Tuesday 13 October 2020 02:53 PM IST : By സ്വന്തം ലേഖകൻ

‘ആത്മസംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി ആവിഷ്കരിച്ച അഭിനയ മികവ്’! സുരാജിന് തൊട്ടതെല്ലാം പൊന്നായ 2019

suraj-venjaramoodu

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സുരാജ് വെഞ്ഞാറമൂടിനെ തേടിയെത്തുമ്പോൾ ആർക്കും എതിരഭിപ്രായമില്ല. അത്ര മികവോടെയാണ് പോയ വർഷം തനിക്കു ലഭിച്ച ഓരോ കഥാപാത്രങ്ങള്‍ക്കും മലയാളികളുടെ ഈ പ്രിയതാരം ജീവൻ പകർന്നത്. പ്രത്യേകിച്ചും പുരസ്കാരത്തിന് അർഹമായ ‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25’, ‘വികൃതി’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ.

‘‘രണ്ട് ചിത്രങ്ങളിലെ തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി ആവിഷ്കരിച്ച അഭിനയമികവിന്’’ എന്നാണ് സുരാജിന് പുരസ്കാരം നൽകിക്കൊണ്ടുള്ള ജൂറിയുടെ വിലയിരുത്തൽ.

ഡ്രൈവിങ് ലൈസൻസ്, ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, വികൃതി, ഫൈനൽസ് തുടങ്ങി ഒന്നോടൊന്നു മികച്ച ചിത്രങ്ങളും വേറിട്ട കഥാപാത്രങ്ങളുമാണ് 2019 ൽ സുരാജിനെ തേടിയെത്തിയത്. കിട്ടിയ വേഷങ്ങളൊക്കെ അതി മനോഹരമായി സുരാജ് അവതരിപ്പിക്കുകയും ചെയ്തു. ഈ ചിത്രങ്ങളൊക്കെ പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതും എടുത്തു പറയണം.

മിമിക്രിയിൽ തുടങ്ങി, ടെലിവിഷൻ പരിപാടികളിലൂടെ സിനിമയിലെത്തി, ഹാസ്യനടനായി തിളങ്ങിയ സുരാജ് ‘പേരറിയാത്തവർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയതോടെയാണ് ഗൗരവമുള്ള കഥാപാത്രങ്ങളിലേക്ക് കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്. അത് സുരാജിന്റെ കരിയറിൽ വലിയ വഴിത്തിരിവായി. തന്റെതായ ശൈലിയിലൂടെ അഭിനയത്തിൽ സ്വന്തം പാത വെട്ടിത്തുറന്ന് മുന്നേറുന്ന സുരാജിന് ഈ സംസ്ഥാന പുരസ്കാരം നൽകുന്ന ഊർജം ചെറുതാകില്ല.