Tuesday 19 October 2021 10:12 AM IST : By സ്വന്തം ലേഖകൻ

‘എടീ, നീ എന്നൊക്കെ വിളിക്കാനും എന്റെ കാറ് തല്ലിപ്പൊളിക്കാനും ആരാണ് അവർക്ക് അനുവാദം നൽകിയത്’: വിവാദങ്ങളെക്കുറിച്ച് ഗായത്രി സുരേഷ്

gayathri

വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷിന്റെ ഒരു വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി സഞ്ചരിച്ച കാർ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വിഡിയോയിൽ‌ ഉള്ളത്. തുടർന്ന് വിഡിയോയിൽ വിശദീകരണവുമായി താരം രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ, കാക്കനാട് സംഭവിച്ച അപകടത്തെക്കുറിച്ചും അതിനു ശേഷമുണ്ടായ വിവാദങ്ങളെക്കുറിച്ചും ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞതാണ് ശ്രദ്ധേയം.

‘ടെൻഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവർ ഉപയോഗിച്ച ഭാഷ കേൾക്കണം. സത്യത്തിൽ അപകടത്തിൽ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. ബാക്കി തകർത്തത് ആളുകൾ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറിൽ ചവിട്ടി, ഇടിച്ചു.

ഇതൊന്നും ഞാൻ പൊലീസിനോടു പറയാൻ പോയില്ല. കാരണം ഇതൊരു വലിയ പ്രശ്നമാക്കേണ്ട എന്നുകരുതി. അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്. ഇങ്ങനെയൊരു അപകടം നടന്നാൽ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയിൽ ഉള്ളതെങ്കിൽ ഇങ്ങനെ വിഡിയോ എടുക്കുമോ ?

അതിനുപകരം ഒരു മനഃസാക്ഷിയുമില്ലാതെ വിഡിയോ എടുത്ത് അത് പാട്ടാക്കുക. നമ്മുടെ നാട്ടിലെ ആളുകൾ ഇങ്ങനെയാണോ? നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. അവിെടയുള്ള ആളുകളുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെ മോശമായി പറഞ്ഞു. പൊലീസുകാർ വന്നിട്ട് നിങ്ങൾ പോയാൽ മതിയെന്ന് പറഞ്ഞ് മാന്യമായി ഞങ്ങളോട് ഇടപെടാമായിരുന്നു.

എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവർക്ക് അനുവാദം നൽകിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ ഞാൻ ഓർക്കുന്നത്’.– ഗായത്രി പറയുന്നു.

വിഡിയോ –