Tuesday 12 February 2019 03:43 PM IST : By സ്വന്തം ലേഖകൻ

ഇതാണ് കാലത്തിന്റെ മാജിക്! 31 വർഷത്തിനു ശേഷം ദേവനും സലീമയും വീണ്ടും ഒന്നിക്കുന്നു

salima-new

ഒരു കാലത്ത് മലയാള സിനിമയുടെ നായികാ സങ്കൽപ്പമായിരുന്നു സലീമ. ‘നഖക്ഷതങ്ങൾ’, ‘ആരണ്യകം’ തുടങ്ങി മലയാളി ഹൃദയത്തോടു ചേർത്തു പിടിച്ച ഒരുപിടി ചിത്രങ്ങൾ സലീമയുടെതായുണ്ട്. അതിൽ തന്നെ ആരണ്യകത്തിലെ ദേവൻ–സലീമ ജോഡി പ്രേക്ഷകരുടെ പ്രണയസങ്കൽപ്പങ്ങൾക്ക് മറ്റൊരു മുഖം കൊടുത്തു.

വർഷങ്ങൾക്കിപ്പുറം സലീമ വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ്. അതിൽ തന്നെ മറ്റൊരു കൗതുകം 1988 ൽ തിയേറ്ററിലെത്തിയ ആരണ്യകത്തിനു ശേഷം ദേവനും സലീമയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു എന്നതാണ്.

‘മുന്തിരി മൊഞ്ചൻ’ എന്ന ചിത്രത്തിലാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. നവാഗതനായ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മുന്തിരി മൊഞ്ചനിൽ ദമ്പതികളായാണ് ഇരുവരും അഭിനയിക്കുക. ചിത്രീകരണം പുരോഗമിക്കുന്നു.

വിവിധ ഭാഷകളിലായി ഒരു ഡസനോളം ചിത്രങ്ങളിൽ അഭിനയിച്ച സലീമ മമ്മൂട്ടി നായകനായ മഹായാനത്തിനു ശേഷം സിനിമയിൽ നിന്നും അകന്നു.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിർമിക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ.