Wednesday 21 September 2022 09:25 AM IST : By സ്വന്തം ലേഖകൻ

‘വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കൽകൂടി കാണാനായതിൽ സന്തോഷം’: പ്രശംസിച്ച് വി.എ. ശ്രീകുമാർ

va-shrikumar

വിനയൻ – സിജു വിൽസൺ ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ട്’നെ പ്രശംസിച്ച് സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ. വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കൽകൂടി കാണാനായതിൽ സന്തോഷമെന്ന് ശ്രീകുമാർ കുറിച്ചു.

വി.എ. ശ്രീകുമാറിന്റെ കുറിപ്പ് –

ഒറ്റപ്പാലം ലാഡർ തീയറ്ററിലാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’ കണ്ടത്.

ചരിത്രം ഓർമ്മിക്കപ്പെടാതെ പോകുന്നത് അവ ആവർത്തിക്കപ്പെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടുകൾക്കു മുൻപുള്ള കാലത്തെ സത്യസന്ധമായി പുനരാവിഷ്ക്കരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ചരിത്രരേഖകൾ വളരെ കുറവായതിനാൽ തിരക്കഥ എഴുതിയ സംവിധായകൻ വിനയൻ ഭാവനയെ നീതിപൂർവ്വം വിനിയോഗിച്ചിട്ടുണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളി എക്കാലത്തും ആവേശമാണ്. ജാതി- പുരുഷ മേലാളത്തം കൊണ്ടാടിയ ദുരാചാരങ്ങളെ ചിത്രം തുറന്നു കാണിക്കുന്നു.

സ്ത്രീ മുന്നേറ്റങ്ങളിലെ ലോകോത്തര പ്രതീകമാണ് മുലക്കരത്തിന് എതിരെ രക്തസാക്ഷിയായ നങ്ങേലി. ആ ചരിത്രത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിന് നടുക്കത്തോടെ മാത്രമേ സാക്ഷ്യം വഹിക്കാനാകു.

വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കൽകൂടി കാണാനായതിൽ സന്തോഷം. ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിർമ്മാതാവ് ഗോകുലം ഗോപാലന് അഭിനന്ദനം.

നായകൻ സിജു വിത്സൻ കഠിനാദ്ധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായി. പിന്നെ ഷാജിയുടെ ക്യാമറയടക്കമുള്ള അണിയറയിലെ ദൃശ്യ സന്നാഹം നൽകിയ അനുഭവം മറക്കാനാകില്ല- ഈ യുദ്ധം ടീം വിനയൻ ജയിച്ചു.