Friday 14 December 2018 02:13 PM IST : By സ്വന്തം ലേഖകൻ

ഭീകരർക്കൊപ്പം കൊല്ലപ്പെട്ടത് ബോളിവുഡ് ബാലതാരം; ഞെട്ടലോടെ കുടുംബവും സിനിമാ ലോകവും

hider-new

സാഖിബ് ബിലാലിന്റെ മരണവും അതിനു പിന്നിലെ സംഭവങ്ങളും കടുത്ത ഞെട്ടലോടെയാണ് ബോളിവുഡും പ്രേക്ഷകരും കേട്ടത്. ഷാഹിദ് കപൂർ നായകനായ ഹൈദറി’ൽ ബാലതാരമായി അഭിനയിച്ച കശ്മീരി ബാലൻ സാഖിബ്, ഭീകരസംഘവും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു.

കഴിഞ്ഞ ഒൻപതിന് ബന്ദിപോറയിലെ ഹാജിനിൽ 18 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ സൈന്യം ഒരു ലഷ്കറെ തയിബ ഭീകരനെയും ഭീകരസംഘത്തിന് ഒപ്പമുണ്ടായിരുന്ന 2 കുട്ടികളെയും വധിച്ചിരുന്നു. ‘ഹൈദർ’ ഫെയിം സാഖിബ് ബിലാൽ, സമീപവാസിയായ ഒൻപതാം ക്ലാസുകാരൻ കുട്ടി എന്നിവരാണു ഭീകരസംഘാംഗത്തിനൊപ്പം കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്.

4 മാസം മുൻപ് വീട്ടിൽനിന്ന് അപ്രത്യക്ഷനായ ബിലാലിനായി ബന്ധുക്കൾ തിരച്ചിൽ നടത്തി വരുന്നതിനിടെയാണു സംഭവം. ഉയർന്ന സാമ്പത്തിക നിലയുള്ള കുടുംബാംഗമായ ബിലാൽ ഭീകരർക്കൊപ്പം ചേർന്നത് എന്തിനാണെന്ന് ഇനിയും മനസ്സിലായിട്ടില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ഒപ്പം കൊല്ലപ്പെട്ട ഒൻപതാം ക്ലാസുകാരൻ സമീപത്തെ ദരിദ്ര കുടുംബത്തിലെ അംഗമാണ്.

ഡിസ്റ്റിങ്ഷനോടെ പത്താം ക്ലാസ് പാസായ ബിലാൽ പ്ലസ് വൺ സയൻസ് വിദ്യാർഥിയായിരുന്നു.