Friday 01 February 2019 12:21 PM IST : By സ്വന്തം ലേഖകൻ

അണികളിലും ആരാധകരിലും ആശ്വാസമായി ക്യാപ്റ്റന്റെ ചിരി! വിജയകാന്തിന്റെ അമേരിക്കയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

vijay-new-1

ജയലളിതയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കായി എത്തിയ തമിഴ് സൂപ്പർസ്റ്റാർ വിജയകാന്തിന്റെ വിഡിയോ ആരാധകർ അത്ര വേഗം മറക്കാനിടയില്ല. ഇടം വലം രണ്ടു പേർ പിടിച്ചിരിക്കുന്ന, വിട്ടാൽ വേച്ചു വീഴാൻ തക്ക വണ്ണം ശരീരം പതറിപ്പോയ, രോഗത്തിന്റെ കാഠിന്യത്താല്‍ ദുർബലനായ ക്യാപ്റ്റൻ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കൊക്കെ തീരാ നൊമ്പരമായി. തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങി നിന്ന ക്യാപ്റ്റനെ പെട്ടെന്നൊരു ദിവസം ഇത്തരത്തിൽ കാണേണ്ടി വന്നതിന്റെ പകപ്പിലായിരുന്നു മിക്കവരും.

vijay-new-2

എന്നാൽ, രോഗത്തിന്റെ പിടിയിൽ നിന്ന് ക്യാപ്റ്റൻ മടങ്ങി വരുന്നതായാണ് പുതിയ വാർത്ത. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ അതിനു തെളിവാണ്. ഇത് ആരാധകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.

വിജയകാന്തിന്റെ 29 – ാം വിവാഹവാര്‍ഷികാഘോഷത്തിനിടെ പകർത്തിയതാണ് ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ. ഭാര്യ പ്രേമലതയ്ക്കും മകന്‍ ഷണ്‍മുഖ പാണ്ഡ്യനുമൊപ്പമുള്ള ഈ ചിത്രങ്ങളിൽ വളരെ സന്തോഷവാനായ, നിറ ചിരിയോടെയുള്ള ക്യാപ്റ്റനെയാണ് കാണാനാകുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് ചികിത്സയ്ക്കായി വിജയകാന്തിനെ അമേരിക്കയില്‍ കൊണ്ടുപോയത്. താരത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുടെ അണികള്‍ക്കോ ആരാധകര്‍ക്കോ കാര്യമായ അറിവില്ലായിരുന്നു.

തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വരെ ആയി രാഷ്ട്രീയ രംഗത്ത് മുന്നേറ്റം നടത്തിയ വിജയകാന്തിന് പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തിരിച്ചടി ഉണ്ടായെങ്കിലും ഇപ്പോഴും ദ്രാവിഡ മണ്ണിലെ നിര്‍ണായക കക്ഷി തന്നെയാണ് ഡിഎംഡികെ. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ വിജയകാന്ത് രോഗബാധിതനായത് പാര്‍ട്ടി അണികളെ വളരെയധികം നിരാശപ്പെടുത്തിയിരുന്നു. അത്തരം ആശങ്കകൾക്കൊക്കെ ഇതോടെ താൽകാലിക ശമനമായിട്ടുണ്ട്.