന്നിവരും ഉണ്ടായിരുന്നു.