Saturday 05 October 2019 04:39 PM IST

‘അച്ഛന്റെ ജീവിതവും എഴുത്തുമെല്ലാം എത്രയോ ഉയരെയാണ്; ഞങ്ങൾ എഴുതുകയല്ലല്ലോ, ഒപ്പിക്കുകയല്ലേ!’

Vijeesh Gopinath

Senior Sub Editor

1569663339618 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വഴക്കിടാതെ വളർന്ന ചേട്ടനും അനുജനുമാണെങ്കിലും, ‘താത്വികമായ ഒരവലോകനം നടത്തിയാൽ’ സന്ദേശത്തിലെ പ്രഭാകരനെയും പ്രകാശനെയും പോലെ സ്വഭാവത്തിൽ  ‘പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെന്നു മനസ്സിലാക്കാം.’  അച്ഛനെ പോലെ വിനീത് ഡ്രൈവിങ്ങിൽ ക്ലച്ചും ബ്രേക്കുമൊക്കെ തട്ടിമുട്ടി കണ്ടുപിടിച്ചപ്പോൾ ധ്യാൻ സൂപ്പർ ബൈക്കിന്റെ ആരാധകനാണ്. വിനീതിന്റെ കൂട്ടുകാരെ വിരലിലെണ്ണാമെങ്കിൽ ധ്യാൻ ‘കൂട്ടിന്റെ ആൾക്കൂട്ട’ത്തിലും. എങ്കിലും  സിനിമയെന്ന ‘അന്തർധാര’ സജീവമായിരുന്നു. തിരക്കഥ, സംവിധാനം, അഭിനയം... ഇതിലെല്ലാം ചേട്ടനും അനുജനും ഒരുമിച്ചെത്തി. 

ഒരു വീട്ടിൽ മൂന്നു പേരും സംവിധായകര്‍, തിരക്കഥാകൃത്തുക്കൾ, നടന്മാർ അല്ലേ?

വിനീത്: അതൊരു മോശം കാര്യമല്ലല്ലോ? മൂന്നു പേരും സംവിധായകർ എന്നൊക്കെ പറയുമ്പോൾ അച്ഛനും ഞങ്ങളും ഒരുപോലെയാണെന്ന് ആരെങ്കിലും ധരിക്കും. ഞങ്ങളുടെ എഴുത്തു രീതിയോ സംവിധാനമോ ഒന്നും  അച്ഛന്റേതുമായി താരതമ്യം  ചെയ്യാൻ പോലുമാകില്ല. അച്ഛന്റെ ജീവിതവും എഴുത്തുമെല്ലാം എത്രയോ ഉയരെയാണ്. ഞങ്ങൾ എഴുതുകയല്ലല്ലോ, ഒപ്പിക്കുകയല്ലേ...

ധ്യാൻ:  2002 മുതൽക്കാണ് അച്ഛൻ ചെന്നൈയിലെ വീട്ടിലേക്ക് സ്ഥിരമായി എത്തുന്നത്. അതിനു മുൻപൊക്കെ ഷൂട്ട് കഴിഞ്ഞ് ഏതാനും  ദിവസം  വന്നു നിൽക്കും. അന്നു പുറത്തു നിന്നു  ഭക്ഷണം കഴിക്കും. ചിലപ്പോൾ യാത്രകൾ പോകും. അക്കാലത്ത് അച്ഛനും ഞാനും തമ്മിൽ അത്ര അടുപ്പമേ ഉള്ളൂ.. മറ്റുള്ളവർ കാണുന്നതു പോലെ നടൻ, വലിയ എഴുത്തുകാരന‍്‍, സംവിധായകൻ ഈ ബഹുമാനത്തോടെയേ എനിക്കും അച്ഛനെ കാണാനായുള്ളൂ. ഭയം കലർന്ന അകൽച്ച കുട്ടിക്കാലത്തുണ്ടായിരുന്നു. പിന്നീട് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയതോടെയാണ് അച്ഛനോട് അടുക്കുന്നത്. പിന്നെ ഞങ്ങൾ വൈകീട്ട് കളിക്കാനൊക്കെ ഇറങ്ങുമായിരുന്നു.

വിനീത്: എനിക്കു പക്ഷേ, അച്ഛനോടായിരുന്നു കൂടുതൽ അടുപ്പം. കുട്ടിക്കാലത്തേ  വീട്ടിൽ ഞങ്ങൾ ഒാരോ വ്യക്തികൾ തന്നെയാണ്. അതിന്റെ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. വീട്ടിൽ ആരും ആരുടെ കാര്യത്തിലും ഇടപെടില്ല. ഇപ്പോഴും അങ്ങനെയാണ്. ഞാനും ധ്യാനും ഒരു വീട്ടിലുണ്ടെങ്കിലും കാണുന്നത് വല്ലപ്പോഴുമാകും. രണ്ടുപേരും രണ്ടു ലോകത്തായിരുന്നു. ധ്യാനിന്റെയും എന്റെയും ചങ്ങാതിമാരുടെ സ്വഭാവത്തിൽ പോലും  സാമ്യമില്ലായിരുന്നു.

ഞാൻ രാവിലെ വീട്ടിൽ നിന്നിറങ്ങും ധ്യാൻ വരുന്നത് രാത്രി വൈകിയായിരിക്കും. രണ്ടു ദിവസത്തിലൊരിക്കലൊക്കെയേ പരസ്പരം കാണൂ. കണ്ടാൽ തന്നെ സംസാരിക്കുന്നത് സിനിമ മാത്രമായിരിക്കും.  സിനിമയും തമാശയും ഒഴിച്ചു നിർത്തിയാൽ ഞങ്ങൾക്ക് പൊതുവായി സംസാരിക്കാൻ ഒന്നുമില്ല. ധ്യാൻ വാഹനങ്ങളോടൊക്കെ ക്രേസുള്ള ആളാണ്.  വീട്ടിലൊരു സൂപ്പർ ബൈക്കുമുണ്ട് പക്ഷേ, എത്ര പ്രാവശ്യം അത് ഒാടിച്ചെന്നു ചോദിക്കരുത്...

ഏട്ടനെ പോലെ പാടുമോ, പഠിക്കുമോ... ഇങ്ങനെയുള്ള താരതമ്യങ്ങൾ ധ്യാനിന് പാരയായിട്ടുണ്ടാകില്ലേ?

ധ്യാൻ: അതു ചെറുപ്പം മുതൽക്കേ ഉണ്ടായിട്ടുണ്ട്. അച്ഛനേ പോലെ എഴുതുമോ എന്നു വരെ ചോദിച്ചവരുണ്ട്.  സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ മാപ്പിളപ്പാട്ടിന് സംസ്ഥാനതലത്തിൽ ഏട്ടന് സമ്മാനം കിട്ടിയപ്പോൾ മുതലാണ് ‘വിനീതിനെ പോലെ പാടുമോ’ എന്നു കേട്ടു തുടങ്ങിയത്. പക്ഷേ, ചെന്നൈയിലേക്കു പോയപ്പോൾ ആ പ്രശ്നം ഇല്ലാതായി.

അച്ഛനും ചേട്ടനും പ്രശസ്തരായതിന്റെ ഗുണം ഞാനാണ് കൂടുതൽ അനുഭവിച്ചത്. എനിക്ക് എവിടെ വേണമെങ്കിലും എന്തു വേണമെങ്കിലും ചെയ്യാം. പ്രശസ്തി ഒരു തടസമായില്ല. ശ്രീനിവാസന്റെ മകൻ അല്ലെങ്കിൽ വിനീതിന്റെ അനുജൻ എന്ന പരിഗണന  ലഭിക്കുമെന്ന ഗുണവുമുണ്ടായിരുന്നു.

ചെന്നൈയിൽ എത്തിയതോടെ തലശ്ശേരിയിലെ രുചി, കൂട്ടുകാർ, ഒാണം ഇതൊക്കെ  നഷ്ടപ്പെട്ടോ?

വിനീത്: പത്താം ക്ലാസ്സു കഴിഞ്ഞാണ് ഞാൻ ചെന്നൈയിലേക്ക് പോകുന്നത്.  നാടും കൂട്ടുകാരെയും ഒക്കെ വിട്ട് അങ്ങോട്ടു താമസം മാറ്റാൻ എനിക്ക് ഒട്ടും താൽപര്യമുണ്ടായില്ല. അമ്മയും ധ്യാനും പിന്നീടാണ് വരുന്നത്. അന്നെനിക്ക് തമിഴ് അറിയില്ല. ഇംഗ്ലിഷ് തട്ടിമുട്ടി പറയും. അത്രയേയുള്ളു.

നാട്ടിൻപുറത്തു നിന്ന് ചെന്നൈയിലെത്തിയ എന്റെ  അവസ്ഥ ആദ്യകാലങ്ങളിൽ പരിതാപകരമായിരുന്നു. ആരോടും മിണ്ടാൻ പോലും പറ്റിയിരുന്നില്ല.  അപ്പോൾ തലശ്ശേരിയും ബിരിയാണിയും കടുത്ത നൊസ്റ്റാൾജിയ ആയിരുന്നു.  കോളജിൽ എത്തിയപ്പോഴാണ് സുഹൃത്തുക്കളായത്.

നാട്ടിൽ നിന്നു പോന്നതിനു ശേഷം ഒാണം അത്ര വലിയ ആഘോഷമൊന്നും ആയിരുന്നില്ല. കൂട്ടുകാരുടെ വീട്ടിൽ പോകും. അത്രയേയുള്ളൂ. വെക്കേഷനു നാട്ടിലെത്തുമ്പോൾ പിന്നെ, ബഹളമാണ്. നല്ല ഫൂഡടിക്കും. ആനന്ദിൽ പോയി മലയാള സിനിമകൾ കാണും. ഞങ്ങൾ രണ്ടുപേരുടെയും അവസ്ഥ ഇതു തന്നെയായിരുന്നു.

സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ സ്റ്റുഡിയോയിൽ ‘എൽ എ ഡി’യുടെ പശ്ചാത്തല സംഗീതം  ഒരുങ്ങുന്നു. ധ്യാൻ ഇടയ്ക്ക് അങ്ങോട്ട് ഒാടുന്നുണ്ട്.  കൂട്ടുകാർക്കിടയിൽ നിൽക്കുമ്പോൾ പരീക്ഷാ തലേന്ന് ഒാടിച്ചിട്ടു പുസ്തകം മറിച്ചു നോക്കുന്ന കുട്ടിയുടെ  മുഖമായിരുന്നു ധ്യാനിന്...

അച്ഛന്റെ സിനിമാ  ടെൻഷനുകൾ കണ്ടിട്ടുണ്ടോ?

വിനീത്:  അത്തരം ഒരു ടെൻഷനും ഞങ്ങളുടെ മുന്നിൽ  കാണിച്ചിട്ടില്ല. ചിലപ്പോഴൊക്കെ ലൊക്കേഷനിൽ കൊണ്ടുപോയിട്ടുണ്ടെന്നല്ലാതെ സിനിമയുടെ ഒരു കാര്യത്തിലും   ഇടപഴകുന്നത് ഞങ്ങൾ കുട്ടിക്കാലത്ത് കണ്ടിട്ടില്ല. സിനിമയുടെ കാര്യത്തിനായി വീട്ടിലേക്ക് വരുന്നവരും ചുരുക്കമായിരുന്നു. ലൊക്കേഷനിൽ നിന്നു വീട്ടിലെത്തുന്ന അച്ഛനെ മാത്രമേ ഞങ്ങൾക്ക് പരിചയമുണ്ടായിരുന്നുള്ളൂ.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ശേഷമാണ് സിനിമാ പ്രൊസസിങ് ഞങ്ങൾ കണ്ടു തുടങ്ങുന്നത്. ഉദയനാണ് താരത്തിന്റെ സമയത്ത് റോഷൻ ചേട്ടൻ (റോഷൻ ആൻഡ്രൂസ്) വീട്ടിൽ വരുന്നതും സ്ക്രിപ്റ്റ്  വായിക്കുന്നതുമെല്ലാം ഒാർമയുണ്ട്.  ‘കഥപറയുമ്പോൾ’ ആണ് അച്ഛനൊപ്പം ആദ്യമായി പ്രിവ്യൂ കണ്ട ചിത്രം. അതിന്റെ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് അന്ന് എല്ലാവർക്കും സംശയമുണ്ടായിരുന്നു. അത്രയും നീണ്ട ക്ലൈമാക്സ് പ്രേക്ഷകർ എങ്ങനെ എടുക്കും എന്നു പലരും ചോദിച്ചു. പക്ഷേ, ധ്യാന്‍ മാത്രം അത് ഗംഭീരമാണെന്നും ആളുകളെ കീഴടക്കുമെന്നും ഉറപ്പിച്ചു പറഞ്ഞു. ധ്യാനിന്റെ പിറന്നാളിന്റെ അന്നാണ് ആ സിനിമ റിലീസ് ചെയ്യുന്നത്.

Tags:
  • Celebrity Interview
  • Movies