Monday 15 January 2024 11:40 AM IST : By സ്വന്തം ലേഖകൻ

‘ഒരുപാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരു’: ഹരീഷ് പേരടിയുടെ കുറിപ്പ്

hareesh

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ‘മലൈക്കോട്ടൈ വാലിബൻ’.

ഇപ്പോഴിതാ, ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

‘കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നിൽക്കുന്ന നിമിഷങ്ങൾ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്...മനോഹര മുഹൂർത്തങ്ങളാണ്...അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും..അനാവശ്യ ഉപദേശങ്ങളില്ല...അനുഭവങ്ങളുടെ വീമ്പിളക്കമില്ല...ഇങ്ങിനെപോയാൽ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാർഗനിർദേശങ്ങളില്ല...ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല...പകരം എന്നെക്കാൾ വലിയവർ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് നമ്മളിൽ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും...പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാൾമാറും...നമ്മളിൽ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മൾ അറിയും...നമ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ എന്ന്....മോഹൻലാൽ സാർ... പ്രിയപ്പെട്ട ലാലേട്ടൻ..’.– ഹരീഷ് കുറിച്ചു.

ചിത്രത്തിന്റെ ടീസർ ഇതിനോടകം ഹിറ്റാണ്. ടീസറിലെ, ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്... നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം...’ എന്ന മോഹൻലാലിന്റെ ഡയലോഗും വൈറലായി.

2024 ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്തുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി.എസ്. റഫീക്കാണ്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും മലൈക്കോട്ടൈ വാലിബന്റെ നിർമ്മാണ പങ്കാളികളാണ്.