Thursday 25 November 2021 10:20 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങൾക്കും ഒരു വ്യക്തി ജീവിതമുണ്ട്, ദയവായി ഈ പ്രചരണങ്ങൾ അവസാനിപ്പിക്കൂ’: പ്രതികരണവുമായി ആര്യ

arya

മലയാളികളുടെ പ്രിയ നടിയും അവതാരകയുമാണ് ആര്യ. ഇപ്പോഴിതാ, തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

‘ചില ഓൺലൈൻ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ജോലി എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ് വാർത്തയായി പ്രചരിക്കുന്നത്. അതൊക്കെ എന്നെയും എന്റെ അടുത്ത ബന്ധുക്കളെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം വാർത്തകളുടെ സ്‌ക്രീൻഷോട്ടുകൾ അയച്ച് ചോദ്യം ചെയ്തും പരിഹസിച്ച് കൊണ്ടും ആളുകൾ എത്തുന്നത് വളരെയധികം ശ്വാസം മുട്ടിക്കുകയാണ്. എല്ലാവരെയും സംബന്ധിച്ച് ഇത് വളരെയധികം സെൻസിറ്റീവായ കാര്യമാണെന്ന് മനസിലാക്കണം. കാരണം ഇത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്.

എന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഞാൻ എല്ലായിപ്പോഴും വളരെ ഓപ്പൺ ആയിട്ടുള്ള ആളാണ്. എവിടെയാണ് അതിന്റെ പരിമിതി വെക്കേണ്ടത് എന്നെനിക്ക് നന്നായി അറിയാം. എന്തെങ്കിലും കാര്യം പറയാൻ ഉണ്ടെങ്കിൽ അത് നേരിട്ട് തന്നെ വന്ന് പറയുകയാണ് ഞാൻ ചെയ്യാറുള്ളത്. അതിന് വേണ്ടി മറ്റ് മാധ്യമങ്ങളൊന്നും എനിക്ക് ആവശ്യമായി വരാറില്ല. ഇത്തരം അസംബന്ധം പറഞ്ഞ് സന്തോഷം കണ്ടെത്തുന്ന ചില ഓൺലൈൻ പോർട്ടലുകളോടും മറ്റ് ആളുകളോടും ദയവ് ചെയ്ത് നിർത്തണെന്ന് പറയുകയാണ്.

ഇതിൽ ഒത്തിരിയധികം ആളുകളുടെ പേരുകൾ കൂടി ഉൾപ്പെട്ടിരിക്കുകയാണിപ്പോൾ. ഞങ്ങൾക്കും ഒരു വ്യക്തി ജീവിതം ഉണ്ടെന്ന കാര്യം എല്ലാവരും ഒന്ന് മനസിലാക്കണം. ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ദയവ് ചെയ്ത് അവസാനിപ്പിക്കൂ. ഇനി എനിക്ക് എന്തെങ്കിലും നേരിട്ട് പറയാൻ ഉണ്ടെങ്കിൽ അത് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഞാൻ തന്നെ നേരിട്ട് വന്ന് നിങ്ങളോട് പറയുന്നതായിരിക്കും. അതുകൊണ്ട് ഇപ്പോൾ ഞങ്ങളെ ഒന്ന് വെറുതേ വിട്ടേക്ക്…’.– ആര്യ കുറിച്ചു.