പൃഥ്വിരാജ് – ബ്ലെസി ചിത്രം ‘ആടുജീവിതം’ 50 കോടി ക്ലബില്‍. മലയാളത്തില്‍ വേഗത്തില്‍ 50 കോടി ക്ലബിലെത്തിയ സിനിമ എന്ന റെക്കോര്‍ഡ് ഇതോടെ ആടുജീവിതത്തിന്റെ പേരിലായി. റിലീസായി നാല് ദിവസത്തിലാണ് ഈ നേട്ടം. സംവിധായകനായി പൃഥ്വിരാജ് അരങ്ങേറിയ മോഹൻലാല്‍ ചിത്രം ലൂസിഫറിന്റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്.
അതേസമയം, ‘ആടുജീവിതം’ സിനിമയുടെ ബജറ്റ് 82 കോടിയെന്ന് ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തില്‍ സംവിധായകൻ ബ്ലെസി വെളിപ്പെടുത്തി.
കോവിഡ‍് അടക്കമുള്ള പ്രതിസന്ധികളാൽ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഇത്രയും ഉയരാന്‍ കാരണമെന്നും അന്യ ഭാഷകളിലും ചിത്രം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇത്രയും വലിയ കാന്‍വാസില്‍ ഒരു ചിത്രം ചെയ്യാന്‍ ധൈര്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷ്വൽ റൊമാൻസ് ഉൾപ്പടെ അഞ്ച് കമ്പനികൾ ചേർന്നാണ് ‘ആടുജീവിതം’ നിർമിച്ചിരിക്കുന്നത്. ആൾട ഗ്ലോബൽ മീഡിയ, ഇമേജ് മേക്കേർസ്, ജെറ്റ് മീഡിയ പ്രൊഡക്‌ഷൻസ്, കെജിഎ ഫിലിംസ് എന്നിവയാണ് സിനിമയോട് സഹകരിച്ച മറ്റ് നിർമാണക്കമ്പനികൾ. സംവിധായകൻ ബ്ലെസി, സിനിമയിൽ ഇബ്രാഹിം ആയി അഭിനയിച്ച ജിമ്മി ജീൻ ലൂയിസ് എന്നിവരും നിർമാണ പങ്കാളികളാണ്. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണത്തിന് കഴിഞ്ഞ വർഷം ജൂലൈ 14നാണ് സമാപനമായത്.