ആര്യയ്ക്കു മുൻപേ, അമ്മയ്ക്കു വേണ്ടി ‘യേസ്’ പറഞ്ഞ് ഖുഷി: സിബിൻ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് താരം
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ.
രണ്ടാമതൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ ഇഷ്ടത്തിനല്ല, മറിച്ച് മകളുടെ ഇഷ്ടത്തിനാണ് മുൻഗണന കൊടുത്തതെന്ന് ആര്യ പറഞ്ഞിരുന്നു.
ഇപ്പോഴിതാ, വിവാഹത്തിന് മുൻപ് സിബിൻ മോതിരം നൽകി പ്രൊപ്പോസ് ചെയ്ത വിഡിയോ പങ്കുവച്ചിരിക്കുകയാണ് ആര്യ. കഴിഞ്ഞ പിറന്നാൾ ദിനത്തിലാണ് സിബിൻ ബെഞ്ചമിൻ ആര്യയെ പ്രൊപ്പോസ് ചെയ്തത്. അടുത്ത കൂട്ടുകാരും മകളും സാക്ഷിയായിരുന്നു. ആര്യ യെസ് പറയും മുമ്പ് മകള്‍ ഖുഷിയാണ് ഉച്ചത്തില്‍ യെസ് പറഞ്ഞത്. തന്നെ വിവാഹം ചെയ്യാമോ എന്നു സിബിൻ ചോദിച്ചപ്പോൾ ആര്യ മറുപടിയായി ‘അതെ’ എന്നു പറയുന്നതും വിഡിയോയിൽ കാണാം.
‘2024 സെപ്റ്റംബര്‍ 17-ന് എന്റെ ഫ്‌ളാറ്റിന്റെ വാതിലും തുറന്ന് ഞാന്‍ ഉള്ളിലേക്ക് നടന്നു വരുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലേക്ക് ഞാന്‍ പ്രവേശിക്കുകയാണെന്ന് ഒരിക്കല്‍പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എല്ലാ വര്‍ഷവും എനിക്ക് ലഭിക്കാറുള്ളതുപോലെ ഒരു സാധാരണ സര്‍പ്രൈസ് പിറന്നാൾ പാര്‍ട്ടി ആയിരിക്കും, അല്ലാതെ അതിന് അപ്പുറത്തേക്ക് എന്തെങ്കിലും അവിടെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയിട്ടേയില്ല. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യം കൂടി അന്ന് സംഭവിച്ചു’.– വിഡിയോയ്ക്കൊപ്പം ആര്യ കുറിച്ചു.