Friday 05 April 2019 12:57 PM IST : By സ്വന്തം ലേഖകൻ

‘അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം’! തുറന്നു പറഞ്ഞ് സാമന്ത

samantha-new

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം നാഗ ചൈതന്യയെ വിവാഹം കഴിച്ചതാണെന്ന് സാമന്ത. വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്ന, ‘മജിലി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് സാമന്ത പ്രിയപ്പെട്ടവനെക്കുറിച്ച് വാചാലയായത്. കാമുകനായിരുന്ന നാഗ ചൈതന്യയേക്കാളും ഭർത്താവായ നാഗ ചൈതന്യയെ താൻ പ്രണയിക്കുന്നുവെന്നാണ് സാമന്ത പറയുന്നത്.

‘മജിലി’യുടെ ഷൂട്ടിങ്ങിനു വേണ്ടി ഒന്നിച്ചു യാത്ര ചെയ്തതും ഒന്നിച്ച് സമയം ചെലവഴിച്ചതുമൊക്കെ പുതിയ അനുഭവമായിരുന്നെന്നും പ്രൊഫഷണൽ ജീവിതവും സ്വകാര്യ ജീവിതവും ഒന്നിച്ചു കൊണ്ടുപോവാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും സാമന്ത വ്യക്തമാക്കുന്നു.

‘‘ഞാനിന്നലെ നാഗ ചൈതന്യയെ വിളിച്ചു, അതിശയത്തോടെയാണ് കക്ഷി ഫോണെടുത്തത്. പെട്ടെന്ന്, ഞങ്ങളൊന്നിച്ച് ‘യേ മായാ ചെസേവി’ൽ അഭിനയിച്ചു കൊണ്ടിരുന്ന കാലം ഓർമ വന്നു. അതോടൊപ്പം ഞങ്ങൾ ഇപ്പോൾ വിവാഹിതരാണല്ലോ എന്നോർത്ത് അത്ഭുതം തോന്നുകയും ചെയ്തു”.– സാമന്ത പറഞ്ഞു.

ബാലൻസ്, സ്റ്റെബിലിറ്റി എന്നീ ഗുണങ്ങളാണ് നാഗ് ചൈതന്യയിൽ തനിക്കേറെയിഷ്ടമെന്ന് സാമന്ത. അതേ സമയം എല്ലാം ഏറെ പെർഫെക്റ്റ് ആകണമെന്ന അദ്ദേഹത്തിന്റെ ചിന്തകൾ ഇഷ്ടമല്ലെന്നും താരം വെളിപ്പെടുത്തി.

അതേ സമയം, സാമന്തയിൽ നിന്നും ഉൾകൊള്ളാൻ ആഗ്രഹിക്കുന്ന ഗുണങ്ങൾ എന്തെന്ന ചോദ്യത്തിന്, ‘എനർജി ലെവൽ’ എന്നായിരുന്നു നാഗ ചൈതന്യയുടെ മറുപടി.

ദമ്പതികളുടെ കഥ പറയുന്ന ‘മജിലി’യിൽ ഭാര്യാ ഭർത്താക്കന്മാരായാണ് ഇരുവരും അഭിനയിക്കുന്നത്. ശിവ നിര്‍വാണയാണ് സംവിധാനം.