Saturday 12 January 2019 12:06 PM IST : By സ്വന്തം ലേഖകൻ

‘‘ചന്തപ്പെണ്ണ് എന്ന വിളി അംഗീകാരം’’! ഡബ്ല്യു.സി.സി സ്ത്രീപക്ഷ സിനിമകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തും: നിലപാട് വ്യക്തമാക്കി റിമ

rima-new

എന്തിനും മുന്നിട്ടിറങ്ങി വരുന്നവർ കേൾക്കേണ്ടി വരുന്ന പഴികളാണ് ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നീ വിളിപ്പേരുകളെന്നും ഇതൊക്കെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിനു തുല്യമായേ തോന്നിയിട്ടുള്ളൂവെന്നും റിമ കല്ലിങ്കൽ. തിരുവനതപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവർ.

ഏറ്റവും താല്‍പര്യത്തോടെ, ഏറ്റവും മുന്നില്‍ നിന്ന് ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതെന്നും അതിനാല്‍ ചന്തപ്പെണ്ണ് എന്ന വിളി ഒരു അംഗീകാരമായി എടുക്കുന്നുവെന്നും സാമൂഹിക സാംസ്കാരിക വിഷയങ്ങൾ വരുമ്പോൾ സ്ത്രീകൾ ഇന്നും മുഖ്യധാരയിൽ നിന്നു മാറ്റപ്പെടുന്നുവെന്നും റിമ.

‘‘വനിതാമതിൽ സംഘടിപ്പിച്ച സമയത്ത് കേട്ട ഒരു നർമ്മമാണ്. വനിതാ മതിലിൽ പങ്കെടുത്ത് വീട്ടിൽ കയറി വരുന്ന ഭാര്യയോട് ഭർത്താവു പറയുകയാണ് ‘എന്നാൽ ഇനി നീ പോയൊരു ചായ എടുക്കാൻ’. കേരളത്തിലെ നവോത്ഥാനം എവിടെയെത്തി നിൽക്കുന്നുവെന്നതിനെ ആണ് അതു സൂചിപ്പിക്കുന്നത്’’. – റിമ പറഞ്ഞു.

ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീപക്ഷ സിനിമകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും ചലച്ചിത്രമേള സംഘടിപ്പിക്കുമെന്നും റിമ. സിനിമയില്‍ ഡയലോഗ് എഴുതുമ്പോള്‍ ഡബ്ല്യു.സി.സിക്ക് ഓകെ ആണോയെന്ന് നോക്കണമല്ലോ എന്ന് ‘സുഡാനി ഫ്രം നൈജീരിയ’യുടെ തിരക്കഥാകൃത്ത് മൊഹ്സിന്‍ തന്നോടു പറഞ്ഞതായും റിമ വ്യക്തമാക്കി.