ഫോട്ടോ എടുക്കാൻ എത്തിയ കുഞ്ഞ് ആരാധികയെ അവഗണിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി നടിയും നർത്തകിയുമായ നവ്യ നായർ. യഥാർഥത്തിൽ സംഭവിച്ച കാര്യം എന്താണെന്ന് അറിയാമായിരുന്നിട്ടും വിഡിയോ പകർത്തിയ യുട്യൂബ് ചാനൽ അതു മറച്ചുവച്ച് അവർക്ക് കാഴ്ചക്കാരെ കിട്ടുന്ന തരത്തിലുള്ള കണ്ടന്റാണ് ഇട്ടതെന്നു താരം. വിവാദ വിഡിയോയിലെ കുഞ്ഞ് ആരാധികയ്ക്കും അമ്മയ്ക്കും ഒപ്പമായിരുന്നു നവ്യയുടെ പ്രതികരണം. നവ്യയുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്നും അന്ന് ഫോട്ടോ എടുത്തിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി.

‘മാഡത്തിന്റെ ഭാഗത്തു നിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ല. ഫോട്ടോ എടുക്കാൻ മോൾ ചെന്നപ്പോൾ ഒരുമിച്ചു ഫോട്ടോ എടുക്കാം അതായത് ഗ്രൂപ്പ് ആയി ഫോട്ടോ എടുക്കാം എന്നു മാത്രമാണ് പറഞ്ഞത്. മോൾ ഫോട്ടോ എടുക്കുകയും ചെയ്തു. ആ വിഷയത്തിൽ ഒരു വിവാദം വന്നപ്പോൾ എന്റെ കസിൻ ആണ് വിളിച്ചു പറഞ്ഞത്. ആ വിഡിയോയ്ക്ക് ഞാനൊരു കമന്റിടുകയും ചെയ്തിരുന്നു. മാഡത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്ന് പറയുകയും ചെയ്തിരുന്നു’.– പെൺകുട്ടിയുടെ അമ്മ പറയുന്നു.

ADVERTISEMENT

‘ഇവർക്കൊക്കെ എതിരേ ഒന്നും പറയണം എന്ന് കരുതിയതല്ല.. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മാത്രം…ഓൺലൈൻ ആൾക്കാർ സോറി പറഞ്ഞു .. ആ വീഡിയോ ഡിലീറ്റ് ആക്കുകയും ചെയ്തു, പക്ഷെ റിയാക്ഷൻ വീഡിയോസ് ഇപ്പോഴും നടക്കുകയാണ്...’.– വിഡിയോയ്ക്കൊപ്പം നവ്യ കുറിച്ചതിങ്ങനെ.

‘നവ്യേ.. എന്താണിത്ര ജാ‍ഡ കാണിച്ചേ എന്നു ചോദിച്ചാൽ എനിക്കു തീർച്ചയായിട്ടും മനസ്സിലാകും. കാരണം റിയാലിറ്റി നിങ്ങൾ ഓഡിയൻസും അറിയുന്നില്ല. പക്ഷേ, ഇവർ ഡാൻസ് കളിച്ചു നിൽക്കുമ്പോൾ ഇവരുടെ കാലൊടിഞ്ഞു പോകട്ടെ എന്നൊക്കെ പറയുമ്പോൾ വളരെ വേദന തോന്നും. എപ്പോഴും എല്ലാത്തിനും രണ്ടു വശം കാണും. നിങ്ങൾക്കു തന്നെ എത്ര കാലമായി സോഷ്യൽ മീഡിയ അറിയാം. ‘വീ കവർ മീഡിയ’യെ എനിക്ക് അറിയില്ല. എന്താണ് സംഭവിച്ചതെന്ന് അവർ കണ്ടുകൊണ്ട് നിൽക്കുകയാണ്. ഇവരുടെ ഉള്ളിലുള്ള ഈ ദുഷിപ്പിനെ എനിക്കു നേരെയാക്കാൻ കഴിയില്ല. അവരെ സംബന്ധിച്ചിടത്തോളം അവർക്ക് വ്യൂസ് മാത്രം മതി. ഒന്നര മില്യൻ ആളുകൾ കണ്ടു. പറയാവുന്നതിന് അപ്പുറം എന്നെ പറഞ്ഞു. ഇത്രയും കുതന്ത്രങ്ങൾ ഉപയോഗിച്ച് ആളുകളെ നശിപ്പിക്കുന്നത് നല്ലതല്ല’.– നവ്യ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT