Friday 02 November 2018 11:39 AM IST : By സ്വന്തം ലേഖകൻ

‘അടിച്ചുപൊളിപ്പാട്ടുകാരന്‍’ കലാസദന്‍ ഉല്ലാസ്; ‘ഗാനഗന്ധര്‍വ്വനായി’ മമ്മൂട്ടി: വിഡിയോ

ramesh-pisharody

രമേഷ് പിഷാരടിയുടെ ‘ഗാനഗന്ധര്‍വ്വനി’ൽ, ഗാനമേളകളിലെ ‘അടിച്ചുപൊളിപ്പാട്ടുകാരന്‍’കലാസദന്‍ ഉല്ലാസായി മമ്മൂട്ടി. മെഗാസ്റ്റാറിന്റെ കരിയറിലെ ഏറെ വ്യത്യസ്തമായ കഥാപാത്രമാകും ഹാസ്യത്തിന് മുൻതൂക്കം നൽകിയൊരുക്കുന്ന ഉല്ലാസ്. ‘പഞ്ചവര്‍ണതത്ത’യ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന‘ഗാനഗന്ധര്‍വ്വന്‍’ അടുത്ത വർഷമാണ് തിയേറ്ററിലെത്തുകയെങ്കിലും ആരാധകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടാൻ ഈ കഥാപാത്രം മാത്രം മതി.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പ്രമോ ടീസറും പിഷാരടി തന്റെ ഫെയ്സ്ബുക്ക് പേജിൽ റിലീസ് ചെയ്തു.

മമ്മൂട്ടിയുടെ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങൾ കണ്ട്, വിസ്മയപ്പെട്ടു നിൽക്കുന്ന കുട്ടിയാണ് ടീസറിലെ ശ്രദ്ധാ കേന്ദ്രം. മമ്മൂട്ടിയുടെ കരിയറിലെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ടീസറിൽ കാണാം.

“കഥാപാത്ര വൈവിധ്യങ്ങളിലൂടെ മൂന്നര പതിറ്റാണ്ടുകളിൽ അധികമായി ഇന്ത്യന്‍ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നെയും നിങ്ങളെയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേര്‍ന്ന് ഒരു സിനിമ. ഗാനമേള വേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു. സ്നേഹത്തോടെ കൂട്ടുകാര്‍ അയാളെ വിളിക്കുന്നു ഗാനഗന്ധര്‍വ്വന്‍”.– ടീസറിൽ പിഷാരടി പറയുന്നു.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. ശ്രീലക്ഷ്മി ആർ, ശങ്കർ രാജ് ആർ, രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് നിർമ്മാണം.