Friday 15 February 2019 11:54 AM IST : By സ്വന്തം ലേഖകൻ

‘സായ് പല്ലവിയെ തോൽപ്പിച്ച് സായ് പല്ലവി’! ‘റൗഡി ബേബി’ ഒന്നാമത്

raudy-baby-new

സായ് പല്ലവിയുടെ നൃത്തമുണ്ടോ, എങ്കിൽ പാട്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തും. ഇത് പുതിയ ഉറപ്പാണ്. വെറും ഉറപ്പല്ല, തെളിയിക്കപ്പെട്ട സത്യം. ഏറ്റവുമൊടുവിൽ ‘റൗഡി ബേബി’ വരെ ഈ ഉറപ്പിന്റെ ഉദാഹരണമാണ്.

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ യു ട്യൂബ് ഗാനമെന്ന റെക്കോര്‍ഡും സ്വന്തമാക്കി കുതിക്കുകയാണ് സായി പല്ലവി - ധനുഷ് ടീമിന്റെ ‘റൗഡി ബേബി’. ‘മാരി ടു’വിലെ ഈ ഗാനത്തിനു വേണ്ടി രണ്ടു ഡാൻസ് പുലികളും കൈകോർത്തപ്പോൾ കടപുഴകി വീണതും സായിയുടെ തന്നെ മറ്റൊരു ഗാനം കൈവശപ്പെടുത്തിയിരുന്ന റെക്കോഡാണ്.

സായിയുടെ തെലുങ്ക് ചിത്രം ‘ഫിദ’യിലെ ‘വച്ചിൻഡെ’ എന്നാരംഭിക്കുന്ന പാട്ടിനെയാണ് ‘റൗഡി ബേബി’ പിന്തള്ളിയത്.

21 കോടിയോളം കാഴ്ചക്കാരുമായാണ് റൗഡി ബേബി ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള വച്ചിന്‍ഡയ്ക്ക് 19 കോടിയോളം കാഴ്ചക്കാരുണ്ട്.

യൂട്യൂബില്‍ ജനുവരി രണ്ടിന് അപ്ലോഡ് ചെയ്ത ഗാനം കേവലം ഒന്നര മാസം കൊണ്ടാണ് ഇരുപത് കോടിയെന്ന മോഹസംഖ്യ പിന്നിട്ടത്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്ന് ആദ്യമായാണ് ഒരു ഗാനം 20 കോടി പിന്നിടുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് റൗഡി ബേബിയുട സംഗീത സംവിധായകൻ. ധനുഷ് വരികളെഴുതി, ധനുഷും ദീയയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടെ കൊറിയോഗ്രഫി കൂടിയായതോടെ ഈ ഗാനരംഗം അതിമനോഹരമായി.