Tuesday 18 June 2024 10:58 AM IST : By സ്വന്തം ലേഖകൻ

സച്ചീ...നിങ്ങൾ ബാക്കിയാക്കിയ ശൂന്യത ഇപ്പോഴും ഇവിടെയുണ്ട്...ഓർമകളിൽ സച്ചി

sachy

പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും കൊടുമുടിയിൽ നിൽക്കവേയാണ് ഹൃദയാഘാതം സച്ചിയെ കാണാമറയത്തേക്കു കൊണ്ടുപോയത്. 48 വയസ്സായിരുന്നു. ഇന്ന് സച്ചി ഓര്‍മയായിട്ട് നാല് വര്‍ഷം.

എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ പുതുക്കിയെടുത്ത പുതുതലമുറക്കാരിൽ ആദ്യ പേരുകളിലൊരാളാണ് സച്ചി.

മലയാള സിനിമയിലെ വൻ ഹിറ്റുകളായ ‘അനാർക്കലി’യും ‘അയ്യപ്പനും കോശിയു’മാണ് സച്ചി സംവിധാനം ചെയ്ത ചിത്രങ്ങൾ. ഈ രണ്ടു ചിത്രങ്ങൾ മാത്രം മതി സച്ചിയെന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും പ്രതിഭ മനസ്സിലാക്കാൻ.

സുഹൃത്തായ സേതുവുമായി ചേർന്ന് എഴുതിയ ‘ചോക്‌ലേറ്റ്’ ആയിരുന്നു ആദ്യ സിനിമ. തുടർന്ന് ‘റോബിൻഹുഡ്’, ‘മേക്കപ്പ്മാൻ’, ‘സീനിയേഴ്സ്’,‘ഡബിൾസ്’ എന്നീ സിനിമകള്‍ ഈ കൂട്ടുകെട്ടിൽ തിരക്കഥയായി. ജോഷി സംവിധാനം ചെയ്ത ‘റൺ ബേബി റൺ’ ആണ് സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥ. ‘ചേട്ടായീസ്’, ‘അനാർക്കലി’, ‘രാമലീല’, ‘ഷെർലക് ടോംസ്’ എന്നിവയാണു മറ്റു തിരക്കഥകൾ.

13 വർഷമായി മലയാള സിനിമയിൽ സജീവമായിരുന്ന സച്ചി ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണു സിനിമയിലെത്തിയത്. ഒടുവിൽ അയ്യപ്പനും കോശിയും എന്ന വൻ ഹിറ്റിന്റെ പ്രഭാവത്തില്‍ നിൽക്കേ, പറയാൻ കടലോളം കഥകൾ ബാക്കി വച്ച്, 2020 ജൂണിൽ ആ ജീവിതത്തിന്റെ തിരശീല വീണു.