Monday 19 November 2018 03:20 PM IST : By സ്വന്തം ലേഖകൻ

‘സുസ്മിത സെന്നിന് പിറന്നാൾ സമ്മാനം’; നഷ്ടപരിഹാരത്തിന് നികുതി നൽകേണ്ട

susmitha-new

ഇന്ന് 43-ാം പിറന്നാൾ ആഘോഷിക്കുന്ന മുൻ വിശ്വ സുന്ദരിയും ബോളിവുഡിന്റെ താര റാണിയുമായിരുന്ന സുസ്മിത സെന്നിന് പിറന്നാൾ സമ്മാനമായി ഒരു വിധി. ലൈംഗികാതിക്രമ ആരോപണ കേസിൽ നഷ്ടപരിഹാരമായി ലഭിച്ച തുകയ്ക്ക് സുസ്മിത ആദായ നികുതി നൽകേണ്ടതില്ല എന്ന ഉത്തരവ് പുറപ്പെടുവിച്ചത് മുംബൈ ഇൻകം ടാക്സ് അപ്പീൽ ട്രൈബ്യൂണൽ ബെഞ്ചാണ്.

കൊക്കകോള ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്ഥനെതിരെ സുസ്മിത സെൻ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചതിനെ തുടർന്ന് 15 വർഷം മുൻപാണ് കമ്പനി 95 ലക്ഷം രൂപ താരത്തിന് നഷ്ടപരിഹാരമായി നൽകിയത്.

ഫെബ്രുവരി 2001 മുതൽ ജനുവരി 2002 വരെ കൊക്കകോളയുടെ ‘തംസ് അപ്പി’ന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു സുസ്മിത. ഒന്നര കോടി രൂപയായിരുന്നു സുസ്മിതയുടെ കമ്പനിയുമായുള്ള കരാർ തുക. എന്നാൽ, കാലാവധി അവസാനിക്കും മുൻപ് കമ്പനി താരവുമായുള്ള കരാർ റദ്ദാക്കി. കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിനെ തുടർന്നുള്ള പ്രതികാരനടപടിയാണ് ഇതെന്നായിരുന്നു സംഭവത്തിൽ സുസ്മിതയുടെ വിശദീകരണം. ഇതിൽ സുസ്മിത നിയമ നടപടി സ്വീകരിക്കുമെന്നായതോടെ കമ്പനി കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു തയാറായി.

കരാർ റദ്ദ് ചെയ്യുമ്പോൾ കമ്പനി സുസ്മിതയ്ക്ക് 50 ലക്ഷം രൂപയായിരുന്നു ബാക്കി നൽകാനുണ്ടായിരുന്നത്. ഒപ്പം ലൈംഗികാതിക്രമ ആരോപണ കേസിലെ നഷ്ടപരിഹാര തുകയായ 95 ലക്ഷം രൂപ കൂടി ചേർത്ത് 1.45 കോടി രൂപയാണ് കൊക്കകോള കമ്പനി സുസ്മിതയ്ക്ക് നൽകിയത്. എന്നാൽ ഇത് കരാർ അടിസ്ഥാനത്തിൽ നൽകേണ്ട തുകയുടെ ഒത്തുതീർപ്പാണെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.

നഷ്ടപരിഹാരമായി ലഭിച്ച ഈ 95 ലക്ഷം രൂപയ്ക്ക് സുസ്മിത നികുതി അടച്ചിരുന്നില്ല. നികുതി അടയ്ക്കാത്തതിനെ തുടർന്ന് താരത്തിൽ നിന്നും പിഴയായി 35 ലക്ഷം രൂപ ഈടാക്കാൻ തീരുമാനിച്ച ഉത്തരവും ട്രൈബ്യൂണൽ ബെഞ്ച് റദ്ദാക്കി.