കൂടപ്പിറപ്പിന്റെ വിയോഗത്തിൽ കണ്ണീർ കുറിപ്പ് പങ്കുവച്ച് ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ്. സുജിത്തിന്റെ സഹോദരൻ സജിത്ത് വാസുദേവിന്റെ മരണമാണ് കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേദനയാകുന്നത്. ദുബായിൽ വച്ചായിരുന്നു അന്ത്യം. വികാരനിർഭരമായ ഒരു കുറിപ്പോടെയാണ് സഹോദരന്റെ മരണ വിവരം സുജിത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘സഹോദര ബന്ധത്തിന്റെ അവസാനം. നമ്മുടെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു നീ. അമ്മയും അച്ഛനും സന്തോഷത്തോടെ ഇരിക്കാൻ കാരണം തന്നെ നീ ആയിരുന്നു. ഇന്നലെ വരെ അവരെ ഓർത്ത് ഞാൻ വിഷമിച്ചിരുന്നില്ല. ഇപ്പോൾ മുതൽ ഞാൻ ആകെ വിഷമത്തിലാണ്. ഇനി എങ്ങനെ അവരെ സുരക്ഷിതത്വത്തോടെയും സന്തോഷത്തോടെയും നോക്കും, സത്യത്തിൽ എനിക്ക് അവരെക്കുറിച്ച് കൂടുതലൊന്നും അറിയില്ല.
കാരണം അവരുടെ ലോകത്തിലെ സന്തോഷം നീ ആയിരുന്നു. ഇനി ഇതൊക്കെ പഠിച്ചു തുടങ്ങണം. എനിക്ക്അവരെ എത്രത്തോളം തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ നിനക്കു വാക്കു തരുന്നു. അവരെ സന്തോഷിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും.’–സുജിത് വാസുദേവന്റെ വാക്കുകൾ.
ദുബായിൽ ബിസിനസ് നടത്തുകയായിരുന്നു സജിത്ത് വാസുദേവ്. മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവർത്തിച്ചു.