Tuesday 14 September 2021 09:46 AM IST : By സ്വന്തം ലേഖകൻ

ജോൺ ഹോനായ് ആയത് രഘുവരനു പകരം...സംസ്ഥാന പുരസ്കാരം ഡബ്ബിങ്ങിൽ : റിസ ബാവ എന്ന പ്രതിഭ

risa-bava-2

റിസബാവ ഓർമയാകുമ്പോൾ മലയാളികളുടെ മനസ്സിന്റെ വെള്ളിത്തിരയിൽ ആദ്യം തെളിയുക ജോൺ ഹോനായിയാകും. ‘ഇൻ ഹരിഹർ നഗറി’ലെ സുന്ദരനായ വില്ലനെ... ആ സൗന്ദര്യത്തിനു പിന്നില്‍ ക്രൂരതയുടെ ചിരിയൊളിപ്പിച്ച് മലയാള സിനിമയിലേക്ക് റിസ ബാവ എത്തിയത് അത്രകാലത്തെ പ്രതിനായക സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിക്കൊണ്ടാണ്.

‘‘അമ്മച്ചിക്ക് ഓർമ്മയുണ്ടോ... ഒരു വിരൽ തുമ്പിൽ എന്നെയും മറു വിരൽ തുമ്പിൽ ആൻഡ്രൂസിനെയും പിടിച്ച് നടക്കാൻ ഇറങ്ങുമ്പോൾ പണ്ട് അമ്മച്ചി ഞങ്ങൾക്കൊരു കഥ പറഞ്ഞു തരുമായിരുന്നില്ലേ... ഭൂതത്തിന്റെ കയ്യിൽ നിന്നും ഭൂമി നിധി തട്ടിപ്പറിച്ച കഥ... ആ കഥയിലെ നിധിയാണ് ഇപ്പോൾ അമ്മച്ചിയുടെ കയ്യിലിരിക്കുന്നത്.. പ്ലീസ് അമ്മച്ചി അതിങ്ങ് തന്നേര്.. കൊലകൾ ചെയ്ത് മടുത്തു... ഇനിയും ഒരു കൊലപാതകം അതും അമ്മച്ചിയേ... വയ്യ... പ്ലീസ് അതിങ്ങ് തന്നേക്കു അമ്മച്ചി..’’.– ജോൺ ഹോനായിയയുടെ ഈ ഹിറ്റ് ഡയലോഗും അതിന് റിസ നൽകിയ മോഡുലേഷനും അത്രകാലം മലയാളത്തിലെ വില്ലൻകഥാപാത്രങ്ങൾക്ക് പരിചിതമല്ലാത്തതായിരുന്നു.
ജോൺ ഹോനായിക്കു വേണ്ടി ആദ്യം തീരുമാനിച്ചിരുന്നതു തെന്നിന്ത്യൻ നടൻ രഘുവരനെയായിരുന്നു. അദ്ദേഹം വിദേശത്ത് മറ്റൊരു ചിത്രത്തിന്റെ തിരക്കിലായതിനാൽ വരാനായില്ല. സിനിമ ഉടൻ തുടങ്ങേണ്ടതിനാൽ കാത്തിരിക്കുകയെന്നതും ബുദ്ധിമുട്ടാണ്. അങ്ങനെയാണ് ആ വേഷം റിസബാവയിലേക്കെത്തിയത്. ആദ്യം വില്ലൻ വേഷത്തോട് താൽപര്യക്കുറവുണ്ടായിരുന്നെങ്കിലും കഥയും കഥാപാത്രവും കേട്ടപ്പോൾ ഇഷ്ടമായി. ബാക്കി ചരിത്രം.

‘ഇൻ ഹരിഹർ നഗർ’ റീമേക്ക് ചെയ്തപ്പോൾ തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും ഹോനായ് എന്ന കഥാപാത്രം റിസബാവ തന്നെ ചെയ്യണമെന്നതായിരുന്നു അതിന്റെയൊക്കെ നിർമാതാക്കളുടെയും സംവിധായകരുടെയും ആഗ്രഹം. അത്രയേറെ ആ കഥാപാത്രം റിസയിൽ സുരക്ഷിതമായിരുന്നു. എന്നാൽ ആ അവസരങ്ങളൊന്നും അദ്ദഹം ഏറ്റെടുത്തില്ല.

നാടകത്തിലൂടെയാണ് റിസബാവ അഭിനയ രംഗത്ത് സജീവമായത്. ‘സ്വാതി തിരുന്നാൾ’ എന്ന നാടകത്തിൽ സായ്കുമാർ ചെയ്തിരുന്ന നായകവേഷം അദ്ദേഹം ‘റാംജിറാവു സ്പീക്കിങ്ങിൽ’ അഭിനയിക്കാൻ പോയപ്പോൾ ഏറ്റെടുത്തത് റിസബാവയായിരുന്നു.

1984-ൽ ‘വിഷുപ്പക്ഷി’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. ‘ഡോക്ടർ പശുപതി’യിൽ നായകനായാണ് റിസ ബാവയുടെ മുഖം മലയാള സിനിമയുടെ വെള്ളിത്തിരയിൽ ആദ്യം തെളിഞ്ഞത്. അതു സായ് കുമാറിന് പകരക്കാരനായിത്തന്നെ. ഡോക്ടർ പശുപതിയില്‍ സായി കുമാറിന് പറഞ്ഞുറപ്പിച്ച വേഷത്തിലാണ് റിസ ബാവ എത്തിയത്. തനിക്ക് തിരക്കായതിനാൽ സായിയാണ് റിസ ബാവയ്ക്ക് ഈ അവസരം ഒരുക്കിയതും.

‘ഡോക്ടർ പശുപതി’ക്കു ശേഷമാണ് ‘ഇൻ ഹരിഹർ നഗർ’ എത്തിയത്. അതോടെ നായകനായുള്ള തുടക്കം മുളയിലേ നുള്ളി മലയാള സിനിമ റിസബാവയെ വില്ലനാക്കി. ക്രൂരനായ, സുന്ദരനായ വില്ലന്‍ എന്ന പരിവേഷത്തോടെ തുടർന്നു വന്ന പല സിനിമകളിലും റിസബാവ തിളങ്ങി...

120–ലധികം സിനിമകളി‍ൽ അഭിനയിച്ച റിസബാവയ്ക്ക് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുന്നത് ഡബ്ബിങ്ങിനാണ്. 2010–ൽ പുറത്തിറങ്ങിയ ‘കർമയോഗി’ എന്ന ചിത്രത്തിൽ തലൈവാസൽ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന് നൽകിയ ശബ്ദമാണ് പുരസ്കാരനേട്ടത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. തലൈവാസൽ വിജയ് അഭിനയിച്ച മറ്റു മലയാള സിനിമകളിലും അദ്ദേഹത്തിന് ശബ്ദമായത് റിസബാവ തന്നെയാണ്. ‘പ്രണയം’ എന്ന ചിത്രത്തിൽ അനുപം ഖേറിന്റെ കഥാപാത്രത്തിന് ഡബ് ചെയ്തതും റിസബാവയാണ്.

risa-bava

അഭിനയത്തികവിലും ഡയലോഗ് ഡെലിവറിയിലും മറ്റേതൊരു മികച്ച നടനോടും മത്സരിക്കത്തക്ക പ്രതിഭയുണ്ടായിട്ടും കഴിവിനൊത്ത അവസരങ്ങൾ കിട്ടാതെ അകാലത്തിൽ ആ കരിയറും ജീവിതവും അവസാനിച്ചു.

സിനിമകൾക്കൊപ്പം ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.