Saturday 17 November 2018 10:51 AM IST : By സ്വന്തം ലേഖകൻ

‘മേരി ജോർജ്, ക്രിസ്റ്റഫർ’; ശരവണൻ `സൈക്കോ` ആയത് ഇങ്ങനെ; അമ്പരപ്പിച്ച് രാക്ഷസൻ മേക്കിങ്–വിഡിയോ

psycho

സൈക്കോ ത്രില്ലറുകളിൽ തെന്നിന്ത്യ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നെന്നാണ് രാം കുമാർ സംവിധാനം ചെയ്ത് വിഷ്ണു വിശാൽ നായകനായ ‘രാക്ഷസൻ’ വിശേഷിപ്പിക്കപ്പെടുന്നത്. ചിത്രം തിയേറ്ററിൽ വിജയ പ്രദർശനം തുടരുമ്പോൾ, പ്രേക്ഷകരെ ഏറ്റവുമധികം വിസ്മയിപ്പിക്കുന്നത് വില്ലനായ സൈക്കോ കൊലയാളി ക്രിസ്റ്റഫറാണ്. വിരൂപനായ ക്രിസ്റ്റഫറായി സ്വന്തം മുഖം കാണിക്കാതെ അഭിനയിച്ച് തകർത്തത് ശരവണനെന്ന ജൂനിയർ ആർട്ടിസ്റ്റാണെന്ന് അടുത്തിടെയാണ് എല്ലാവരും അറിഞ്ഞത്.

സ്ക്രീനിൽ തന്റെ യഥാർത്ഥ മുഖം കാണുന്നില്ല എങ്കിലും തന്റെ കഥാപാത്രം ശ്രദ്ധേയമായതിൽ ഈ യുവനടൻ സംതൃപ്തനാണ്. എന്നാൽ ക്രിസ്റ്റഫറാകാൻ ശരവണൻ സഹിച്ച ത്യാഗങ്ങൾ ഒരുപാടാണു താനും. ഇപ്പോഴിതാ കഥാപാത്രത്തിനായുള്ള ശരവണന്റെ സമർപ്പണം എത്രത്തോളമെന്ന് വ്യക്തമാക്കുന്ന മേക്കിങ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ മേരി ഫെർണാണ്ടസായും ക്രിസ്റ്റഫറായും പരകായ പ്രവേശം നടത്തിയ ശരവണൻ എത്രയേറെ കഷ്ടത സഹിച്ചിട്ടുണ്ടെന്ന് മേക്കിങ് വിഡിയോയിൽ പ്രകടം.

രാക്ഷസനു മുൻപ് വളരെ ചെറിയ റോളുകൾ മാത്രമാണ് ശരവണന് ലഭിച്ചിരുന്നത്. വർഷങ്ങളോളം അവസരം തേടി അലഞ്ഞു. ഒടുവിൽ രാം കുമാറിന്റെ അടുത്തെത്തിയ ശരവണനോട് അദ്ദേഹം പറഞ്ഞതിങ്ങനെ: ‘‘നിങ്ങൾക്ക് ഒരു വേഷം തരാം. പ്രധാനപ്പെട്ട വേഷമാണ്, പക്ഷെ മുഖം കാണിക്കാൻ പറ്റില്ല. അതെ സമയം ഒരുപാട് കഷ്ടപ്പാടുകളും ഉണ്ടാകും’’. ശരവണൻ ഉടൻ സമ്മതിച്ചു. സിനിമയിൽ ഒരു സീനിലെങ്കിലും അഭിനയിക്കാൻ വേണ്ടി പലരുടെയും കാലുപിടിച്ചിട്ടുള്ള ഒരുവന് എങ്ങനെയെങ്കിലും ഒരു നല്ല വേഷം കിട്ടിയാൽ മതിയെന്നായിരുന്നു.

മേരി ഫെർണാണ്ടസ്, ക്രിസ്റ്റഫർ എന്നീ കഥാപാത്രങ്ങൾക്കായി ശരവണന്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ നിരവധിയാണ്.

‘‘പണമില്ലാത്തതിനാൽ ശരീരഭാരം കുറയ്ക്കാൻ വെറും വയറ്റിൽ പുളിവെള്ളം കുടിച്ചു. ഭക്ഷണം കഴിക്കാത്തതിനാൽ ആരോഗ്യമില്ലായിരുന്നു. ഫൈറ്റ് സീനുകളും മാജിക്കും ഒക്കെ ചെയ്തു കഴിയുമ്പോൾ എഴുന്നേൽക്കാൻ പോലും കഴിയില്ലായിരുന്നു. ചിലപ്പോഴൊക്കെ വേദനയും സങ്കടവും എന്നെ കീഴടക്കാൻ തുടങ്ങും. അപ്പോഴെല്ലാം എനിക്കിത് ചെയ്തേ മതിയാകൂ എന്ന് സ്വയം പറഞ്ഞു കൊണ്ടിരുന്നു. അമ്പതു തവണയാണ് കഥാപാത്രത്തിനു വേണ്ടി തല മൊട്ടയടിച്ചത്. പുലർച്ചെ നാലു മണി മുതൽ മേക്കപ്പിനു വേണ്ടി ഇരുന്നു കൊടുത്തു. ഒടുവിൽ അലർജിയായി കഴുത്തിലും മുഖത്തും കുമിളകൾ പ്രത്യക്ഷപെട്ടു. റീലീസ് കഴിഞ്ഞ ആദ്യ നാളുകളിൽ വളരെ സങ്കടമായിരുന്നു. എന്നെ ആരും തിരിച്ചറിഞ്ഞില്ല. അണിയറക്കാരും ഞാൻ ആരെന്നു വെളിപ്പെടുത്തിയില്ല. പക്ഷെ പതിയെ എല്ലാവരും എന്നെപ്പറ്റി അന്വേഷിച്ചു തുടങ്ങി. അതു നൽകിയ സന്തോഷം വളരെ വലുതാണ്”.– ശരവണൻ പറയുന്നു.