ചെറുപ്പം മുതൽ രൂപത്തിന്റെയും നിറത്തിന്റെയും പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ടുണ്ടെന്ന് നടനും നടൻ സലിം കുമാറിന്റെ മകനുമായ ചന്തു സലിം കുമാർ. ആദ്യമായി തന്നെ കാണാൻ കൊള്ളാം എന്നു പറഞ്ഞത് പ്രണയിച്ച കുട്ടിയായിരുന്നുവെന്നും അവൾ നൽകിയ ആത്മവിശ്വാസം വലുതായിരുന്നുവെന്നും ചന്തു.

‘ചെറുപ്പത്തില്‍ രൂപത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. കാണാന്‍ കൊള്ളില്ല എന്നു കേട്ടു വളര്‍ന്നതിനാൽ നടനാകാന്‍ കഴിയില്ലെന്നാണു കരുതിയത്. നടനാകാന്‍ സൗന്ദര്യം വേണം എന്നൊരു ചിന്തയുണ്ട്. നടനാകണമെന്നു പറയുമ്പോള്‍ തമിഴ് സിനിമയില്‍ ഭാവിയുണ്ടെന്നാണ് പറയുക, അതു ഞാന്‍ രക്ഷപ്പെടണം എന്നു കരുതി പറയുന്നതല്ല. കറുത്തവനാണ്, കറുത്തവര്‍ തമിഴ് സിനിമയിലാണു വരേണ്ടതെന്ന പൊതുബോധത്തിന്റെ ഭാഗമാണ്.

ADVERTISEMENT

ഇത്തരം കാര്യങ്ങളിലൂടെ വളര്‍ന്നു വന്നതിനാൽ നടനാകാന്‍ പറ്റും എന്നൊരു ചിന്തയുണ്ടായിരുന്നില്ല. കണ്ണാടിയിലൊക്കെ നോക്കി അഭിനയിച്ചു നോക്കുമ്പോഴും എനിക്കു തൃപ്തി ലഭിച്ചിരുന്നില്ല. എങ്ങനെയൊക്കെ കരഞ്ഞാലും കാണാന്‍ കൊള്ളില്ല. എനിക്ക് എന്നെ കാണാന്‍ ഇഷ്ടമല്ലാതായി. അങ്ങനൊരു ഘട്ടത്തിലാണ് കോളജില്‍ വച്ച് ആദ്യമായൊരു പ്രണയമുണ്ടാകുന്നത്. ആദ്യമായി എന്നെ കാണാന്‍ കൊള്ളാം എന്നു പറയുന്നത് ആ കുട്ടിയാണ്. അതു കേട്ടപ്പോള്‍ ആത്മവിശ്വാസം തോന്നി. പ്രണയിക്കുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ കൊള്ളാമെന്നു പറയുമല്ലോ. എങ്കിലും അതൊരു ആത്മവിശ്വാസം നല്‍കി. സിനിമയില്‍ അഭിനയിച്ചാല്‍ നന്നാകുമെന്ന് ആദ്യമായി പറയുന്നത് ആ കുട്ടിയാണ്.

കോളജില്‍ പഠിക്കുമ്പോള്‍ എന്റെ ആഗ്രഹം ഓസ്‌കര്‍ വാങ്ങണമെന്നായിരുന്നു. അതിനായി സ്‌ക്രീന്‍ റൈറ്റിങ് പഠിക്കാനാണ് ലിറ്ററേച്ചര്‍ എടുത്തതെന്നാണ് പറഞ്ഞിരുന്നത്. സാധാരണ ഞാന്‍ ഓസ്‌കര്‍ എന്നു പറയുമ്പോള്‍ എല്ലാവരും ചിരിക്കും. പക്ഷേ, ആ കുട്ടി മാത്രം ചിരിച്ചില്ല. ഒരു ദിവസം കിട്ടും എന്നൊരു വിശ്വാസം തന്നു. എന്റെ ജീവിതത്തില്‍ അമ്മയ്ക്കു ശേഷം എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ആ കുട്ടി’.– ദി ക്യൂ സ്റ്റുഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ ചന്തു പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT