Monday 04 May 2020 12:19 PM IST

എന്നെക്കുറിച്ച് പ്രചരിക്കുന്നത് നുണക്കഥകള്‍, ദയവായി വിശ്വസിക്കരുത്...! മലയാളത്തിന്റെ 'മാനസപുത്രി' പറയുന്നു

V.G. Nakul

Sub- Editor

sreekala

'ദയവായി എന്നെ വെറുതേ വിടൂ. ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിപ്പിക്കരുത്. അത് എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്...' പറയുന്നത് മലയാളത്തിന്റെ 'മാനസപുത്രി' ശ്രീകല ശശിധരന്‍.

മലയാളികളുടെ മാനസപുത്രിയാണ് ശ്രീകല ശശിധരന്‍. മലയാളം സീരിയല്‍ ചരിത്രത്തിലെ സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ 'എന്റെ മാനസപുത്രി'യിലെ സോഫിയ എന്ന നായികാ കഥാപാത്രം ശ്രീകലയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. സോഫിയയുടെ സങ്കടങ്ങള്‍ തങ്ങളുടെ വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാര്‍. സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് മലയാളി സോഫിയയെയും അതു വഴി ശ്രീകലയെയും ഹൃദയത്തോട് ചേര്‍ത്തത്. 'എന്റെ മാനസപുത്രി'ക്കു ശേഷം നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന വേഷത്തില്‍ തിളങ്ങിയ ശ്രീകല കഴിഞ്ഞ കുറച്ചു കാലമായി അഭിനയരംഗത്തു നിന്നു പൂര്‍ണമായി മാറി നില്‍ക്കുകയാണ്. ഭര്‍ത്താവ് വിപിനും മകന്‍ സാംവേദിനുമൊപ്പം യുകെയിലെ ഹോര്‍ഷാമില്‍ കുടുംബിനിയുടെ വേഷത്തിലാണ് താരം ഇപ്പോള്‍.

s6



എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീകല വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. കോവിഡ് 19 ലോകത്താകമാനം ഭീതി പടര്‍ത്തുമ്പോള്‍ താന്‍ യു.കെയില്‍ ഭയന്നു വിറച്ച് കഴിയുന്നതെന്നും നാട്ടിലേക്കു മടങ്ങി വരാന്‍ കൊതിക്കുന്നുവെന്നും ശ്രീകല പറഞ്ഞതായാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. അതോടെ താരത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമൊക്കെ പരിഭ്രമത്തിലായി. ഈ വാര്‍ത്ത വന്ന ശേഷം തന്റെ ഫോണിന് വിശ്രമമില്ലെന്നും എന്തിനാണ് ഇത്തരം സത്യവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കി പരിഭ്രാന്തി പരത്തുന്നതെന്നും ശ്രീകല ചോദിക്കുന്നു.

'ഒരു ഇന്റര്‍വ്യൂ കൊടുത്തു എന്നതു സത്യം. പക്ഷേ ഞാന്‍ പറയാത്ത കാര്യങ്ങളൊക്കെ അവര്‍ എഴുതി. അതാണ് പ്രശ്‌നമായത്.
നാട്ടിലെത്താന്‍ കൊതിയാകുന്നു, ഇവിടെ ചികിത്സ കിട്ടുന്നില്ല, കേരളത്തിലേക്ക് വിമാനം കയറാന്‍ കാത്തിരിക്കുന്നു, പേടിച്ചു വിറച്ച് ജീവിക്കുന്നു, രാത്രിയില്‍ ഒളിച്ച് നടക്കാനിറങ്ങുന്നു എന്നൊക്കെ ഞാന്‍ പറഞ്ഞെന്നാണ് ചിലര്‍ എഴുതിയിരിക്കുന്നത്. ഒരു ശതമാനം പോലും സത്യമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. ഞാന്‍ പറഞ്ഞതല്ല ഒന്നും'. - ശ്രീകല വനിത ഓണ്‍ലൈനോട് പറഞ്ഞു.

s2



'ഇവിടെ യാതൊരു കുഴപ്പവുമില്ല. ഞാനും കുടുംബവും സേഫ് ആണ്. ഇന്റര്‍വ്യൂവില്‍ നാട് മിസ് ചെയ്യുന്നു എന്ന് വളരെ സ്വാഭാവികമായി ഞാന്‍ പറഞ്ഞിരുന്നു. ഈ ജൂലൈയില്‍ അവധിക്ക് ഞങ്ങള്‍ നാട്ടിലേക്ക് വരാനിരുന്നതാണ്. അത്രേയുള്ളൂ. അതാണ് അവര്‍ ഈ രീതിയില്‍ മാറ്റിയത്. എന്തിനാ ഇങ്ങനെയൊക്കെ എഴുതുന്നത് എന്ന് മനസ്സിലാകുന്നില്ല. അതു മറ്റു ചില സൈറ്റുകള്‍ ഏറ്റു പിടിക്കുകയായിരുന്നു.
ഈ വ്യാജ വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ നാട്ടില്‍ നിന്നു ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിളിക്കുകയാണ്. എല്ലാവരെയും ഈ പ്രചരണങ്ങള്‍ പരിഭ്രാന്തരാക്കി. മറുപടി പറഞ്ഞു ഞാന്‍ മടുത്തു. പെട്ടു എന്നതാണു സത്യം'. - ശ്രീകല പറയുന്നു.

എല്ലായിടത്തെയും പോലെ തങ്ങള്‍ താമസിക്കുന്ന സ്ഥലത്തും കോവിഡ് 19 ഭീതിയുണ്ടെന്നും എന്നാല്‍ അപകടകരമായ സാഹചര്യമില്ലെന്നും ശ്രീകല പറയുന്നു.

'എന്റെ ഭര്‍ത്താവ് ഇപ്പോഴും വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ട്. അവശ്യസാധനങ്ങളൊക്കെ വീട്ടില്‍ കിട്ടുന്ന സംവിധാനങ്ങളുണ്ട്. ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാനും പറ്റും. ദയവായി ഇനിയും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്...'.- താരം പറഞ്ഞു നിര്‍ത്തി.