Tuesday 18 June 2019 09:46 AM IST : By ടി.ബി.ലാൽ

കരണം നോക്കി ആഞ്ഞടിച്ചു; പപ്പുവേട്ടന്റെ മുഖം ചുവന്നു തുടുത്തു; ‘ബ്രോണ’യെന്ന വിലാസിനി പറയുന്നു

vilasini

സത്യൻ അഭിനയിച്ച ചിത്രങ്ങളുടെ ഫൊട്ടോഗ്രഫുകൾ  സത്യൻ സ്മാരകത്തിന്റെ പൂമുഖത്തു തൂക്കിയിട്ടിരിക്കുന്നു. 1971 എന്ന വർഷത്തിനു താഴെ പതിച്ചിരുന്ന തന്റെ ചിത്രം വിലാസിനി ചൂണ്ടിക്കാട്ടി.. ‘48 വർഷങ്ങൾ പോയതറിഞ്ഞില്ല. ‘കുട്ട്യേടത്തി’യുടെ ചിത്രീകരണം ഇന്നലെയെന്നപോലെ മനസ്സിലുണ്ട്.’ വിലാസിനിയെന്ന നാടകനടിയെ കുട്ട്യേടത്തിയെന്ന സിനിമ ചലച്ചിത്രലോകത്തു പ്രശസ്തയാക്കി. സത്യൻ അവതരിപ്പിച്ച അപ്പുണ്ണിയെന്ന കല്ലുവെട്ടുകാരന്റെ നായിക മാളുവെന്ന കഥാപാത്രം. 

കുട്ട്യേടത്തിയാകുന്നു...

നേരത്തെ സത്യന്റെ കടൽപ്പാലം, ആൽമരം, തച്ചോളി ഒതേനൻ, പാലാട്ടുകോമൻ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്തിരുന്നു. എംടിയുടെ സ്ക്രിപ്റ്റിലൊരുങ്ങുന്ന പുതിയ സിനിമയിൽ നല്ലവേഷം കിട്ടുമെന്നു ഞങ്ങളുടെ മേക്കപ്പ് മാനായിരുന്ന രാഘവേട്ടനാണു പറഞ്ഞത്. എനിക്കു വിശ്വാസമായില്ല. അന്നെനിക്കു 2 മക്കളുണ്ട്. മാത്രമല്ല നായികയാവാൻ സൗന്ദര്യവും ചുറുചുറുക്കുമൊക്കെ വേണ്ടേ..?

അഭിനയം കാണാൻ എംടിയെത്തുന്നു

കോഴിക്കോട് ടൗൺഹാളിൽ ‘എംഎൽഎ’ എന്നൊരു നാടകം കളിച്ചു.  ഭ്രാന്തിയുടെ വേഷമാണ് എന്റേത്. ഇടവേളയായപ്പോൾ ഗ്രീൻ റൂമിലേക്കു 2 പേർ വന്നു. എംടിയും സംവിധായകൻ പി.എൻ.മേനോനും.  മേനോൻ സാറിനെ പരിചയമില്ല. അദ്ദേഹം തോളിൽ തട്ടി അഭിനയം അസ്സലായിട്ടുണ്ടെന്നു പറഞ്ഞു.

എന്റെ അഭിനയം കാണാനാണ് അവരെത്തിയതെന്നു പിന്നീടറിഞ്ഞു. പിന്നീട് എംടി വിളിപ്പിച്ചു. സിനിമയിൽ താൻ വിരൂപയാണ്. പല്ലൊക്കെ പൊങ്ങിയ സ്ത്രീ.. വിഷമമുണ്ടോ? എംടി ചോദിച്ചു. സത്യന്റെ കൂടെയാണെന്നറിഞ്ഞപ്പോൾ തന്നെ മനസ്സു തുള്ളിച്ചാടി. സൗന്ദര്യം പ്രശ്നമേയായില്ല. 

ബ്രോണ വിലാസിനിയായ കഥ

‘ബ്രോണ’യെന്നാണു ശരിയായ പേര്.  കലാരംഗത്ത് കൂടുതൽ  അവസരങ്ങൾ തേടിയാണു തൃശൂരിൽ നിന്നും കോഴിക്കോട്ടേക്കു മാറിയത്. അമച്വർ നാടകങ്ങളിൽ തിളങ്ങിയപ്പോൾ സിനിമയിൽ ചെറിയ വേഷങ്ങളിലേക്കു ക്ഷണം ലഭിച്ചു. അന്നു സ്ത്രീകൾ കലാരംഗത്തിറങ്ങാൻ മടിക്കുന്ന കാലമാണ്. പള്ളിയിൽ പോകാനോ കുമ്പസരിക്കാനോ അനുവാദമുണ്ടാകില്ല. നൃത്തം പഠിപ്പിച്ച കൊച്ചുകുട്ടൻ ആശാനാണു വിലാസിനിയെന്നു പേരുമാറ്റുന്നത്. 

പപ്പുവേട്ടനെ അടിച്ചത് ഇന്നും വേദന 

കുതിരവട്ടം പപ്പുവേട്ടൻ നാടകത്തിൽ സീനിയറായിരുന്നു. ‘കുട്ട്യേടത്തി’യിൽ മാവിൽ കയറുന്നതിനെ കളിയാക്കുന്ന പപ്പുവേട്ടന്റെ   കരണത്ത് ഞാൻ അടിക്കുന്ന സീനുണ്ട്. പല ടേക്കായിട്ടും ശരിയാകുന്നില്ല. പപ്പുവേട്ടനു നേർക്കു കൈയോങ്ങാനാവുന്നില്ല.

സംവിധായകനു ദേഷ്യമായി. അടുത്ത ടേക്കിൽ ഞാൻ ആഞ്ഞടിച്ചു. ചേട്ടന്റെ മുഖം ചുമന്നുതടി‍ച്ചു. ഞാൻ കരച്ചിലായി. പപ്പുവേട്ടൻ അടുത്തുവന്ന് ആശ്വസിപ്പിച്ചു. ‘കുഴപ്പമില്ല മോളേ, അവർ പറയുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യണം. എങ്കിലേ പിന്നീട് അവസരങ്ങൾ കിട്ടൂ.’ പപ്പുവേട്ടൻ അന്നു സിനിമയിൽ ഒന്നുമാകാത്ത കാലമാണ്.  

ജീവിതമിപ്പോൾ ...

പ്രായമായ അഭിനേത്രിമാർക്ക് ഇപ്പോൾ അവസരമില്ല. അവരെങ്ങനെ കഴിയുന്നുവെന്നും ആരും അന്വേഷിക്കാറില്ല. ‘അമ്മ’ 5000 രൂപ കൈനീട്ടം തരുന്നുണ്ട്. കലാകാര ക്ഷേമനിധിയിൽ നിന്നു 3000 രൂപയും. ഈ വരുമാനമാണ് ആശ്രയം.