Monday 18 February 2019 12:17 PM IST : By സ്വന്തം ലേഖകൻ

ജബല്‍ ജൈസ് സിപ് ലൈനിലൂടെ ടൊവിനോയുടെ സാഹസിക യാത്ര! വിഡിയോ വൈറൽ

tovino

സിനിമ പോലെയാണ് ടൊവിനോ തോമസിന് സാഹസികതയും. അത്രമേൽ സാഹസികതകളും സാഹസിക യാത്രകളും ടൊവിനോയുടെ ജീവിതത്തോടു ചേർന്നു നിൽക്കുന്നു. ടൊവിനോയുടെ ഇത്തരം സാഹസികതകൾ സിനിമയേക്കാൾ അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തിലാണ് പ്രേക്ഷകർ കൂടുതൽ കണ്ടിട്ടുള്ളത്. ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ വായുവിൽ തലകുത്തി മറിഞ്ഞും ഉയരങ്ങളിലേക്കു പിടിച്ചു കയറിയും അതിശയങ്ങള്‍ കാട്ടുന്ന ടൊവിനോയുടെ ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയ ഇടയ്ക്കിടെ ആഘോഷിക്കാറുണ്ട്.

ഇത്തവണ താന്‍ നടത്തിയ വേറിട്ട ഒരു സാഹസികതയുടെ വിഡിയോയാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റാസ് അല്‍ ഖൈമയിലെ ജബല്‍ ജൈസ് സിപ് ലൈനിലൂടെയുള്ള ടൊവിനോയുടെ സാഹസിക യാത്രയാണ് വിഡിയോയിൽ.

ലോകത്തെ ഏറ്റവും നീളം കൂടിയ സിപ് ലൈന്‍ യാത്രയാണിത്. ശ്വാസം നിലച്ചു പോകുന്ന അനുഭവമാണ് ഇത് ഓരോരുത്തര്‍ക്കും സമ്മാനിക്കുക. ലോകത്തെ ഏറ്റവും വേഗം കൂടിയ സിപ് ലൈന്‍ കൂടിയാണിതെന്നും പറയപ്പെടുന്നു.

ഒരു ഹെലികോപ്ടര്‍ തകര്‍ന്നു വീണ് അപകടമുണ്ടായതിനു ശേഷം അടുത്തിടെയാണ് ഈ സിപ് ലൈന്‍ വീണ്ടും പൊതുജനത്തിനായി തുറന്നു കൊടുത്തത്. 2.83 കിലോമീറ്ററാണ് ഇതിന്റെ നീളം. സമുദ്രനിരപ്പിന് 1,680 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെയാണ് ഇവിടെ റൈഡര്‍മാര്‍ പറക്കുന്നത്.