Thursday 23 May 2019 12:26 PM IST : By സ്വന്തം ലേഖകൻ

‘ഒരു സ്ത്രീയോടും മോശമായി പെരുമാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല’! മാപ്പ് പറഞ്ഞ് വിവേക് ഒബ്റോയ്

vivek-new

ഐശ്വര്യ റായിയെ അപമാനിക്കുന്ന ട്രോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതിന് മാപ്പ് പറഞ്ഞ് വിവേക് ഒബ്റോയ്.

ട്രോളിനും തനിക്കുമെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ട്രോള്‍ പിന്‍വലിച്ച് മാപ്പ് പറയാൻ ഒബ്റോയ് തയാറായത്. ‘ഒരാള്‍ക്ക് ഒറ്റ നോട്ടത്തില്‍ ആരേയും വേദനിപ്പിക്കാത്ത തമാശയാണെന്ന് തോന്നുന്നത് മറ്റുള്ളവര്‍ക്ക് അങ്ങനെയായിരിക്കില്ല. കഴിഞ്ഞ 10 വര്‍ഷവും 2000 ല്‍ പരം പാവപ്പെട്ട പെണ്‍കുട്ടികളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് ഞാന്‍ ചെലവഴിച്ചത്. ഒരു സ്ത്രീയോടും മോശമായി പെരുമാറുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് സാധിക്കില്ല’.– താരം ട്വിറ്ററിൽ കുറിച്ചു.

ഒരു സ്ത്രീയ്ക്കെങ്കിലും ട്രോള്‍ വേദനയുണ്ടാക്കിയെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നതായും വിവേക് കുറിച്ചു.

താൻ ഉൾപ്പടെയുള്ള ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് പങ്കുവച്ചത്.

ഇതിനെതിരെ നടി സോനം കപൂര്‍ ഉൾപ്പടെ നിരവധി പേർ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. വിവേകിന്റെ മീം വെറുപ്പുളവാക്കുന്നതാണെന്നായിരുന്നു സോനത്തിന്റെ ട്വീറ്റ്.