Tuesday 02 January 2024 12:39 PM IST : By സ്വന്തം ലേഖകൻ

തമിഴ് നെഞ്ചിൽ കുടിയിരിക്കും ക്യാപ്റ്റൻ, മരണത്തിനും തടയാനാകാത്ത പാസം...

vijayakanth-1

ഒരു നായകനടന് വേണ്ടതെന്ന് സിനിമ വ്യവസായം കരുതിയിരുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുറത്തായിരുന്നു വിജയരാജ് അഴഗർസാമി എന്ന മധുരൈക്കാരൻ. കറുപ്പഴകുള്ള, ഉരുണ്ട ശരീരഘടനയോടു കൂടിയ ദ്രാവിഡവീരമായിരുന്നു അത്. വ‌ളഞ്ഞുയർന്ന വലത് പുരികവും ചെമപ്പിന്റെ രാശി പടർന്ന കണ്ണുകളും തുളച്ചു കയറുന്ന നോട്ടവും അലസമായി പാറിപ്പറക്കുന്ന മുടിയും പരുക്കൻ ശബ്ദവുമുള്ള ‘തനിത്തമിഴൻ’.

കൊമേഴ്സ്യൽ തമിഴ് സിനിമയിൽ സജീവമായിരുന്ന അക്കാലത്തെ സംവിധായകർക്കൊന്നും അയാളെ നായകനാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേയാകുമായിരുന്നില്ല. അവസരം ചോദിച്ചുള്ള യാത്രകളിൽ പലപ്പോഴും ആ രൂപം അവമതിക്കപ്പെട്ടു. എം.ജി.ആറും ശിവാജി ഗണേശനും ജമിനി ഗണേശനും കമൽഹാസനും തുടങ്ങി ‘സുന്ദരൻ’മാരുടെ കോളിവുഡ് സാമ്രാജ്യത്തിലേക്ക്, അക്കാലത്ത് ആകെക്കടന്നു കൂടിയ ഒരേയൊരു ‘റഫ് ഫിഗർ’ രജനികാന്താണ്. അപ്പോഴും അത്തരത്തിലുള്ള ആയിരങ്ങൾ സ്ക്രീനിന് പുറത്ത് തങ്ങളുടെ ‘ആക്ഷൻ’നു താകോർത്ത് കാത്തു നിന്നു. അതിലൊരാളായിരുന്നു വിജയരാജ്.

കെ.എൻ.അഴഗർ സാമി-ആണ്ടാൾ ദമ്പതികളുടെ മകനായാണ് വിജയകാന്തിന്റെ ജനനം. ഒരു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. പിന്നീട് രണ്ടാനമ്മയുടെ സംരക്ഷണത്തിൽ. 10 സഹോദരങ്ങൾ. മുതിർന്നപ്പോൾ അച്ഛന്റെ ഫ്ലവർ മിൽ ഏറ്റെടുത്തു. അക്കാലത്ത് പരിചയപ്പെട്ട വിതരണക്കാരനാണ് സിനിമാമോഹം വളർത്തിയത്. അതോടെ കൂട്ടുകാരന്റെ വിവാഹമെന്നു കളവു പറഞ്ഞ്, അവസരങ്ങൾ തേടി ചെന്നൈയിലേക്കു പോയി.

അപമാനങ്ങളിലും അവഗണനകളിലും തളരാത്ത അഭിനയ മോഹം ഒടുവിൽ വിജയരാജിനെ മൂവി ക്യാമറയ്ക്ക് മുന്നിലെത്തിച്ചു. 1979ൽ, ‘ഇനിക്കും ഇളമൈ’യിൽ വില്ലന്‍ വേഷം. സംവിധായകൻ എം.എ.ഖാജ വിജയരാജിന്റെ പേരൊന്നു പുതുക്കി അമൃതരാജ് എന്നാക്കി. അഡൾസ് ഒൺലി സർട്ടിഫിക്കറ്റ് കിട്ടി തിയറ്ററുകളിലെത്തിയ ചിത്രം ഒരു വൻ പരാജയമായെങ്കിലും വിജയരാജ് തമിഴ് തിരയുലകിന്റെ ശ്രദ്ധയിൽ പെട്ടു. പതിയെപ്പതിയെ പുതിയ അവസരങ്ങൾ വന്നു.

അതോടെ വിജയരാജ് അഴഗർസാമിയെന്ന തന്റെ പേര് അദ്ദേഹം വിജയകാന്ത് എന്നാക്കി. അപ്പോഴേക്കും താരപദവിയിലേക്കുയർന്നിരുന്ന രജനികാന്തിന്റെ കാന്തിനെയാണ് ഒപ്പം ചേർത്തത്. തുടക്കകാലത്ത് ലുക്കിലും ഭാവത്തിലും രജനിയെ ഓർമിപ്പിക്കുന്നതായിരുന്നു വിജയകാന്തിന്റെ അഭിനയ ശൈലിയെന്നു തോന്നാമെങ്കിലും ഏറെ വൈകാതെ അത്തരം സ്വാധീനങ്ങളൊന്നുമില്ലാത്ത തന്റെതായ ഒരു സ്റ്റൈൽ അദ്ദേഹം മെനഞ്ഞെടുത്തു.

തുടക്കത്തിൽ വില്ലൻ–സഹനായക–നായക വേഷങ്ങളില്‍‌ മാറിമാറിയാണെത്തിയതെങ്കിലും 1981 ൽ, എസ്.എ ചന്ദ്രശേഖറിന്റെ ‘സട്ടം ഒരു ഇരുട്ടറൈ’ വിജയകാന്തിനെ താരപദവിയിലേക്കുയർത്തി. തുടർന്ന് ആംഗ്രി യങ്മാൻ ഇമേജിലും കുടുബ – പ്രണയ നായക വേഷങ്ങളിലുമൊക്കെയായി, ‘സിവപ്പ് മല്ലി’, ‘ജാതിക്കൊരു നീതി’ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മുഖ്യധാര തമിഴ് സിനിമയിലെ പ്രധാനിയായി. കറുത്ത നായകനൊപ്പം അഭിനയിക്കില്ലെന്ന ചില നായികമാരുടെ വാശി പലപ്പോഴും വേദനയായി.

1984 ആയപ്പോഴേക്കും രജനീകാന്തിനും കമൽഹാസനുമൊപ്പം തമിഴ് സിനിമയിലെ മൂന്നാമനായി വിജയകാന്ത് വളർന്നു. താരപദവിയിലും വിപണി മൂല്യത്തിലും ഇവർക്കൊപ്പമോ, ഏറെ താഴെയല്ലാതെയോ ആയിരുന്നു അദ്ദേഹത്തിന്റെ ഇടം. 1984ൽ, വിജയകാന്തിന്റെ 18 സിനിമകളാണ് റിലീസായത്. മിക്കതും സൂപ്പർഹിറ്റ്.

vijayakanth-3

ഡയഗോല് ഡെലിവറിയിലും സ്റ്റണ്ട് രംഗങ്ങളിലും നൃത്തത്തിലും ഇമോഷനൽ സീനുകളിലുമൊക്കെ തന്റെതായ ഒരു ശൈലി സൃഷ്ടിക്കാൻ അതിനോടകം വിജയകാന്തിനായി. അക്കാലത്തെ വിജയകാന്ത് സിനിമകളിലെ ഗാനങ്ങളോരോന്നും ഇപ്പോഴും സംഗീത പ്രേമികളുടെ ‘റിപ്പീറ്റ് മോഡ്’ ലിസ്റ്റിലുള്ളവയാണ്. ഒപ്പം സാധാരണക്കാരന്റെ പ്രശ്നങ്ങളും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന തരം കഥാപാത്രങ്ങളും കൂടിയായപ്പോൾ തമിഴകം വിജയകാന്തിനൊനു ചെല്ലപ്പേര് നൽകി – കറുപ്പ് എം.ജി.ആർ!

ഊമൈ വിഴികൾ, കൂലിക്കാരൻ, നിനൈവൈ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ, പുലൻ വിചാരണൈ, സിന്ദുരപ്പൂവൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, വാനത്തെപ്പോലെ, സേതുപതി ഐ.പി.എസ്, വൈദേഹി കാത്തിരുന്താൾ തുടങ്ങി തമിഴകത്തെ തിയറ്ററകളെ പൂരപ്പറമ്പുകളാക്കിയ എത്രയെത്ര വിജയകാന്ത് പടങ്ങൾ...

1991ൽ, നൂറാം ചിത്രം ‘ക്യാപ്‌റ്റൻ പ്രഭാകരന്‍’ന്റെ വിജയത്തോടെയാണ് ‘കറുപ്പ് എംജിആർ’ ‘ക്യാപ്റ്റൻ’ ആയത്. ചിത്രം നേടിയത് ചരിത്രവിജയം. സാമൂഹിക പ്രവർത്തനങ്ങളില്‍ അദ്ദേഹം കൂടുതൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയതും അക്കാലത്താണ്.

നിസ്സംശയം പറയാം, മനുഷ്യത്വമായിരുന്നു വിജയകാന്തിന്റെ ദൗർബല്യം. സൂപ്പർതാരം മുതൽ ലൈറ്റ് ബോയ് വരെ അദ്ദേഹത്തിന് സമൻമാരായിരുന്നു. ആർക്കും എന്താവശ്യത്തിനും ധൈര്യത്തോടെ സമീപിക്കാവുന്നയാള്‍. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വലഞ്ഞ ആയിരങ്ങൾക്ക് ഭക്ഷണത്തിനും വീടിനും പഠനത്തിനും ചികിത്സയ്ക്കുമൊക്കെ സഹായങ്ങളെത്തിച്ച് ക്യാപ്റ്റർ പതിയെപ്പതിയെ സാധാരണക്കാരുടെ ‘കടവുൾ’ ആയി. ദരിദ്രർക്കായി ആശുപത്രി അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും സ്ക്രീനിലെ നന്മ നിറഞ്ഞ വേഷങ്ങളും ഒരുമിച്ചപ്പോൾ ആരാധകർക്ക് അദ്ദേഹം ‘പുരട്ചി കലൈജ്ഞറും’ (വിപ്ലവ കലാകാരൻ) ആയി.

വിജയകാന്ത് നടികർ സംഘത്തിന്റെ (സൗത്ത് ഇന്ത്യൻ സിനി ആർട്ടിസ്റ്റ് അസോസിയേഷൻ) അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോൾ സംഘടന കോടികളുടെ കടത്തിലായിരുന്നു. വിദേശങ്ങളിൽ താരനിശകളുൾപ്പെടെ സംഘടിപ്പിച്ച് വിജയകാന്ത് കടം വീട്ടി. പഴയകാല താരങ്ങൾക്കു പെൻഷനും പാവങ്ങൾക്കായി ആശുപത്രിയും തുടങ്ങി. സിനിമയിൽ രണ്ടുതരം പന്തിയിൽ വിളമ്പുന്നത് സഹിച്ചില്ല. സ്വന്തമായി നിർമാണക്കമ്പനി തുടങ്ങിയപ്പോൾ നായകൻ മുതൽ ലൈറ്റ് ബോയ് വരെയുള്ളവർക്ക് ഒരേ ഭക്ഷണം നൽകി.

‌മറീന ബീച്ചിനടുത്തെ ഐലൻഡ് ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിനു വച്ചപ്പോഴും തുടർന്ന് വിലാപയാത്രയായി കോയമ്പേടിലേക്ക് പോയപ്പോഴും അനുഗമിച്ച മനുഷ്യരോരുത്തരും ചങ്കിലൊരു വിതുമ്പൽ പേറിയത്, പ്രിയപ്പെട്ട നടൻ മരണപ്പെട്ടതിന്റെ, രാഷ്ട്രീയ നേതാവ് വിടപറഞ്ഞതിന്റെ, നൊമ്പരത്താൽ മാത്രമല്ല, ഒരു നല്ല മനുഷ്യൻ ഇനിയില്ലെന്ന വേദനയാലായിരുന്നു...

മരിക്കുമ്പോൾ 71 വയസ്സായിരുന്നു ക്യാപ്റ്റന്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്കും ആരോഗ്യ പ്രശ്നങ്ങളും കാരണം ഏകദേശം പതിമൂന്ന് വർഷം മുമ്പ് സിനിമയിൽ നിന്നു പൂർണമായും പിൻമാറിയിരുന്നു. 2010ൽ റിലീസായ ‘വിരുദഗിരി’ എന്ന സിനിമയിലാണ് അവസാനമായി നായകനായത്. 2015ൽ ‘സതാബ്ദം’ എന്ന സിനിമയിൽ അതിഥി വേഷത്തിലെത്തി. എ.ആർ മുരുഗദോസിന്റെ സംവിധാനത്തിൽ, 2002 ൽ‌ റിലീസായ ‘രമണ’യാണ് വിജയകാന്തിന്റെ അവസാന ബ്ലോക് ബസ്റ്റർ ഹിറ്റ്. പിന്നീടൊരിക്കലും പഴയ പ്രതാപത്തിന്റെ തിളക്കത്തിലെക്കെത്തുന്ന ഒരു വിജയം സിനിമയിൽ അദ്ദേഹത്തെ തേടിയെത്തിയില്ല. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഏകദേശം 150 സിനിമകളിൽ ക്യാപ്റ്റൻ അഭിനയിച്ചിട്ടുണ്ട്.

ക്ഷിപ്രകോപിയായിരുന്നു ക്യാപ്റ്റൻ. ഇഷ്ടപ്പെടാത്തത് കണ്ടാൽ, സാഹചര്യം നോക്കാതെ പ്രതികരിക്കും. വഴക്കു പറയും, വിരട്ടും, ചിലപ്പോൾ തല്ലും. എന്നാൽ അത് പകയായോ ദേഷ്യമായോ ഉള്ളിൽ പേറി നടക്കില്ല. ആ കലി വിടുമ്പോൾ, ക്യാപ്റ്റൻ കൂൾ ആണ്. വേദിയിൽ പ്രവർത്തകന്റെ മുഖത്തടിച്ചതും മാധ്യമപ്രവർത്തകർക്കുനേരെ തുപ്പിയതും ചീത്തപ്പേരുണ്ടാക്കി. അപ്പോഴും ക്യാപ്റ്റനെ അറിയുന്നവര്‍ പറഞ്ഞു, ‘സുത്ത തങ്കം സാർ അവര്...’. വിജയകാന്ത് മരിച്ച ശേഷം നടൻ എം.എസ് ഭാസ്കർ വിതുമ്പലോടെ പറഞ്ഞതു മാത്രം മതി അതിന്റെ തെളിവ് – ‘ക്യാപ്റ്റർ എനക്ക് അണ്ണൻ അല്ലൈ, തായ്...’

2005 സെപ്റ്റംബർ 14നാണ് ഡി.എം.ഡി.കെ (ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം) എന്ന പേരിൽ വിജയകാന്ത് തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബലരായ ഡി.എം.കെ, അണ്ണാ ഡി.എം.കെ എന്നീ പാർട്ടികൾക്ക് ബദലാണെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച ഡി.എം.ഡി.കെയിലൂടെ ആദ്യ കാലങ്ങളിൽ ക്യാപ്റ്റൻ അതിശയങ്ങൾ കാട്ടി.

vijayakanth-2

2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റും 8.5 % വോട്ടും നേടി വരവറിയിച്ചു. അണ്ണാ ഡി.എം.കെക്ക് ഭൂരിപക്ഷം കിട്ടിയ 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 40 സീറ്റിൽ മത്സരിച്ച പാർട്ടി 7.88 % വോട്ടും 29 സീറ്റും നേടി. 2011 മുതൽ 2016 വരെ തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു വിജയകാന്ത്. എന്നാൽ, 2016 നിയമസഭ തിരഞ്ഞെടുപ്പിൽ ഉലുന്തർപേട്ട് മണ്ഡലത്തിൽ നിന്നു മത്സരിച്ച വിജയകാന്ത് പരാജയപ്പെട്ടു. ഡി.എം.ഡി.കെയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. മുന്നണി സംവിധാനത്തിന്റെ ഭാഗമായി 2021 നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ‌അതും സമ്പൂർണ പരാജയത്തിൽ കലാശിച്ചു. അപ്പോഴേക്കും ക്യാപ്റ്റൻ അനാരോഗ്യത്തിന്റെ പാരമത്യത്തിലെത്തി, പൊതുസമൂഹത്തിൽ നിന്നു ഏറെക്കുറെ മാറി നിൽക്കാൻ തുടങ്ങിയിരുന്നു. അവസാന പൊതുപരിപാടിയിൽ വിജയകാന്ത് ചക്രക്കസേരയിലാണെത്തിയത്. ക്യാപ്റ്റന്റെ ഭാര്യ പ്രേമലതയും സഹോദരൻ എൽ.കെ.സുധീഷും പാർട്ടിയുടെ ചുമതല ഏറ്റെടുത്തെങ്കിലും ഗുണമുണ്ടായില്ല. ഒപ്പമുണ്ടായിരുന്ന പല പ്രമുഖരും മറ്റു പാർട്ടികളിലേക്കു പോയതും ദോഷമായി.

രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയപ്പോഴും പാർട്ടി രൂപീകരിച്ചപ്പോഴും തന്റെ ശൈലി മാറ്റാനോ ഗിമിക്കുകൾക്ക് മുതിരാനോ ക്യാപ്റ്റൻ തയാറായില്ല. തമിഴ്നാട് നിയമ സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ക്യാപ്റ്റന്റെ പോരാട്ട വീര്യം മുഖ്യമന്ത്രി ജയലളിതയും തിരിച്ചറിഞ്ഞതാണ്.

മധുര സ്വദേശി വിജയരാജ് അഴഗർസാമിയിൽ നിന്നു ക്യാപ്റ്റനിലേക്കുള്ള വിജയകാന്തിന്റെ യാത്രയുടെ വലുപ്പവും പ്രാധാന്യവുമെന്തെന്നതിന്റെ തെളിവ്, അദ്ദേഹം വിടപറഞ്ഞ് ദിവസങ്ങൾക്കു ശേഷവും തെന്നിന്ത്യൻ മാധ്യമങ്ങളിലെ പ്രധാന വാർത്തകളിലൊന്ന് ആ മനുഷ്യനാണെന്നതാണ്. അഭിനയ മോഹിയായും നടനായും താരമായും രാഷ്ട്രീയ പ്രവർത്തകനായും പ്രതിപക്ഷ നേതാവായുമൊക്കെ താൻ സജീവമായിരുന്ന ചെന്നൈ നഗരത്തിലൂടെ, ഡി.എം.ഡി.കെയുടെ ചെന്നൈ കോയമ്പേടിലെ ആസ്ഥാന വളപ്പിലൊരുക്കിയ നിത്യവിശ്രമ ഇടത്തിലേക്കുള്ള ക്യാപ്റ്റന്റെ യാത്ര സമീപകാലത്ത് തമിഴ് നാട് കണ്ട ഏറ്റവും വലിയ ജനാവലിയുടെ അകമ്പടിയോടെയായിരുന്നു.

സൗഹൃദത്തിന്റെ മഹത്തായ മാതൃകയായിരുന്നു വിജയകാന്ത്. ‘സുഹൃത്തുക്കളോടും രാഷ്ട്രീയക്കാരോടും മാധ്യമങ്ങളോടുമെല്ലാം ചിലപ്പോൾ ദേഷ്യപ്പെടാറുള്ള അദ്ദേഹത്തോട് ആരും തിരിച്ചു ദേഷ്യപ്പെട്ടില്ല. വിജയകാന്തിന്റെ ദേഷ്യത്തിനു പിന്നിൽ ന്യായമായ കാരണങ്ങളുണ്ടാകുമെന്നതാണ് അതിനു കാരണം’.– വിജയകാന്തിന്റെ മരണത്തെത്തുടർന്ന് രജനീകാന്ത് പറഞ്ഞതാണിത്. അത് സത്യവുമായിരുന്നു. ആർക്കും മെരുങ്ങാത്ത നടൻ‌ മൺസൂൺ അലിഖാൻ, ‘ഡേയ് മൺസൂറ്’ എന്ന ക്യാപ്റ്റന്റെ ശാസന നിറഞ്ഞ സ്വരത്തിനു മുന്നിൽ അനുസരണക്കാരനാകുന്നത് ഏവർക്കും കൗതുകക്കാഴ്ചയായിരുന്നു. വിജയ്, സൂര്യ, സത്യരാജ്, ശരത് കുമാർ എന്നിങ്ങനെ എത്രയെത്ര താരങ്ങൾ തങ്ങളുടെ കരിയറിന്റെ തുടക്കകാലത്ത് ക്യാപ്റ്റന്റെ നൻമയും സ്നേഹവും അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ്. ലാളിത്യം, സൗഹൃദം, കഠിനാധ്വാനം, കൃതജ്ഞത തുടങ്ങിയ ഗുണങ്ങൾ ഒത്തുചേർന്ന ഒരാളെ വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് വിജയകാന്തായിരിക്കുമെന്നും താൻ അദ്ദേഹത്തിന്റെ ദേഷ്യത്തിന്റെ കൂടി ആരാധകനാണെന്നും കമൽ ഹാസൻ പറഞ്ഞതും അതുകൊണ്ടൊക്കെയാണ്...

ഒടുവിൽ 2023 ഡിസംബർ 28ന് രാവിലെ 9 മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആ വലിയ ജീവിതം അവസാനിച്ചു. എങ്കിലും ക്യാപ്റ്റന്റെ കഥകൾ ഇവിടെ അവസാനിക്കുന്നില്ല...എത്രപറഞ്ഞാലും തീരാതെ അവയോരോന്നും നീണ്ടു കിടക്കുന്നു, കടൽ പോലെ...