Saturday 14 April 2018 03:15 PM IST : By സ്വന്തം ലേഖകൻ

'ഇത്തരം സംഭവങ്ങൾ നമുക്ക് ശീലമായല്ലോ എന്നുള്ളതാണ്, നാണിക്കുന്നു നമ്മളെയോര്‍ത്ത്..'; പൊട്ടിത്തെറിച്ച് പൃഥ്വിരാജ്

Prithviraj-Sukumaran-Angry

കശ്മീരില്‍ എട്ടുവയസുകാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുമ്പോള്‍ വേറിട്ട പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ഫെയ്സ്ബുക്കില്‍ താരമിട്ട കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

"എന്നോട് പലരും പറഞ്ഞു രാജുവേട്ടാ.. കശ്മീര്‍ സംഭവത്തെ കുറിച്ച് എന്തെങ്കിലും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് .. എന്താണ് ഞാൻ പോസ്റ്റ് ചെയ്യേണ്ടത് ? ഒരു എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് തെറ്റാണെന്നോ ? അതോ ഇതിനെയെല്ലാം ന്യായികരിക്കുന്നത് തെറ്റാണെന്നോ ? ഇതൊക്കെ ഞാൻ പറയേണ്ടതാണോ ? ആരെങ്കിലും പറഞ്ഞു മനസ്സിലാക്കേണ്ട ഒന്നാണോ ? എനിക്ക് ഒന്നും പറയാൻ ഇല്ല ! ഒന്നും.."
-ആ വാക്കുകളിലുണ്ട് എല്ലാം. പ്രതിഷേധവും നിസംഗതയും അമര്‍ഷവും എല്ലാം.

"ഒരു പെണ്‍കുട്ടിയുടെ അച്ഛൻ എന്ന നിലയിൽ, ഒരു ഭർത്താവ് എന്ന നിലയിൽ എനിക്ക് ആശങ്കകള്‍ ഉണ്ട്. അതിനെക്കാള്‍ എന്നെ അലോസരപ്പെടുത്തുന്നത് ഇത്തരം സംഭവങ്ങൾ നമ്മുക്ക് ശീലമായല്ലോ എന്നുള്ളതാണ്, ശരിക്കും നാണിക്കുന്നു നമ്മളെയോര്‍ത്ത്." -പൃഥ്വി കുറിച്ചു.

സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ സാംസ്കാരിക രംഗത്തും വന്‍പ്രതിഷേധങ്ങള്‍ തുടരുകയാണ്. പെണ്‍കുട്ടിക്ക് നീതി തേടി പോസ്റ്റുകളും ഹാഷ്ടാഗുകളും നിറയുമ്പോളാണ് പൃഥ്വിരാജിന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. ഹാഷ്ടാഗുകളില്‍ മാത്രം ഇത്തരം പ്രതിഷേധങ്ങള്‍ ഒതുങ്ങിപ്പോകുന്നുവെന്നും ‘ജസ്റ്റിസ് ഫോര്‍’ എന്നത് മാത്രം സ്ഥിരമുള്ളതും ചേര്‍ക്കേണ്ട പേരുകള്‍ മാറി വരുമെന്നും സമൂഹമാധ്യമങ്ങളില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.

Read More..