Friday 12 January 2018 05:45 PM IST : By സ്വന്തം ലേഖകൻ

കേരളത്തെ വിലകുറച്ചു കാണുന്ന നടപടി! പശുവിന്റെ രംഗം നീക്കം ചെയ്തതിനെക്കുറിച്ച് സലിം കുമാര്‍

salim_kkumar

സലീംകുമാര്‍ സംവിധാനം ചെയ്ത് ജയറാമും അനുശ്രീയും പ്രധാന താരങ്ങളായ ദൈവമെ കൈതൊഴാം കെ കുമാറാകണം എന്ന സിനിമയില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് പശുവിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ ചൂടുപിടിക്കുന്നത്. വര്‍ഗീയതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗം സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്ന വാദമായി സലീംകുമാര്‍ വന്നിരിക്കുകയാണ്.  

സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ അത് റിലീസിംഗിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ രംഗങ്ങള്‍ ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്. ഒരു കാര്യത്തെയും വിമര്‍ശിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴെന്നും സലീംകുമാര്‍ പറയുന്നു.

ഒഴിവാക്കിയാലും സിനിമയെ വല്ലാതെയൊന്നും ബാധിക്കാത്ത രംഗമാണ്. നിയമനടപടിക്കൊരുങ്ങിയാല്‍ അത് സിനിമയുടെ റിലീസിംഗിനെ ബാധിക്കും. ഇന്ന് ചിത്രം റിലീസ് ചെയ്തു. നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. ആക്ഷേപഹാസ്യ ചിത്രമാണ് ദൈവമേ കൈതൊഴാം K.കുമാറാകണം. അത്തരം ഒരു രംഗം തന്നെയായിരുന്നു പശുവിനെ വച്ച് ചിത്രീകരിച്ചത്. അതു പക്ഷെ വര്‍ഗീയതയുണ്ടാക്കും എന്നാണ് പറയുന്നത്. ഒരു മലയാള സിനിമയാണിത്. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ ഒരു സംസ്ഥാനമാണ്. അങ്ങനെയൊരു നാടിനെ വിലകുറച്ചു കാണുന്ന തരത്തിലൊരു നടപടിയായിപ്പോയെന്നും സലിം കുമാര്‍ പറയുന്നു.