Monday 03 June 2019 03:17 PM IST

‘സംശയം തീർക്കും പോലെ അവൻ വീണ്ടും എന്റെ പേര് ചോദിച്ചു’! വർഷങ്ങൾക്കു ശേഷം ശരത് വിഘ്നേശിനോട് സംസാരിച്ചപ്പോൾ

V.G. Nakul

Sub- Editor

s1

ഒരു സ്കൂട്ടർ അപകടത്തിൽ, ഓർമ നഷ്ടപ്പെട്ട്, മരണത്തിന്റെ തുമ്പത്തു നിന്നു ജീവിതത്തിലേക്കു തിരികെ വന്ന, മുൻ ബാലതാരം വിഘ്നേശിന്റെ ജീവിതകഥ സമീപകാലത്താണ് മാധ്യമങ്ങളിലൂടെ ജനമറിഞ്ഞത്. ഇതെത്തുടർന്ന്, താൻ കടന്നു വന്ന ഞെട്ടിക്കുന്ന ദുരിതഘട്ടങ്ങളെക്കുറിച്ച് വിഘ്നേശ് ‘വനിത ഓൺലൈനു’മായി സംസാരിച്ചിരുന്നു.

‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനി’ലും ‘ഒരു ചെറു പുഞ്ചിരി’യിലും ‘മധുരനൊമ്പരക്കാറ്റി’ലും ‘നമ്മളി’ലുമൊക്കെ ബാലതാരമായി തിളങ്ങിയ, വിഘ്നേശ് എ.ആർ എന്ന വിഘ്നേശ് 2016 ഡിസംബറില്‍ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് തലക്ക് ക്ഷതമേറ്റ് മാസങ്ങളോളം ഓര്‍മ്മയില്ലാത്ത അവസ്ഥയിലായിരുന്നു. ഇടതു കണ്ണിന്റെ കാഴ്ച പോയി, നടക്കാൻ ബുദ്ധിമുട്ടുണ്ട്, എങ്കിലും തളരാത്ത ആത്മവിശ്വാസവുമായി ആ ചെറുപ്പക്കാരൻ ജീവിതത്തിലേക്കു മടങ്ങി വരുന്ന കഥ വായനക്കാർ തുറന്ന മനസ്സോടെയാണ് ഏറ്റെടുത്തത്. അതേ സമയം, ‘വനിത’യിലെ അഭിമുഖം വായിച്ച്, വിഘ്നേശിന്റെ നമ്പർ ചോദിച്ച് വിളിച്ചതിലൊരാൾ പ്രശസ്ത സിനിമ – സീരിയൽ താരം ശരത് ദാസായിരുന്നു. ഇരുവരുമൊന്നിച്ച് ‘മധുരനൊമ്പരക്കാറ്റ്’ എന്ന കമൽ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞതോടെ പിന്നീടു ബന്ധം തുടരാനായില്ല. അതുകൊണ്ടു തന്നെ വിഘ്നേശിനെ തേടിയെത്തിയ ദുരന്തത്തെക്കുറിച്ച് ശരത് അറിഞ്ഞിരുന്നില്ല. ‘വനിത’യിടെ അഭിമുഖം കണ്ടാണ് അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കിയതും, വർഷങ്ങൾക്കു ശേഷം വിഘ്നേശുമായി സംസാരിച്ചതും.

‘‘അവനെ വിളിച്ചു. സംസാരിച്ചു. സങ്കടത്തിനൊപ്പം ആശ്വാസവും തോന്നുന്നു. അവന്‍ ജീവനോടെ തിരികെവന്നല്ലോ’’. വിഘ്നേശുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ ശരത് ദാസ് ‘വനിത ഓൺലൈനു’മായി സംസാരിച്ചു തുടങ്ങിയതിങ്ങനെ.

‘‘ഞാൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ മനസ്സിലായി. കുറച്ചു നേരം സംസാരിച്ചു. ഇപ്പോഴും ഓർമ കൃത്യമായിട്ടില്ല. ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട്, അച്ഛനു ഫോൺ കൈമാറും മുമ്പ് അവൻ സംശയം തീർക്കും പോലെ വീണ്ടും എന്റെ പേര് ചോദിച്ചു. വലിയ വേദന തോന്നി. എത്രയും വേഗം അവന്റെ ഓർമകൾ പൂർണമായും മടക്കിക്കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു’’.

ശരത്തിന്റെ വാക്കുകളില്‍ സങ്കടം കനത്തു.

s2

‘‘അവന് ഇങ്ങനെയൊരു അപകടം സംഭവിച്ച കാര്യം ഞാൻ അറിഞ്ഞില്ല. ‘വനിത’യിലെ വാർത്ത ഭാര്യയാണ് എനിക്കു കാട്ടിത്തന്നത്. അപ്പോഴാണ് കാര്യങ്ങൾ ഇത്ര ഭീകരമാണെന്നു മനസ്സിലായതും. ‘മധുരനൊമ്പരക്കാറ്റി’ലാണ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചത്. അവനന്ന് തീരെ കുഞ്ഞാണ്. ഒപ്പം മഞ്ജിമ മോഹനുമുണ്ട്. അവർ രണ്ടു പേരുമായിരുന്നു ചിത്രത്തിലെ പ്രധാന ബാലതാരങ്ങൾ. ‘പത്രം’ കഴിഞ്ഞുള്ള എന്റെ ചിത്രമായിരുന്നു അത്. രസമുള്ള ലൊക്കേഷനായിരുന്നു. ബിജു ചേട്ടനും സംയുക്തയും കാവ്യയും ഒക്കെച്ചേർന്ന് ഒരു കുടുംബം പോലെയായിരുന്നു. ലൊക്കേഷനിൽ ഒരു വലിയ ടെന്റുണ്ടായിരുന്നു. അവിടെയാണ് എല്ലാവരും ഇരിക്കുക. കളിയും ചിരിയും തമാശയുമൊക്കെയായി ഞാനെപ്പോഴും കുട്ടികളുടെ കൂടെയായിരുന്നു. വിഘ്നേശും മഞ്ജിമയുമൊക്കെ വളരെ ആക്ടീവായ കുഞ്ഞുങ്ങളായിരുന്നു. എപ്പോഴും ലൈവായി നിൽക്കും. വിഘ്നേശിന്റെ അച്ഛനുമായൊക്കെ ഞാൻ കമ്പനിയായിരുന്നു. പക്ഷേ, ഷൂട്ട് കഴിഞ്ഞ് പോയ ശേഷം വലിയ കോൺടാക്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കാര്യങ്ങൾ അറിയാനും വൈകി’’. –ശരത്തിന്റെ വാക്കുകൾ.

‘‘അവൻ ബോക്സറാണല്ലോ. ഞാനും ബോക്സിങ് ഫോളോ ചെയ്യുന്ന ആളാണ്. എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തോടെ അവൻ ലക്ഷ്യങ്ങളിലേക്കുള്ള യാത്ര തുടരട്ടെ എന്നാണ് എന്റെ പ്രാർത്ഥന’’.– അദ്ദേഹം പറഞ്ഞു നിർത്തി.