മലയാള സിനിമയുടെ ചരിത്രത്തെ വിപുലമാക്കിയ ഒരു തലമുറ മെല്ലെ മെല്ലെ മാഞ്ഞു പോകുകയാണ്: ഇപ്പോഴിതാ രവികുമാറും! തിക്കുറുശ്ശി സുകുമാരൻ നായരും സത്യനും പ്രേം നസീറും മധുവും ജയനും സോമനും സുകുമാരനുമുൾപ്പെടുന്ന ആദ്യകാല സൂപ്പർതാരങ്ങളുടെ പ്രതാപകാലത്ത് തങ്ങളുടേതായ ഇടം നേടിയെടുക്കാൻ പരിശ്രമിച്ച ഒരു കൂട്ടം യുവനായകൻമാരെ മറക്കാനാകില്ല. തങ്ങളുടെതായ വിജയങ്ങളും ആരാധകപിന്തുണയുമായി അവരും ഒരു കാലത്തെ വെള്ളിത്തിരയിലേക്കു കൊരുത്തിട്ടവരാണ്. വിൻസന്റും സുധീറും സത്താറും ജോസും രവി മേനോനും ഉൾപ്പെടുന്ന ആ സംഘത്തിലാണ് രവി കുമാറിന്റെയും സ്ഥാനം. പിന്നീടെപ്പോഴോ ‘ചോക്ലേറ്റ് ഹീറോ’ എന്നു സിനിമ കോളങ്ങളിൽ വിശേഷിപ്പിക്കപ്പെട്ട പ്രണയനായകൻമാരിലൊരാളാണ് രവി കുമാർ. അദ്ദേഹത്തിന്റെ സാധ്യതയും ബാധ്യതയും അതായിരുന്നുവെന്നതാണ് വലിയ കൗതുകം.
നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടുവെങ്കിലും വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേ രവികുമാറിന്റേതായി ഇപ്പോൾ ഓർമിക്കപ്പെടുന്നുള്ളൂ. അതിൽ പ്രധാനം ‘അവളുടെ രാവുകളി’ലേതാണ്. അവളുടെ രാവുകളിലെ ബാബു രവികുമാറിന്റെ ചലച്ചിത്ര ജീവിതത്തിൽ എക്കാലവും പരാമർശിക്കപ്പെടുന്ന വേഷമാണ്. റിലീസായ കാലത്ത് ധീരമായ പരീക്ഷണവും വിവാദവുമായി വിലയിരുത്തപ്പെട്ട അവളുടെ രാവുകള്‍ പിന്നീടൊരു കൾട്ട് ക്ലാസിക്കായി മാറി. അതും രവികുമാറിനു ഗുണകരമായെന്നു കരുതാം. അലാവുദ്ദീനും അത്ഭുതവിളക്കും, നീലത്താമര, അങ്ങാടി, സ്ഫോടനം, ടൈഗർ സലീം, അമർഷം, ലിസ, മദ്രാസിലെ മോൻ, കൊടുങ്കാറ്റ്, സൈന്യം, കള്ളനും പൊലീസും തുടങ്ങി മറ്റു ചില ശ്രദ്ധേയ റോളുകളും രവികുമാറിന്റേതായി അടയാളപ്പെടുത്താം. പക്ഷേ, പതിറ്റാണ്ടുകളോളം അഭിനയരംഗത്തു തുടർന്ന ഒരു നടനെ സംബന്ധിച്ച് അതൊക്കെ എത്രയോ നിസ്സാരം. പക്ഷേ, കാലം അങ്ങനെയാണ് അതിന്റെ കളികൾ പ്രവചനാതീതമാണ്!

തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967 ൽ ‘ഇന്ദുലേഖ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976 ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ ശ്രദ്ധേയനാക്കിയത്. രവികുമാറിന്റെ തമിഴിലെ അരങ്ങേറ്റവും ചെറുതായിരുന്നില്ല. വിഖ്യാത സംവിധായകൻ കെ. ബാലചന്ദറിന്റെ ‘അവർകൾ’ (1977) ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രത്തിൽ കമൽഹാസൻ, രജനികാന്ത്, സുജാത എന്നിവർക്കൊപ്പമാണ് രവികുമാർ അഭിനയിച്ചത്.
കാലം പോകെ താൻ ടൈപ്പ് ചെയ്യപ്പെട്ട വേഷങ്ങൾ രവി കുമാറിനു വിനയായി. ആവർത്തനങ്ങൾ പ്രേക്ഷകരെ മുഷിപ്പിച്ചു. തലമുറ മാറിയപ്പോൾ മമ്മൂട്ടിയും മോഹൻലാലും ശങ്കറും റഹ്മാനും ഉൾപ്പെടെയുള്ള പുതിയ നിര സിനിമയിൽ സജീവമായി. പതിയെപ്പതിയെ രവികുമാറുൾപ്പടെയുള്ളവർ തിരക്കുകളിൽ നിന്നൊഴിഞ്ഞു. മെല്ലെ മെല്ലെ നിശബ്ദരായി. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിൽ വല്ലപ്പോഴും ബിഗ് സ്ക്രീനിൽ കണ്ടതൊഴിച്ചാൽ ഒരു ബിഗ് ബ്രേക്ക് അദ്ദേഹത്തിനു ലഭിച്ചില്ല. സീരിയൽ അഭിനയത്തിന്റെ മിനി സ്ക്രീൻ സാധ്യതകളിലേക്ക് ആ പഴയ നായകൻ ഒതുങ്ങിക്കൂടി.
ഇപ്പോഴിതാ, 71 വയസ്സിൽ രവികുമാറിനെ കാൻസർ മരണത്തിലേക്കു കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. വിട...പ്രിയ കലാകാരാ...