Tuesday 13 February 2024 11:48 AM IST : By സ്വന്തം ലേഖകൻ

പ്രതിസന്ധികള്‍ താണ്ടി ‘ആടുജീവിതം’ എന്ന സ്വപ്നത്തിലേക്കുള്ള യാത്ര: ഡോക്യുമെന്ററി വിഡിയോ ശ്രദ്ധേയമാകുന്നു

aadujeevitham

കോവിഡ് കാലത്തെ നിരവധി പ്രതിസന്ധികളെ താണ്ടിയാണ് മലയാള സിനിമയിലെ സ്വപ്നപദ്ധതികളിലൊന്നായ ‘ആടുജീവിതം’ ചിത്രീകരണത്തിന്റെ ഒരു പ്രധാന ഘട്ടം പൂർത്തിയാക്കിയത്. ബെന്യാമിന്റെ ഇതേ പേരിലുള്ള പ്രശസ്ത നോവലാണ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സ്ക്രീനിലെത്തിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടെ, അണിയപ്രവർത്തകര്‍ക്ക് നേരിടേണ്ടി വന്നത് ‘ആടുജീവിതം’ നോവലിലെ അതിജീവന കഥയ്ക്ക് സമാനമായ അനുഭവങ്ങളാണ്. ഇപ്പോഴിതാ, ആ സംഭവങ്ങളുടെ ഓർമകൾ ഡോക്യുമെന്ററി വിഡിയോയായി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കോവിഡ് കാലത്ത്, ജോർദാനിൽ ഏതാണ്ട് അറുപത് ദിവസത്തോളമാണ് സംവിധായകൻ ബ്ലെസിയും പൃഥ്വിരാജും അടക്കമുള്ളവർ കുടുങ്ങിയത്. 30 കിലോയോളം പൃഥ്വിരാജ് ഭാരം കുറച്ച് നിൽക്കുന്ന അവസ്ഥയിലായിരുന്നു അന്ന്. അതിനാൽ ചിത്രീകരണം മാറ്റുകയോ നീട്ടിവച്ചാലോ താൻ വീണ്ടും ആ അവസ്ഥയിലേക്ക് മാറേണ്ടതുണ്ടെന്നതാണ് സംവിധായകന് പ്രധാന വെല്ലുവിളിയായിരുന്നത് എന്ന് പൃഥ്വിരാജ് വിഡിയോയിൽ പറയുന്നു.

കോവിഡ് പ്രഖ്യാപിച്ചതിനുശേഷം എല്ലാ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ലൊക്കേഷനിലേക്ക് കൊണ്ടുവരികയും അവിടെ താമസിപ്പിക്കുകയും ചെയ്തു. ലൊക്കേഷനിൽ ഇന്ത്യക്കാർക്കൊപ്പം ജോർദാനിൽ നിന്നുമുള്ള അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു.

എല്ലാ ദിവസവും വൈകിട്ട് എല്ലാവരും കൂടി ചേർന്ന് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ആർട്ട് വിഭാഗം ക്രിക്കറ്റ് കളിക്കാൻ വേണ്ട ബാറ്റും ഹവായി ചപ്പൽ കൊണ്ട് ബോളും ഉണ്ടാക്കി.

ദുഃഖവെള്ളി, വിഷു തുടങ്ങിയ ആഘോഷങ്ങളിൽ നിന്നും അവർ വിട്ടു നിന്നില്ല. ദുഃഖവെള്ളിക്ക് യേശുവിനെ പോലെ ഒരുങ്ങി കുരിശിന്റെ വഴിയെ പോലെ പരമ്പരാഗത രീതിയിലുള്ള ചടങ്ങുകൾ നടത്തി. വിഷുവിന് കണിക്കൊന്നയ്ക്ക് പകരം പേപ്പർ ഉപയോഗിച്ച് കണിക്കൊന്ന തീർത്ത് കണിയൊരുക്കി. എല്ലാവർക്കും മാനസിക പിന്തുണയുമായി മോഹൻലാൽ ഫോണിൽ സംസാരിച്ചു.