Tuesday 01 April 2025 01:23 PM IST

‘ഫീൽഡ് ഔട്ട് നായക’ന്റെ 500 കോടി തിരിച്ചു വരവ്... ഇനി ‘ജാട്ടി’ന്റെ ഊഴം: സണ്ണി ഡിയോളിന്റെ വിജയകഥ

V.G. Nakul

Senior Content Editor, Vanitha Online

Sunny Deol copy

എല്ലാം അവസാനിച്ചു എന്നു തീരുമാനിക്കപ്പെടുന്നിടത്ത് പുതിയ കഥകൾ തുടങ്ങും. അങ്ങനെയൊരു കഥയായിരുന്നു ‘ഗദ്ദര്‍ 2’. കഴിഞ്ഞ പതിറ്റാണ്ടിലെപ്പോഴോ ഫീൽഡ് ഔട്ട് എന്നു പറയാവുന്നത്ര ഗതികേടിലേക്ക് കൂപ്പ് കുത്തിയ നടനാണ് തൊണ്ണൂറുകളിലെ സൂപ്പർതാരങ്ങളിലൊരാളായ അജയ് സിങ് ഡിയോൾ എന്ന സണ്ണി ഡിയോൾ. ബോളിവുഡിലെ വിലയേറിയ താരങ്ങളിലൊരാളായിരുന്ന ധർമേന്ദ്രയുടെ ആദ്യ വിവാഹ ബന്ധത്തിലെ മൂത്ത മകനായ സണ്ണിയുടെ ബോളിവുഡ് എൻട്രി, ഇപ്പോഴത്തെ ഒരു പ്രയോഗം കടമെടുത്താല്‍ ‘നെപ്പോ കിഡ്’ എന്ന പരിഗണനയോടെയായിരുന്നു.

എന്നാൽ താൻ ഒരു മികച്ച നടനും സ്റ്റാർ മെറ്റീരിയലുമാണെന്ന് ലഭ്യമായ അവസരങ്ങളിലൊക്കെയും സണ്ണി തെളിയിച്ചു. 1983 ൽ ആദ്യ സിനിമ ‘ബേതാബ്’ മുതൽ റിലീസിനൊരുങ്ങുന്ന ‘ജാട്ട്’ വരെയുള്ള നാല് പതിറ്റാണ്ടിന്റെ ചലച്ചിത്രജീവിതത്തിൽ നിരവധി ഉയർച്ചതാഴ്ചകളിലൂ‍ടെ കടന്നു പോയപ്പോഴും മേൽവിവരിച്ച താരപദവി അലങ്കാരമായും ഭാരമായും സണ്ണിയെ പിന്തുടർന്നു. ഇപ്പോഴിതാ, ആ ഭാരം താങ്ങാനാകും വിധം, അലങ്കാരം ഉറപ്പിക്കും വിധം അദ്ദഹം മടങ്ങി വന്നിരിക്കുന്നു... ഒരു വൻ വിജയത്തോടെ... വലിയ സിനിമകളുമായി...

ഷാറുഖും സൽമാനും അമീറും ഉൾപ്പെടുന്ന ‘ഖാൻ ത്രയം’ ബോളിവുഡിന്റെ എക്സ്ട്രീം ലെയറില്‍ പ്രതിഷ്ഠിക്കപ്പെടും മുമ്പ്, കപൂർ നിരയിലെ പുതിയ തലമുറയും അക്ഷയ് കുമാറും ഗോവിന്ദയും സെയ്ഫ് അലിഖാനും സുനിൽ ഷെട്ടിയും കളം നിറയും മുമ്പ്, ഉത്തരേന്ത്യൻ തിയറ്ററുകളിൽ ഇടിമുഴക്കം സൃഷ്ടിച്ച ‘ആംഗ്രി യങ് മാൻ’ ആയിരുന്നു സണ്ണി. എന്നാൽ ആവർത്തിക്കപ്പെട്ട വേഷങ്ങളും ടെംപ്ലേറ്റുകളും സണ്ണിക്കും വിനയായി. പടങ്ങൾ പലതും നിലംതൊടാതെ പൊട്ടി. മറ്റൊരു തലമുറ ബി ടൗണിൽ കളം നിറഞ്ഞു. ഇതിനിടയിലെപ്പോഴോ ‘ഗദ്ദർ’ ഒന്നാം ഭാഗത്തിന്റെ ആശ്വാസത്തോടെ സണ്ണി പതിയെപ്പതിയെ പിൻവലിഞ്ഞു.

sunny-deol-2

ആ ഉൾവലിയലിന്റെ അവസാനമായിരുന്നു കഴിഞ്ഞ വർഷം തിയറ്ററുകളിൽ വിജയത്തിന്റെ പ്രകമ്പനം സൃഷ്ടിച്ച ‘ഗദ്ദർ 2’. ബോളിവുഡിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിലൊന്നിലെ നായകനായി ഹീറോ ഇമേജിലേക്കുള്ള സണ്ണിയുടെ റീ എൻട്രിയെ രാജകീയം എന്നല്ലാതെ മറ്റെന്തു വിശേഷിപ്പിക്കാൻ. എൺപത് കോടി രൂപ മുതല്‍ മുടക്കിയ ‘ഗദ്ദർ 2’ 500 കോടി ക്ലബില്‍ ഇടം നേടി കുതിപ്പവസാനിപ്പിച്ചപ്പോൾ ആരാധകർ ആത്മനിർവൃതിയോടെ പറഞ്ഞു – ‘പിക്ചർ അഭി ഭി ബാക്കി ഹേ ഭായ്...’!

ഇന്ത്യ – പാക് വിഭജനകാലത്തെ പ്രണയകഥയുമായെത്തി, 2001 ല്‍ ബോക്സ് ഒാഫിസ് ഹിറ്റായ ‘ഗദ്ദര്‍ 1’ ന്റെ രണ്ടാം ഭാഗമാണ് ‘ഗദ്ദർ 2’. 18 കോടി മുതൽമുടക്കിയ ‘ഗദ്ദര്‍ 1’ 133 കോടിയാണ് കലക്ഷൻ നേടിയത്. എന്നാൽ മാർക്കറ്റ് വാല്യൂ ഇല്ലാതിരുന്ന സണ്ണിയെ നായകനാക്കി രണ്ടാം ഭാഗം ഒരുക്കാൻ സംവിധായകൻ അനില്‍ ശര്‍മയ്ക്ക് കുറേയേറെ പരിശ്രമിക്കേണ്ടി വന്നു. സിനിമ നിർമിക്കാൻ ആരും തയാറായില്ല. ഒടുവിൽ സംവിധായകന്‍ നിര്‍മാണം കൂടി ഏറ്റെടുത്ത് 80 കോടി മുതല്‍മുടക്കില്‍ ചിത്രം പൂര്‍ത്തിയാക്കി. പടം തിയറ്ററിലെത്തിയപ്പോൾ കളി മാറി – ബ്ലോക്ക് ബസ്റ്റർ!

അടുത്തിടെ സാമ്പത്തിക പ്രതിസന്ധികളാൽ താരം ഏറെ ബുദ്ധിമുട്ടിയിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. 56 കോടി രൂപ തിരിച്ചടയ്ക്കാത്തതിനാൽ മുംബൈ ജൂഹുവിലെ വില്ല കടത്തിലായിരുന്നുവെന്നും ബാങ്ക് ഓഫ് ബറോഡ അത് ലേലത്തിനു വയ്ക്കാൻ തയാറെടുക്കുന്നുവെന്നും ദേശീയ മാധ്യമങ്ങൾ സണ്ണിയെക്കുറിച്ച് റിപ്പോർ‌ട്ടുകൾ കൊടുക്കുന്നതിനിടെയാണ് ‘ഗദ്ദർ 2’ വിജയത്തേരോട്ടം തുടങ്ങിയത്. എന്നാൽ ‘ഗദ്ദർ ഇഫക്ട്’ൽ ബാങ്ക് നടപടികളില്‍ നിന്നു പിന്മാറിയെന്നാണ് പിന്നാലെ കേട്ടത്.

sunny-deol-3

1994 ൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ, നടൻ, സംവിധായകൻ, നിർമാതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന സണ്ണി 2019 നു ശേഷം രണ്ടു വർഷത്തോളം അഭിനയരംഗത്തു നിന്നു മാറിനിൽക്കുകയായിരുന്നു. 2022 ൽ ദുൽഖർ സൽമാനൊപ്പം ‘ചുപ്’ എന്ന ചിത്രത്തിലൂടെയാണ് തിരികെയെത്തിയത്. ഇതിനു പിന്നാലെയായിരുന്നു ‘ഗദ്ദർ 2’. ചിത്രം സണ്ണി ഡിയോളിന്റെ സിനിമ കരിയറിനും ജീവിതത്തിനും പുതിയ തുടക്കമാണ് നൽകിയത്. ‘ഗദ്ദർ 2’ ന്റെ ലാഭത്തിൽ ഒരു പങ്കായിരുന്നു സണ്ണി ഡിയോളിന്റെ പ്രതിഫലം.

നൊസ്റ്റാള്‍ജിയ തന്നെയാണ് ചിത്രത്തെ പ്രേക്ഷകരുമായി ബന്ധിപ്പിച്ച പ്രധാന ഘടകമെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തി. താരാ സിങ് എന്ന കഥാപാത്രത്തിന്റെ സ്വീകാര്യത മറ്റൊരു കാരണമായി. ട്രെൻഡ് സെറ്ററായി മാറിയ ആ കഥാപാത്രത്തെ അതേ കരുത്തോടെ പുനരവതരിപ്പിക്കാനായതും ചിത്രത്തിന്റെ വലിയ വിജയത്തിനു കാരണമായെന്നു കണക്കാക്കാം. ആക്ഷൻ രംഗങ്ങളിലുള്ള സണ്ണിയുടെ മികവിനു പ്രായം പോറലേൽപ്പിച്ചില്ലെന്നതും പ്രേക്ഷകരെ തൃപ്തിപ്പെടുത്തി.

‘ഗദ്ദർ 2’ തിയറ്ററുകളെ അടക്കിഭരിച്ചതോടെ സണ്ണിയെ തേടി അവസരങ്ങളുടെ കുത്തൊഴുക്കാണ്. എന്നാൽ ഒരിക്കൽ കയ്യിൽ നിന്നു പാളിപ്പോയ താരപദവി തിരികെക്കിട്ടാനിടയാക്കിയ പ്രയാസങ്ങൾ വ്യക്തമായി ഓർമയുള്ളതിനാൽ ശ്രദ്ധയോടെയാകും ഇനിയുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളെന്നു കരുതാം.

‘ജാട്ട്’ ആണ് സണ്ണിയുടെ പുതിയ റിലീസ്. ഈ വർഷം ബോളിവുഡിലെ ഏറ്റവും പ്രതീക്ഷ സമ്മാനിക്കുന്ന പ്രൊജക്ടുകളിലൊന്ന്. തുടർ പരാജയങ്ങളിൽ പതറുന്ന ബി ടൗണിനെ സണ്ണി വീണ്ടും വിജയ തീരത്തേക്കു നയിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മളിനേനി ഒരുക്കുന്ന ‘ജാട്ട്’ സണ്ണിയുടെ ‘സെയ്ഫ് സോൺ പാക്കേജ്’ ആയ ആക്‌ഷൻ എന്റർടെയ്നർ ആണെന്നതും പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു.

മൈത്രി മൂവി മേക്കേഴ്സ് ആണ് ‘ജാട്ട്’ നിർമിക്കുന്നത്. രൺദീപ് ഹൂഡ വില്ലൻ വേഷത്തിലെത്തുന്നു. വിനീത് കുമാർ സിങ്, റെജീന കസാന്ദ്ര, സയ്യാമി ഖേർ, സ്വരൂപ ഘോഷ് എന്നിവരാണ് മറ്റു താരങ്ങൾ. 100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 10നാണ് തിയറ്ററുകളിലെത്തുക. എന്തായാലും കാത്തിരിക്കാം, വീര്യം വറ്റാത്ത മാസ് പരിവേഷത്തേടെ സണ്ണി വീണ്ടും തിയറ്ററുകളിലെത്തുന്ന ദിവസത്തിനായി...