Wednesday 12 June 2019 10:18 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ ഗർഭിണിയാകുമ്പോൾ ഞങ്ങളെ കൂടി അറിയിക്കൂ’! വ്യാജ വാർത്തകൾക്കെതിരെ സാമന്ത

samantha-new

സിനിമാ താരങ്ങളെ സംബന്ധിക്കുന്ന വാർത്തകൾ തങ്ങളുടെ സങ്കൽപത്തിനനുസരിച്ച്, നിറം പിടിപ്പിച്ച് പ്രചരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയ എക്കാലവും പ്രത്യേക താൽപര്യം കാണിക്കാറുണ്ട്. അത്തരത്തിൽ വൈറലാകുന്ന ചില വ്യാജ വാർത്തകൾക്കെതിരെ താരങ്ങളും അടുത്ത കാലത്തായി രംഗത്തു വന്നു തുടങ്ങി. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നടി സാമന്ത അക്കിനേനിയെക്കുറിച്ചു പുറത്തു വന്ന അഭ്യൂഹങ്ങളും അതിന് സാമന്ത നൽകിയ മറുപടിയും.

താൻ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സാമന്ത പ്രതികരിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത പങ്കുവച്ചാണ് സാമന്ത മറുപടിയുമായി രംഗത്തെത്തിയത്. ‘അയ്യോ ...അവളോ...അങ്ങനെയെങ്കിൽ, നിങ്ങള്‍ കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി അറിയിക്കൂ.’ സാമന്ത ട്വീറ്റ് ചെയ്തു.

താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തേക്കും എന്നും വാർത്ത വന്നു. മാധ്യമങ്ങളിലും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ വന്നുതുടങ്ങിയതോടെയാണ് പ്രതികരണവുമായി താരം തന്നെ നേരിട്ട് എത്തിയത്.