Wednesday 25 April 2018 02:35 PM IST : By സ്വന്തം ലേഖകൻ

'വാട്ട് എ കൂള്‍ ചിക്ക്'! മഹാനടി പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന നിലപാടില്‍ വിജയ്

vijay_mahanati

തെലുങ്ക് സിനിമയിലെ താരറാണി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 'മഹാനടി' റിലീസിന് തയ്യാറെടുക്കുകയാണ്. സാവിത്രിയായി കീര്‍ത്തി സുരേഷ് എത്തുമ്പോള്‍ ജെമിനി ഗണേശനായി വെള്ളിത്തിരയിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. എന്നാല്‍ കീര്‍ത്തി സുരേഷിന്റെ  ചിത്രമുള്ള  ആരാധകരുമായി പങ്കുവയ്ച്ച് വിവാദത്തിന് തിരികൊടുത്തിരിക്കുകയാണ് ചിത്രത്തില്‍ മറ്റൊരു വേഷം ചെയ്യുന്ന നടന്‍ വിജയ് ദേവേരാക്കൊണ്ട. 'എന്തൊരു കൂള്‍ ചിക്ക്. എന്ന പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായി തീര്‍ന്നത്. 

വിജയുടെ പരാമര്‍ശം കീര്‍ത്തിയെ മാത്രമല്ല സാവിത്രിയെയും അപമാനിക്കുന്ന തരത്തിലായി പോയെന്നാണ് സോഷ്യല്‍മീഡിയയിലെ വിമര്‍ശകര്‍ പറയുന്നത്. കൂള്‍ ചിക് എന്ന വാക്കുപയോഗിക്കാന്‍ മാത്രം അത്ര ചെറിയ കലാകാരിയാണോ സാവിത്രി എന്നും പലരും ചോദിക്കുന്നു. എന്നാല്‍ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് വിജയ്. ഇത്തരത്തില്‍ തന്റെ സമൂഹ മാധ്യമത്തിലൂടെ കുറിപ്പും പുറത്തുവിട്ടിട്ടുണ്ട് നടന്‍.

'മാപ്പ് വേണ്ടവര്‍ക്ക് ചെന്നൈ ലീല പാലസില്‍ വരാം. അവിടെ മഹാനദി ഓഡിയോ ലോഞ്ച് നടക്കുന്നുണ്ട്. നിങ്ങളെയെല്ലാവരെയും കാണുമ്പോള്‍ അവര്‍ക്ക് (സാവിത്രി) സന്തോഷമായിരിക്കും. എന്തുകൊണ്ടെന്നാല്‍ വലിയ സദാചാര മൂല്യങ്ങള്‍ കൊണ്ട് നടക്കുന്നവരാണ് അവരെ കുടുംബം കലക്കിയെന്നും മദ്യപാനിയെന്നും വിളിച്ചത്'- വിജയ് ട്വിറ്ററില്‍ കുറിച്ചു.

വിജയ് ദേവരകൊണ്ടയുടെ ഈ പോസ്റ്റ് കണ്ട് - അദ്ദേഹം കൂള്‍ ചിക് എന്നു പറഞ്ഞത് സിനിമയുമായി ബന്ധപ്പെട്ട ഏതോ ഡയലോഗോ മറ്റോ ആണെന്നും അദ്ദേഹത്തെ പിന്തുണച്ചു പലരും പറയുന്നുണ്ട്.  

 നാഗ് അശ്വിന്‍ ഒരുക്കുന്ന മഹാനടിയില്‍ ദുല്‍ഖറാണ് നായകന്‍. ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  തമിഴ്, തെലുഗു ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സമന്ത, രുദ്രപ്രഭു, അനുഷ്‌ക ഷെട്ടി, നാഗചൈതന്യ, പ്രകാശ് രാജ് എന്നിവരും  വേഷമിടുന്നുണ്ട്.