Thursday 16 June 2022 12:46 PM IST

മൂന്നര വയസ്സിൽ‌ ‘ഇടുക്കിയിലെ മിടുമിടുക്കി’, ഏഴാം ക്ലാസിൽ ‘ക്യാപ്റ്റൻ മാർവൽ’: ആ സുന്ദരിക്കുട്ടി ഇവിടെയുണ്ട്...

V.G. Nakul

Sub- Editor

sameera-sabu-2

ഒരു മുഖം മനസ്സിൽ പതിയാൻ മൂന്നോ നാലോ നിമിഷം മതി...ആ ചിരി, നോട്ടം, ഭാവങ്ങളൊന്നും പിന്നീടൊരിക്കലും ഓർമക്കൂട്ടത്തിൽ നിന്നടർന്നു പോകില്ല...സിനിമയിൽ പ്രത്യേകിച്ചും...ഒന്നോ രണ്ടോ സീനിലോ ചിലപ്പോള്‍ നിമിഷങ്ങൾക്കകം മാറി മറിയുന്ന കുറച്ചു ഷോട്ടുകളിലോ മാത്രം മിന്നി മായുന്ന ചിലരുണ്ട്....അവരിലൊരാളാണ് സമീര സാബു എന്ന കൊച്ചു മിടുക്കി. ‘മഹേഷിന്റെ പ്രതികാര’ത്തിലെ പാട്ടുസീനിൽ വന്നുപോയ ആ മുഖം ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ മിഴിവോടെ തിളങ്ങുന്നു...

‘അവള്‍ തൊടിയെല്ലാം നനച്ചിട്ട്
തുടു വേര്‍പ്പും തുടച്ചിട്ട്
അരയില്‍ കൈ കുത്തിനില്‍ക്കും പെണ്ണ്
നല്ല മടവാളിന്‍ ചുണയുള്ള പെണ്ണ്’ എന്ന വരിക്കൊപ്പം ആ ഇടുക്കിപ്പാട്ടിന്റെ ഈണം നിറഞ്ഞു തുളുമ്പുമ്പോൾ തിരശീലയിൽ തെളിയുന്ന സുന്ദരിക്കുട്ടിയുടെ ക്യൂട്ട് എക്സ്പ്രഷൻസ് ഇത്തിരി നേരമേയുള്ളൂവെങ്കിലും എങ്ങനെ മറക്കാനാണ്...

ഇടുക്കി സ്വദേശിയായ സമീര സാബു വർഷങ്ങൾക്കു ശേഷം വീണ്ടും വെള്ളിത്തിരയിൽ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. വിജയപ്രദർശനം തുടരുന്ന ‘ജോ& ജോ’യിൽ ‘ക്യാപ്റ്റൻ മാർവൽ’ (ഇന്ദു) എന്ന ശ്രദ്ധേയ വേഷത്തിലാണ് സമീര. കഥാഗതിയിലെ ഈ സർപ്രൈസ് കഥാപാത്രം ഇതിനോടകം പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു.

നൃത്ത അധ്യാപികയും അഭിനേത്രിയുമായ അമ്പിളിയുടെയും ഗായകനും സംഗീത അധ്യാപകനുമായ സാബുവിന്റെയും മകളാണ് സമീര. സഹോദരൻ: അരവിന്ദ്. മാതാപിതാക്കൾ അധ്യാപകരായി ജോലിയെടുക്കുന്ന ഇടുക്കി മാട്ടുപ്പെട്ടിയിലെ ടാറ്റയുടെ ദി ഹൈറേഞ്ച് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് സമീര ഇപ്പോൾ‌. ഒപ്പം നൃത്തവും പഠിക്കുന്നു. സ്കൂൾ കലോത്സവങ്ങളിലെ സജീവസാന്നിധ്യമാണ്.

sameera-sabu-3

‘‘ഇടുക്കിയിലായിരുന്നല്ലോ മഹേഷിന്റെ പ്രതികാരത്തിന്റെ ലൊക്കേഷൻ. ചിത്രത്തിന്റെ ലൊക്കേഷൻ മാനേജർ ബഷീർ ഇടുക്കി അതിൽ ഒരു റോളിലേക്ക് എന്നെ ക്ഷണിക്കാന്‍ വന്നപ്പോഴാണ് മോളെ കണ്ട് ഇഷ്‍ടപ്പെട്ടതും ആ വേഷത്തിലേക്ക് പരിഗണിച്ചതും. ഞാൻ ചിത്രത്തിൽ മെമ്പർ താഹിറിന്റെ ഭാര്യയായാണ് അഭിനയിച്ചത്. നേരത്തെ നാടകങ്ങളിലും സീരിയലിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്.

മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിക്കുമ്പോൾ മോൾക്ക് മൂന്നര വയസ്സാണ്. ഒരു കപ്പത്തോട്ടത്തിന്റെ പശ്ചാത്തലത്തിൽ പകർത്തിയ അവളുടെ ഷോട്ടുകളാണ് പാട്ടിൽ ഉള്ളത്. അത് അഭിനയിക്കുന്നതല്ല. ക്യാമറാമാൻ ഷൈജു ഖാലിദ് അവളറിയാതെ ഷൂട്ട് ചെയ്തത് പിന്നീട് സിനിമയിൽ ഉപയോഗിക്കുകയായിരുന്നു. അതു വളരേയേറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം അഭിനന്ദനങ്ങൾ ലഭിച്ചു. ആ സിനിമയിലെ മറ്റു ചില സീനുകളിലും മോളുണ്ട്’’. – സമീരയുടെ അമ്മ അമ്പിളി ‘വനിത ഓൺലൈനോട്’ പറയുന്നു.

sameera-sabu

‘‘അടുത്തിടെ ഒരു സോഷ്യൽ മീഡിയ പേജിൽ ആ പാട്ടു സീനിലെ മോളുടെ ചിത്രങ്ങൾ വച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. അവർ അത് റീ പോസ്റ്റ് ചെയ്തപ്പോൾ ‘ഈ കുട്ടി ഇപ്പോൾ എവിടെ എന്നറിയാൻ ഒരു ക്യൂരിയോസിറ്റി’ എന്ന് കുറിച്ചിരുന്നു. അതിനു താഴെ ഞങ്ങൾക്കറിയാവുന്ന ഒരുപാടാളുകൾ വന്നു കമന്റിട്ടിരുന്നു. ആ പോസ്റ്റ് വഴിയാണ് ‘ജോ& ജോ’യിൽ അവസരം കിട്ടിയത്’’. – അമ്പിളി പറയുന്നു.

‘ജോ& ജോ’യിലെ കഥാപാത്രത്തിന് സിനിമയുടെ കഥാഗതിയിൽ സുപ്രധാന പങ്കുണ്ട്. അതുകൊണ്ടു തന്നെ ‘ക്യാപ്റ്റൻ മാർവലിന്റെ’ കൂടുതൽ വിവരങ്ങൾ റിലീസിനു മുമ്പ് വെളിപ്പെടുത്തിയിരുന്നില്ല.

sameera-sabu-4

കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള ആളായതിനാൽ തുടർന്നും സമീരയുടെ അഭിനയജീവിത്തിന് എല്ലാ പിന്തുണയും നൽകുന്നത് പ്രിയപ്പെട്ടവരാണ്. സമീരയുടെ അച്ഛന്‍ സാബു ഇടുക്കി ഗാനമേള വേദികളിലെ സജീവസാന്നിധ്യമാണ്.