‘നഷ്ടപ്പെട്ടത് ഒന്നും നമ്മുടേതല്ല, അമ്മ സങ്കടപ്പെട്ടാൽ മോനും സങ്കടം ആകും’: വീണയ്ക്ക് പിന്തുണയുമായി ആരാധകർ
നടി വീണ നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പും വിഡിയോയുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ‘നമ്മളെല്ലാവരും രണ്ട് ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്. ഒന്ന്, മിഥ്യാബിംബം, മറ്റേത് നമ്മുടെ യഥാർത്ഥ സ്വത്വം. എന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു. ഞാൻ നിങ്ങളെയെല്ലാവരെയും സ്നേഹിക്കുന്നു. ‘ലോകഃ സമസ്തഃ സുഖിനോ ഭവന്തു’ എന്നാണ് വിഷാദമായ മുഖത്തോടെ യാത്രചെയ്യുന്ന തന്റെ വിഡിയോയ്ക്കൊപ്പം വീണ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
താരത്തിന്റെ മുൻ പങ്കാളിയും നർത്തകനും ആർ ജെയുമായ അമൻ ഭൈമി വീണ്ടും വിവാഹിതനായതിനു പിന്നാലെയാണ് വീണ ഈ കുറിപ്പിട്ടതെന്നതിനാൽ അതുമായി ചേർത്തുവച്ചാണ് വീണയുടെ കുറിപ്പ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. പിന്നാലെ, താരത്തെ പിന്തുണച്ച് നിരവധിയാളുകളാണ് കമന്റുകളുമായി എത്തിയത്.
‘നഷ്ടപ്പെട്ടത് ഒന്നും നമ്മുടേതല്ല. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട, ആഗ്രഹിച്ചതിലും കൂടുതൽ നല്ല ജീവിതം ഈശ്വരൻ താങ്കൾക്കായി ഒരുക്കി വച്ചിരിക്കുന്നു. അതിനായി കാത്തിരിക്കൂ, ഉടനെ അത് നടക്കും. അമ്മ സങ്കടപ്പെട്ടാൽ മോനും സങ്കടം ആകും. ഓർക്കുക. എല്ലാ നന്മകളും ഉണ്ടാവും വീണ നോക്കിക്കോ, ഞാനും ഒരു അനുഭവസ്ഥ’ എന്നാണ് ഒരാൾ കമന്റിട്ടത്.
‘ഇതെല്ലാം കാണുന്നവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം ചേച്ചി. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം കൂടെ ഉള്ളടത്തോളം ആരുടെ മുന്നിൽ തോൽക്കില്ല’ എന്നാണ് മറ്റൊരാളുടെ കമൻറ്.
‘ജീവിതം ഒന്നെ ഉള്ളൂ . അത് സന്തോഷമായി ജീവിക്കണം വീണമ്മ. വീണയെ ജീവനെ പോലെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആൾക്കാരുണ്ട്. നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒരാൾ ജീവിതത്തിൽ നിന്ന് പോയി. അങ്ങനെ ചിന്തിക്ക്. എല്ലാം ശരിയാവും. എന്നും കട്ട സപ്പോർട്ടായി കൂടെ ഉണ്ടാവും’.– മറ്റൊരു കമന്റിങ്ങനെ.
കഴിഞ്ഞ ദിവസമാണ് വീണ നായരുടെ മുൻ മുൻ ഭർത്താവ് അമൻ ഭൈമിയും റീബ റോയിയും വിവാഹിതരായത്.