Thursday 07 February 2019 02:55 PM IST : By സ്വന്തം ലേഖകൻ

വൈറസ് മോഷണം ? ചിത്രത്തിന് സ്‌റ്റേ

virus-new

ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ സ്റ്റേ ചെയ്ത് എറണാകുളം ജില്ലാ കോടതി. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതാണെന്ന ആരോപണവുമായി സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹർജിയിലാണ് നടപടി. കേസ് 16ന് വീണ്ടും പരിഗണിക്കും.

പകര്‍പ്പവകാശ ലംഘനം നടത്തി എന്നാതാണ് ഇപ്പോൾ ചിത്രം നേരിടുന്ന പ്രതിസന്ധി. ചിത്രത്തിന്റെ കഥയും ‘വൈറസ്’ എന്ന പേരും തന്റേതാണെന്ന് ഉദയ് അനന്തന്‍ ആരോപിക്കുന്നു. 2018ല്‍ ഇതേ പേരില്‍ താന്‍ ചിത്രം രജിസ്റ്റര്‍ ചെയ്തിരുന്നു എന്നും വൈറസ് എന്ന പേരില്‍ താന്‍ ഒരു നാടകം നിര്‍മ്മിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. അതാണ് ആഷിഖ് അബു സിനിമയാക്കുന്നതെന്നാണ് പ്രധാന ആരോപണം.

ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് സ്റ്റേ. ഇതര ഭാഷകളിലേക്കുള്ള ചിത്രത്തിന്റെ മൊഴിമാറ്റവും സ്റ്റേ ചെയ്തിട്ടുണ്ട്.

വൈറസിന്റെ ചിത്രീകരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ. ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, രേവതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താര നിരയാണ് ചിത്രത്തിനായി അണി നിരക്കുന്നത്. മുഹ്സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. രാജീവ് രവിയാണ് ഛായാഗ്രാഹകൻ.

വൈറ്റ്, പ്രണയകാലം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഉദയ് അനന്തൻ.